ഗുണനിലവാരമില്ല; പതഞ്ജലിയുടെ ആറ് ഉത്പന്നങ്ങള്‍ ഉടന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കണമെന്ന് നിര്‍ദ്ദേശം

രാംദേവ്

കാഠ്മണ്ഡു: ഗുണനിലവാരമില്ലെന്ന് വ്യക്തമായതോടെ പതഞ്ജലിയുടെ ആറ് ഉത്പന്നങ്ങള്‍ ഉടന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കണമെന്ന് നിര്‍ദ്ദേശം, നേപ്പാള്‍ ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗമാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. പതഞ്ജലിയുടെ ആറ് മെഡിക്കല്‍ ഉത്പന്നങ്ങള്‍ പിന്‍വലിക്കണമെന്നാണ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കി.

ഉത്തരാഖണ്ഡിലെ ദിവ്യ ഫാര്‍മസിയിലാണ് മരുന്നുകള്‍ നിര്‍മ്മിച്ചത്. ഗുണമേന്മ സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മരുന്നുകള്‍ മൈക്രോബിയല്‍ ടെസ്റ്റിന് വിധേയമാക്കിയിരുന്നു. പരിശോധനാ ഫലം പുറത്തു വന്നതോടെ മരുന്നുകള്‍ ഗുണമേന്മ കുറഞ്ഞവയാണെന്ന് വ്യക്തമായി. തുടര്‍ന്നാണ് ഉടന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കണമെന്ന് ചൂണ്ടിക്കാട്ടി നേപ്പാള്‍ ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം നിര്‍ദ്ദേശം നല്‍കിയത്. പതഞ്ജലിയുടെ നേപ്പാളിലുള്ള ആയുര്‍വേദ യൂണിറ്റിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസ് കൈപ്പറ്റിയിട്ടും കാഠ്മണ്ഡുവിലെ പതഞ്ജലി ആയുര്‍വേദ കേന്ദ്രം മറുപടി നല്‍കിയിട്ടില്ല.

പതഞ്ജലിയുടെ വിവിധ ഉത്പന്നങ്ങളുടെ ഗുണമേന്മ സംബന്ധിച്ച് വിവിധയിടങ്ങളില്‍ നിന്നും ഇതിനോടകം പരാതി ഉയര്‍ന്നിട്ടുണ്ട്. പതഞ്ജലിയുടെ ഉത്പന്നങ്ങളില്‍ നാല്‍പത് ശതമാനവും ഗുണമേന്മ കുറഞ്ഞ ഉത്പന്നങ്ങളാണെന്ന് വിവരാവകാശ രേഖകള്‍ പ്രകാരം പുറത്തുവന്നിട്ടുണ്ട്. പതഞ്ജലിയുടെ വിവിധ ഉത്പന്നങ്ങളുടെ 82ാളം സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ 32 ഓളം ഉത്പന്നങ്ങള്‍ക്ക് ഗുണമേന്മ കുറവാണെന്ന് വ്യക്തമായിരുന്നു. പതഞ്ജലിയടെ പ്രധാന ഉത്പന്നങ്ങളായ ദിവ്യ അമ്‌ല ജൂസ്, ശിവ് ലിന്‍ഗി ബീജ് എന്നിവയ്ക്ക് ഗുണമേന്മ കുറവാണെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു.

DONT MISS
Top