ഒരു ക്രിക്കറ്റ് ഫ്രാഞ്ചൈസി കൂടി ഷാരൂഖിന് സ്വന്തം

ഷാരൂഖ് ഖാന്‍ (ഫയല്‍ ചിത്രം)

മുംബൈ: ഇന്ത്യയിലും വെസ്റ്റ് ഇന്‍ഡീസിലും ക്രിക്കറ്റ് ഫ്രാഞ്ചൈസി സ്വന്തമാക്കിയ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ ഒരു ക്രിക്കറ്റ് ഫ്രാഞ്ചൈസി കൂടി സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ ആരംഭിക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലീഗായ ഗ്ലോബല്‍ ലീഗില്‍ കേപ് ടൗണ്‍ ടീമിനെയാണ് ഷാരൂഖ് സ്വന്തമാക്കിയത്.

ഗ്ലോബല്‍ ലീഗ് ഫ്രാഞ്ചൈസി ഉടമകളുടെ പേര് പുറത്തുവിട്ടുകൊണ്ട് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക അധികൃതരാണ് ടീം ഉടമകളെ പ്രഖ്യാപിച്ചത്. നിലവില്‍ എട്ട് ടീമുകളാണ് ഗ്ലോബല്‍ ലീഗിലുള്ളത്. ഷാരൂഖ് സ്വന്തമാക്കിയ കേപ് ടൗണ്‍ ടീമിന്റെ മര്‍ക്വീതാരം ദക്ഷിണാഫ്രിക്കന്‍ താരം ജെപി ഡുമ്‌നിയാണ്. ടീമിലെ താരങ്ങളെ തെരഞ്ഞെടുക്കാനുള്ള ലേലം ഓഗസ്റ്റ് 19 നാണ്. പത്തുരാജ്യങ്ങളില്‍ നിന്നുള്ള 400 കളിക്കാര്‍ ഇതിനകം ലേലത്തില്‍ ഉള്‍പ്പെടാനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഗ്ലോബല്‍ ലീഗില്‍ മത്സരങ്ങള്‍ തുടങ്ങുന്നത് നവംബറിലാണ്. ഡിസംബര്‍ 16 നാണ് ഫൈനല്‍.

നിലവില്‍ രണ്ട് ടി20 ടീമുകളുടെ ഉടമയാണ് ഷാരൂഖ്. ഇന്ത്യന്‍ പ്രിമീയര്‍ ലീഗില്‍(ഐപിഎല്‍) കോല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും വെസ്റ്റ് ഇന്‍ഡീസിലെ കരീബിയന്‍ പ്രിമീയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സും ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള ടീമുകളാണ്. ഇതുകൂടാതെയാണ് ഒരു ട്വന്റി 20 ടീമിനെ കൂടി ഷാരൂഖ് സ്വന്തമാക്കിയിരിക്കുന്നത്.

ഷാരൂഖിനെ കൂടാത ഇന്ത്യയില്‍ നിന്നുള്ള ഒരു ഗ്രൂപ്പ് കൂടി ദക്ഷിണാഫ്രിക്കന്‍ ഗ്ലോബല്‍ ലീഗില്‍ ഒരു ടീമിനെ സ്വന്തമാക്കിയിട്ടുണ്ട്. ജോഹാനസ്‌ബെര്‍ഗ് ടീമിനെ സ്വന്തമാക്കിയിരിക്കുന്നത് ഇന്ത്യന്‍ സംരംഭകരായ ജിഎംആര്‍ ഗ്രൂപ്പ് ആണ്. ഐപിഎല്ലില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍ ടീം ഉടമകളാണ് ജിഎംആര്‍.

DONT MISS
Top