ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ശ്രീകാന്ത്, സായ്, സിന്ധു, സൈന രണ്ടാം റൗണ്ടില്‍

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിജയത്തുടക്കം. ശ്രീകാന്ത്, സായ്, സിന്ധു, സൈന എന്നിവര്‍ ആദ്യ റൗണ്ടില്‍ വിജയം കണ്ടു. എന്നാല്‍ അജയ് ജയറാം, എച്ച്എസ് പ്രണോയ്, പി കശ്യപ് എന്നിവര്‍ പുറത്തായത് ഇന്ത്യയ്ക്ക് നിരാശ സമ്മാനിച്ചു.

ഇന്തോനേഷ്യന്‍ ഓപ്പണ്‍ കിരീടവിജയത്തിന്റെ തിളക്കവുമായെത്തിയ കെ ശ്രീകാന്ത് ചൈനയുടെ കാന്‍ ചോ യുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്തു. സ്‌കോര്‍ 21-13, 21-16. സിംഗപ്പൂര്‍ ഓപ്പണ്‍ ചാമ്പ്യനായ സായ് പ്രണീത് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍തോയെ പരാജയപ്പെടുത്തിയത് (10-21, 21-12, 21-10). അടുത്ത റൗണ്ടില്‍ ശ്രീകാന്ത് കൊറിയയുടെ സണ്‍ വാന്‍ ഹോയെയും സായ് ചൈനയുടെ ഹുവാങ് യുസിയാങിനെയും നേരിടും.

വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യനായ സൈന നെഹ്‌വാള്‍ നാലം സീഡ് കൊറിയയുടെ സുങ് ജി ഹുയിനെ അനായാസം മറികടന്നു. (21-10, 21-16). റിയോ ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേത്രിയായ പിവി സിന്ധു ഇന്തോനേഷ്യന്‍ ഓപ്പണ്‍ സീരീസ് ചാമ്പ്യനായ ജപ്പാന്റെ സയാക സാതോയെ പൊരുതിത്തോല്‍പ്പിച്ചു. സ്‌കോര്‍ (21-17, 14-21, 21-18). മത്സരം ഒരുമണിക്കൂറും അഞ്ച് മിനിട്ടും നീണ്ടുനിന്നു.

അതേസമയം, കഴിഞ്ഞയാഴ്ച അവസാനിച്ച ഇന്തോനേഷ്യന്‍ ഓപ്പണില്‍ മികച്ച പ്രകടനം നടത്തിയ എച്ച്എസ് പ്രണോയിക്ക് ആദ്യ റൗണ്ടില്‍ത്തന്നെ തോല്‍വി നേരിട്ടു. ഇംഗ്ലണ്ടിന്റെ രാജീവ് ഓസേപ്പിനോടാണ് പ്രണോയ് തോറ്റത് (19-21, 13-21). ഇന്തോനേഷ്യന്‍ ഓപ്പണില്‍ പ്രണോയ് സെമിയിലെത്തിയിരുന്നു. മറ്റ് മത്സരങ്ങളില്‍ അജയ് ജയറാം ഹോങ്കോങിന്റെ ലോങ് ആഗ്നസിനോടും (21-14, 10-21, 9-21) പരിക്കില്‍ നിന്ന് മോചിതനായെത്തിയ പി കശ്യപ് കൊറിയയുടെ സണ്‍ വാന്‍ ഹോവിനോടും (18-21, 21-14, 15-21) സിറില്‍ വര്‍മ ഡെന്‍മാര്‍ക്കിന്റെ ഹാന്‍സ് ക്രിസ്റ്റനോടും (16-21, 8-21) പരാജയപ്പെട്ടു.

DONT MISS
Top