പകര്‍ച്ചപ്പനി : മുൻകരുതലുകൾ സംബന്ധിച്ച്‌ ആരോഗ്യവകുപ്പ് മാര്‍ഗ നിർദ്ദേശം പുറപ്പെടുവിച്ചു

ഫയല്‍ ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് പനി പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച്‌ ആരോഗ്യവകുപ്പ്‌ നിർദ്ദേശം പുറപ്പെടുവിച്ചു. ഡെങ്കിപ്പനി പോലെയുള്ള പനികൾ മറ്റുള്ളവരിലേക്ക്‌ പകരുമെന്നതിനാൽ രോഗബാധിതർ കൊതുകുവല നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

എച്ച്‌1 എൻ 1 പനി ബാധിച്ചവര്‍ മറ്റുള്ളവരുമായി ഇടപഴകുന്നത്‌ ഒഴിവാക്കണം. വീടും പരിസരവും വൃത്തിയായും ഈർപ്പരഹിതമായും സൂക്ഷിക്കണം. ആഴ്ചയിൽ ഒരിക്കൽ ഡ്രൈഡേ ആചരിച്ച്‌ ഉറവിട നശീകരണം നടത്തണമെന്നും നിർദ്ദേശത്തില്‍ ആവശ്യപ്പെടുന്നു.

ഇപ്പോൾ പടരുന്ന പനി അധികവും വൈറൽ പനിയാണ്‌. ഇതിന് ആവശ്യത്തിന്‌ വിശ്രമവും, സാധാരണ പനിക്കുള്ള മരുന്നുകൾ കഴിക്കുകയും ചെയ്താൽ മതിയാകും. ഡെങ്കിപ്പനി, എച്ച്‌1 എൻ1 പനിയും അധികം പേരിലും മാരകമാവാറില്ലെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

പനിബാധിതര്‍ ലളിതവും വേഗം ദഹിക്കുന്നതുമായ ഭക്ഷണം കഴിക്കണം. പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളമായി ഉൾപ്പെടുത്തണം. എട്ടു ഗ്ലാസ്‌ വെള്ളമെങ്കിലും കുടിക്കണം. ഉപ്പും പഞ്ചസാരയും ചേർത്തു തയ്യാറാക്കിയ പാനീയം ക്ഷീണം അകറ്റാൻ ഉത്തമമാണ്‌.

കുട്ടികൾ, വൃദ്ധര്‍, പ്രമേഹം, ഹൃദ്രോഗം, കാൻസർ, ദീർഘകാല വൃക്ക, കരൾ, ശ്വാസകോശ രോഗികൾ എന്നിവർക്ക്‌ പനി ചിലപ്പോള്‍ സങ്കീർണമാകാന്‍ സാധ്യതയുണ്ട്‌. അതിനാൽ പനി ബാധിതർ ഉടന്‍തന്നെ ചികിത്സ തേടണം.

മുറിവുകൾ ഉള്ളവർ അഴുക്കുവെള്ളത്തിൽ ഇറങ്ങരുത്‌. തോടുകളിലും അഴുക്കുചാലുകളിലും പണിയെടുക്കുന്നവർ എലിപ്പനി പ്രതിരോധ മരുന്നുകൾ കഴിക്കണം. തുടങ്ങിയ കാര്യങ്ങളാണ് ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നിര്‍ദേശമായി പുറപ്പെടുവിച്ചിട്ടുള്ളത്.

DONT MISS
Top