ചൈനീസ് ബോക്സ് ഓഫീസിനെ ഉറ്റ് നോക്കുന്ന ലോക സിനിമാ വ്യവസായം

ദംഗലിന്റ ചൈനീസ് പോസ്റ്ററിന് മുന്നില്‍ നിന്നും ആരാധകര്‍ സെല്‍ഫി പകര്‍ത്തുന്നു

അമരേന്ദ്ര ബാഹുബലി ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ചൈനയില്‍ വെന്നികൊടി പാറിപ്പിച്ചപ്പോള്‍, പിന്നാലെ വന്ന മഹാവീര്‍ സിംഗ് ഫോഗദ് ചൈനീസ് ബോക്‌സ് ഓഫീസിനെ മലര്‍ത്തിയടിക്കുന്ന കാഴ്ച്ചയാണ് നമ്മള്‍ കണ്ടത്. അതിര്‍ത്തി തര്‍ക്കങ്ങളടക്കമുള്ള  പ്രശ്‌നങ്ങള്‍ ഇരു രാജ്യങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ സിനിമകള്‍ക്ക് വളക്കൂറുള്ള മണ്ണായി ചൈന മാറുന്നുണ്ടെന്ന വസ്തുത പ്രതീക്ഷയുണര്‍ത്തുന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളെടത്ത് പരിശോധിച്ചാല്‍ ഗ്ലോബല്‍ ബോക്‌സ് ഓഫീസില്‍ ചൈനയുടെ വരുമാനം 17 ശതമാനം കവിഞ്ഞുവെന്ന് മനസിലാക്കാന്‍ സാധിക്കും. ചൈന എന്ന രാജ്യം സിനിമ വ്യവസായത്തില്‍ കുതിച്ചുയരുന്നതിന്റെ തെളിവായിട്ട് വേണം ഇത് കാണുവാന്‍.

https://www.youtube.com/watch?v=5OLVfrv0Kis

1951ല്‍ പുറത്തിറങ്ങിയ രാജ് കപൂര്‍ ചിത്രം ‘ആവാര’യാണ് ചൈനീസ് പ്രേക്ഷകര്‍ കാണുന്ന ആദ്യ ഇന്ത്യന്‍ ചിത്രം. ശേഷം ത്രീ ഇഡിയറ്റ്‌സ്, മൈ നെയിം ഇസ് ഖാന്‍, ധൂം ത്രീ, പികെ, ഹാപ്പി ന്യൂയിര്‍, ബാഹുബലി, ഫാന്‍, ദംഗല്‍ എന്നീ ചിത്രങ്ങള്‍ ചൈനയില്‍ റിലീസ് ചെയ്തു. ഒരു വര്‍ഷത്തില്‍ 34 വിദേശ സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതിയുള്ള ചൈനീസ് സിനിമ മേഖലയില്‍ കടന്ന് കൂടാന്‍ ഹോളിവുഡ് അടക്കമുള്ള ഇന്‍ഡസ്ട്രികളുടെ തള്ളികയറ്റം, വളര്‍ന്ന് വരുന്ന ചൈനീസ് സിനിമ വിപണിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതിന്റെ തെളിവാണ്. എന്താണ് നിര്‍മ്മാതാക്കള്‍ തങ്ങളുടെ സിനിമകള്‍ ചൈനയില്‍ റിലീസ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം ചൈനയിലെ തിയേറ്ററുകളുടെ എണ്ണം എന്നത് തന്നെ, ഏതാണ്ട് 40,000 മുകളില്‍ തിയേറ്ററുകളാണ് ചൈനയിലുള്ളത്. ഇവിടെ നിന്നും ലഭിക്കുന്ന കളക്ഷനും ഇത്രതോളം തന്നെ ഭീമമായിരിക്കും.

മൈ നെയിം ഇസ് ഖാന്‍, പികെ എന്നീ ചിത്രങ്ങളുടെ ചൈനീസ് പോസ്റ്ററുകള്‍

‘വാര്‍ക്രാഫ്റ്റ്’ എന്ന വീഡിയോഗെയിമിനെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ആക്ഷന്‍ ഫാന്റസി ചിത്രം ‘വാര്‍ക്രാഫ്റ്റ് ദി ബിഗിനിംഗ്’ യൂഎസ് ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് അടിഞ്ഞപ്പോളും ചൈനയില്‍ ചിത്രം നേടിയ പണശേഖരണം കൊണ്ട് മാത്രം വീഡിയോ ഗെയിമിനെ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന സിനിമകളിലെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളായി മാറുകയുണ്ടായി. ഇന്ത്യന്‍ സിനിമ വ്യവസായവും ഇപ്പോള്‍ ചൈനയിലാണ് ഉറ്റുനോക്കുന്നത്. സല്‍മാന്‍ ഖാനെ നായകനാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ട്യൂബ് ലൈറ്റ് എന്ന ചിത്രത്തില്‍ സുസു എന്ന പ്രശ്‌സ്ത ചൈനീസ് നടിയെ ഉള്‍പ്പെടുത്തിയിരിക്കുന്നതും ഇത്തരം ഒരു ലക്ഷ്യവച്ച് കൊണ്ടാണെന്നാണ് ബോളിവുഡ് നിരീക്ഷകരുടെ അഭിപ്രായം.

ചൈനീസ് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റാനായി ചില ഹോളിവുഡ് ചിത്രങ്ങള്‍ പൊടികൈകള്‍ പ്രയോഗിക്കാറുണ്ട്. ചിലര്‍ ചൈനീസ് താരങ്ങളെ ഉള്‍പ്പെടുത്തുമ്പോള്‍, മറ്റു ചിലര്‍ ചൈനീസ് ഉത്പ്പന്നങ്ങള്‍ പരസ്യം ചെയ്ത് ചൈനീസ് പ്രേക്ഷകരെ സുഖിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ ആശങ്കയിലാണ്. പുതിയ വിപണി കീഴടക്കുന്നതിന്റെ തിരക്കില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് മൂല്യച്യുതി സംഭവിക്കുമോ എന്ന പേടിയാണ് ഇന്ത്യന്‍ സിനിമ പ്രേമികള്‍ക്കുള്ളത്.

DONT MISS
Top