ചാമ്പ്യന്‍സ് ട്രോഫി നേടിയിട്ടും പാകിസ്താനെ ട്രോളാന്‍ ശ്രമിച്ച റിഷി കപൂറിനെ വറുത്ത് കോരി പാകിസ്താന്‍ ക്രിക്കറ്റ് ആരാധകര്‍: ക്ലൈമാക്‌സില്‍ അഭിനന്ദനവുമായി റിഷി

റിഷി കപൂര്‍

ഇന്നലെ നടന്ന ഇന്ത്യ-പാക് ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരം ഏതൊരു ഇന്ത്യക്കാരനും വലിയ ആവേശത്തോടെയാണ് കണ്ട് തുടങ്ങിയത്. ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടുമെന്ന ആത്മവിശ്വാസം എല്ലാ ഇന്ത്യന്‍ ടീം ആരാധകര്‍ക്കുമുണ്ടായിരുന്നുവെങ്കിലും പാകിസ്താന്റെ മികച്ച പ്രകടനത്തിന് മുന്‍പില്‍ ഇന്ത്യന്‍ താരങ്ങളുടെ കാലിടറുന്ന കാഴ്ച്ചയാണ് ഇന്നലെ ബ്രിട്ടനിലെ ഓവല്‍ സാക്ഷ്യം വഹിച്ചത്. ഇത് ഇന്ത്യന്‍ താരങ്ങള്‍ പോലും സമ്മതിച്ച് തരുന്നുണ്ടെങ്കിലും യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ പലര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല.

ഇത്തരം ഒരു ആരാധകനായ ബോളിവുഡ് നടന്‍ റിഷി കപൂറാണ് ഇപ്പോള്‍ പാകിസ്താന്‍ ക്രിക്കറ്റ് ആരാധകരുടെ പരിഹാസത്തിന് ഇരയായിരിക്കുന്നത്. ഫൈനല്‍ മത്സരം ആരംഭിക്കുന്നതിന് മുന്‍പ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ദയവ് ചെയ്ത് ഇക്കുറി ഫൈനലില്‍ ക്രിക്കറ്റ് താരങ്ങളെ അയക്കണം, മുന്‍പ് ഹോക്കി, കോ കോ കളിക്കാരെയാണ് അയച്ചിരുന്നത് എന്നും, ഫാദേര്‍സ് ഡേയായി 18 ജൂണില്‍ നിങ്ങള്‍ ക്രിക്കറ്റിന്റ തലതൊട്ടപ്പന്മാരുമായിട്ടാണ് കളിക്കുന്നതെന്നും റിഷി കപൂര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് കീഴെ പാകിസ്താന്‍ ആരാധകരുടെ രൂക്ഷ വിമര്‍ശനമാണ് അരങ്ങേറിയിരുന്നത്.

വിമര്‍ശനം രൂക്ഷമായതിനെ തുടര്‍ന്ന് മറ്റൊരു ട്വീറ്റുമായി വീണ്ടും റിഷി കപൂര്‍ എത്തി. വിട്ട് കളയൂ സുഹൃത്തേ, നിങ്ങള്‍ ആയിരം തവണ ജയിച്ചു കൊള്ളൂ. ദയവ് ചെയ്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കൂ. ഞങ്ങള്‍ക്ക്  വേണ്ടത് സമാധാനവും, സ്‌നേഹവുമാണ്. നിലപാടില്‍ അയവ് വരുത്തിയെങ്കിലും പാക് ആരാധകര്‍ റിഷി കപൂറിനെ വെറുതെ വിടാന്‍ തയ്യാറായില്ല.

അവസാനം സഹികെട്ട് റിഷി കപൂര്‍ പാകിസ്താനെ മനസ് തുറന്ന് അഭിനന്ദിച്ച് രംഗത്ത് എത്തുകയായിരുന്നു. അതേ പാകിസ്താന്‍, നിങ്ങള്‍ ഞങ്ങളെ തോല്‍പ്പിച്ചു. എല്ലാ മേഖലകളിലും  ഞങ്ങളേക്കാള്‍ തിളങ്ങി. അഭിനന്ദനങ്ങള്‍, ആശംസകള്‍ എന്ന് റിഷി കപൂര്‍ ട്വീറ്റ് ചെയ്തു.

DONT MISS
Top