ഹാലെ ഓപ്പണ്‍ ടെന്നീസ്: വിജയത്തോടെ ഫെഡററുടെ തിരിച്ചുവരവ്

ഹാലെ: ഹാലെ ഓപ്പണ്‍ ടെന്നീസില്‍ സ്വിസ് താരം റോജര്‍ ഫെഡറര്‍ക്ക് വിജയത്തുടക്കം. ജപ്പാന്റെ യൂച്ചി സുഗിതയെയാണ് ഫെഡറര്‍ ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3, 6-1. കഴിഞ്ഞ ആഴ്ച നടന്ന സ്റ്റുഡ്ഗര്‍ട്ട് ഓപ്പണിലെ ആദ്യറൗണ്ട് പരാജയത്തിന് ശേഷമാണ് റോജറുടെ തിരിച്ചുവരവ്. ഇവിടെ എട്ടുതവണ കിരീടം ചൂടിയിട്ടുള്ള താരമാണ് ഫെഡറര്‍.

ലോക അറുപത്തിയാറാം റാങ്കുകാരനായ ജപ്പാന്‍ താരത്തിനെതിരെ അനായാസ വിജയമാണ് മുന്‍ലോക ഒന്നാം നമ്പര്‍ താരം സ്വന്തമാക്കിയത്. മത്സരം 52 മിനിട്ടില്‍ അവസാനിച്ചു. കരിയറില്‍ 1,100 വിജയങ്ങളും ഈ ജയത്തോടെ ഫെഡറര്‍ പൂര്‍ത്തിയാക്കി. നേരത്തെ കഴിഞ്ഞ ആഴ്ച നടന്ന സ്റ്റുഡ്ഗര്‍ട്ട് ഓപ്പണ്‍ ടെന്നീസിന്റെ ആദ്യ റൗണ്ടില്‍ ഫെഡറര്‍ പുറത്തായിരുന്നു. ജര്‍മനിയുടെ വെറ്ററന്‍ താരം ടോമി ഹാസായിരുന്നു ഫെഡററെ അട്ടിമറിച്ചത്.

പുല്‍ക്കോര്‍ട്ടില്‍ തന്റെ പതിനാറാം കിരീടം തേടിയാണ് ഫെഡറര്‍ ഇത്തവണ ഹാലെയില്‍ എത്തിയിരിക്കുന്നത്. രണ്ടാം റൗണ്ടില്‍ ജര്‍മനിയുടെ മിഷ സെവറേവാണ് സ്വിസ് താരത്തിന്റെ എതിരാളി.

മറ്റ് മത്സരങ്ങളില്‍ മൂന്നാം സീഡ് ജപ്പാന്റെ കെയ് നിഷികോരി ഫെര്‍ണാണ്ടോ വെര്‍ഡസ്‌കോയെയും (6-7(7), 6-3, 6-4) റഷ്യയുടെ കരേന്‍ കചനോവ് ഫ്രാന്‍സിന്റെ ഗില്‍സ് സിമോണിനേയും (6-2, 6-7(2), 6-3) നാലാം സീഡും മിഷ സെവറേവിന്റെ ഇളയ സഹോദരനുമായ അലക്‌സാണ്ടര്‍ സെവറേവ് പോളോ ലോറന്‍സിയേയും (6-3, 6-2) പരാജയപ്പെടുത്തി.

DONT MISS
Top