പാക് ടീമിന്റെ വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തിയ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു; പൊലീസ് നടപടി ബിജെപി നേതാവിന്റെ പരാതിയെ തുടര്‍ന്ന്

പാകിസ്താന്‍ ടീം

ബംഗലൂരു: ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വിയില്‍ ആരാധകര്‍ കണ്ണീര്‍ വാര്‍ത്തിരിക്കുന്നതിനിടെ പാകിസ്താന്റെ വിജയത്തില്‍ ആഹ്ലാദ പ്രകടനം നടത്തിയ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് പഠക്കം പൊട്ടിച്ച് ആഘോഷം നടത്തിയെന്ന പേരില്‍ ബിജെപി നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

പാകിസ്താന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബംഗലൂരു കൊഡഗിലെ സുന്റികോപ്പയിലെ ജംഗ്ഷനിലാണ് മൂവരും ചേര്‍ന്ന് പഠക്കം പൊട്ടിച്ച് വിജയാഘോഷം നടത്തിയത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ തന്നെ യുവാക്കളുടെ ഭാഗത്തു നിന്നും ഇത്തരത്തിലൊരു നീക്കം ഉണ്ടായത് പ്രദേശവാസികളേയും ചൊടിപ്പിച്ചു. തുടര്‍ന്നാണ് പ്രദേശത്തെ ബിജെപി അംഗമായ ചെങ്കപ്പ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരത്തോടെ മൂവരേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എന്നാല്‍ പ്രതികള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗങ്ങളല്ലെന്നും പ്രത്യേക മതവിഭാഗത്തിന്റെ വിശ്വസങ്ങളെ വ്രണപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് യുവക്കളുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും അതിനാലാണ് ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഐപിസി 295(a) പ്രകാരം കേസെടുത്തതെന്നും സുന്റികോപ്പ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ പറഞ്ഞു.

ഇന്ത്യന്‍ മണ്ണില്‍ പാകിസ്താന്റെ വിജയം ആഘോഷിക്കപ്പെടുന്നത് അപകടകരമായ പ്രവണതയാണെന്നും ഇത്തരം രീതികളെ മുളയിലേ നുള്ളമമെന്നും ബിജെപി കൊഡഗ് ജില്ലാ പ്രസിഡന്റ് സംഭവത്തോട് പ്രതികരിച്ചു.

DONT MISS
Top