പകര്‍ച്ചപ്പനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് മുഖ്യമന്ത്രി; 23 ന് സര്‍വ്വകക്ഷി യോഗം

ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് മുഖ്യമന്ത്രി. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 23 ന് സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പനി പ്രതിരോധിക്കാന്‍ നാടൊന്നാകെ രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പകര്‍ച്ചപ്പനി പ്രതിരോധിക്കുന്നതിനുള്ള നടപടികളും ശുചീകരണ പ്രവര്‍ത്തനങ്ങളും 23 ന് നടക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്യും. സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും മൂന്ന് ദിവസം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഈ മാസം 27, 28, 29 തീയതികളില്‍ സംസ്ഥാനമൊട്ടാകെ സംയുക്ത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പനി ബാധിത മേഖലകളെ മൂന്നായി തിരിച്ചാകും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുക. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക അനുവദിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പനിബാധിതര്‍ക്ക് വിദഗ്ധമായ ചികിത്സ ഉറപ്പാക്കും. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരുടെ സേവനം രോഗികള്‍ക്ക് ലഭ്യമാക്കും. ആശുപത്രികളില്‍ കിടത്തി ചികിത്സ സൗകര്യം വര്‍ധിപ്പിക്കും. പകര്‍ച്ചപ്പനി ഒഴിവാക്കാന്‍ എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെള്ളം കെട്ടിനില്‍ക്കുന്നത് തടയണമെന്നും കൊതുകിന് വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

എന്‍സിസി, എന്‍എസ്എസ്, എസ്പിസി പോലുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.എംഎല്‍എമാര്‍ നേതൃത്വത്തില്‍ മണ്ഡലങ്ങള്‍ തോറും മശുചീകരണ പ്രവര്‍ത്തനങ്ങള്‍നടക്കും.

ജില്ലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല മന്ത്രിമാര്‍ക്ക് വീതിച്ചുനല്‍കിയിട്ടുണ്ട്. തിരുവനന്തപുരം കടകംപള്ളി സുരേന്ദ്രന്‍, കൊല്ലം ജെ മേഴ്‌സിക്കുട്ടിയമ്മ, പത്തനംതിട്ട മാത്യു ടി തോമസ്, ആലപ്പുഴ ജി സുധാകരന്‍, കോട്ടയം കെ രാജു, ഇടുക്കി എംഎം മണി, എറണാകുളം തോമസ് ഐസക്, തൃശൂര്‍ എസി മൊയ്തീന്‍, പാലക്കാട് എകെ ബാലന്‍, മലപ്പുറം , കോഴിക്കോട് കെകെ ശൈലജ, വയനാട് വിഎസ് സുനില്‍ കുമാര്‍, കണ്ണൂര്‍ കടന്നപ്പള്ളി രാമചന്ദ്രന്‍,
കാസര്‍ഗോഡ് ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ക്കാണ് 14 ജില്ലകളിലെ ഏകോപന ചുമതല.

DONT MISS
Top