അന്താരാഷ്ട്ര യോഗാ ദിനാചരണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ദില്ലി: ലോകത്തിനുള്ള ഇന്ത്യയുടെ വരദാനം, അന്താരാഷ്ട്ര യോഗാ ദിനം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. ലഖ്‌നൗവിലെ അംബേദ്കര്‍ സഭ സ്ഥലത്തില്‍ പ്രത്യേകം സജ്ജീകരിച്ച് വേദിയില്‍ ആയിക്കണക്കിന് ജനങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ യോഗാഭ്യാസം പുരോഗമിക്കുകയാണ്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് യോഗാ ദിനാചരണ ചടങ്ങുകള്‍ നടക്കുന്നത്. യുഎന്‍ ആസ്ഥാനത്തും യോഗാ ദിനം ആചരിക്കുന്നുണ്ട്.

കഴിഞ്ഞ മൂന്നു വര്‍ഷമായി രാജ്യത്ത് നിരവധി യോഗാ ട്രെയിംനിംഗ് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇന്ന് രാജ്യത്ത് യോഗാ പരിശീലകര്‍ക്കുള്ള ഡിമാന്റ് വര്‍ധിക്കുകയാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി സൂചിപ്പിച്ചു. പൂജ്യം രൂപയുടെ ചെലവില്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് ആണ് യോഗാഭ്യാസമെന്നും ഇന്ന് അന്താരാഷട്ര തലത്തിലടക്കം യോഗയുടെ പ്രധാന്യം വര്‍ധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകരാഷ്ട്രങ്ങളെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നതില്‍ യോഗയ്ക്ക് വലിയ പങ്കുണ്ട്. ആരോഗ്യ സംരക്ഷണത്തിനുമപ്പുറം മാനസികാരോഗ്യത്തിനും യോഗ വലിയ പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യോഗ ദിനോത്തോടനുബന്ധിച്ച് കേന്ദ്രം വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തത്. ഇതിന്റെ ഭാഗമായി രാജ്യത്തെ 74 നഗരങ്ങളില്‍ നടക്കുന്ന യോഗപരിശീലനത്തിന് കേന്ദ്ര സർക്കാരിന്റെ 74 മന്ത്രിമാര്‍ നേതൃത്വം നല്‍കും.

ഏതാണ്ട് അമ്പതിനായിരത്തോളം യോഗാഭ്യാസകര്‍ യോഗാ ദിനത്തോടനുബന്ധിച്ച പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയടക്കം നിരവധി മന്ത്രിമാരും ലഖ്‌നൗവിലെ ചടങ്ങില്‍ സംബന്ധിക്കുന്നുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും യോഗാ ഗുരു ബാബാ രാംദേവും പങ്കെടുക്കുന്നുണ്ട്.കോണട്ട് പ്ലേസില്‍ നടക്കുന്ന ചടങ്ങില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും പങ്കെടുക്കുന്നുണ്ട്.

ദില്ലിയില്‍ നടക്കുന്ന പരിപാടിയില്‍ എന്‍ഡിഎയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ്, കായികമന്ത്രി വിജയ് ഗോയല്‍, ബിജെപി എംപിമാരായ മീനാക്ഷി ലേഖി, ഭൂപേന്ദ്ര യാദവ് തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.

2016ല്‍ നടന്ന യോഗാ ദിനാചരണത്തില്‍ 200 മില്ല്യണ്‍ ജനങ്ങളാണ് പങ്കുചേര്‍ന്ന്ത്. ഈ വര്‍ഷം ഇതില്‍ വലിയ വര്‍ധന ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. ലോകത്താകമാനം 180 രാജ്യങ്ങളില്‍ യോഗാദിനം ആചരിക്കുന്നുവെന്നാണ് കണക്കുകൂട്ടുന്നത്.

സംസ്ഥാനത്തും യോഗാദിനാചരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചിട്ടുണ്ട്

DONT MISS
Top