ഇന്ത്യയെ തകര്‍ത്ത പാക് ടീമിനെ അഭിനന്ദിച്ച് സൈന്യം; കളിക്കാര്‍ക്ക് അപ്രതീക്ഷിത സമ്മാനവാഗ്ദാനം


ഇസ്‌ലാമാബാദ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ചിരവൈരികളായ ഇന്ത്യയെ തകര്‍ത്ത് കിരീടം നേടിയ പാകിസ്താന് അഭിനന്ദനപ്രവാഹം. പാക് സൈന്യവും ടീമിന് അഭിനന്ദനവുമായി രംഗത്തെത്തി.

പാക് സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഐഎസ്പിആര്‍ ആണ് ആശംസ പുറത്ത് വിട്ടിരിക്കുന്നത്. പാകിസ്താന്റെ ധീരരായ സൈനികര്‍ ടീം പാകിസ്താനെയും രാജ്യത്തേയും അഭിനന്ദിക്കുന്നു. ശത്രുക്കളുടെ എല്ലാതരത്തിലുമുള്ള ഭീഷണികളും നമ്മള്‍ ഒരുമിച്ച് നിന്ന് പ്രതിരോധിക്കും. അഭിനന്ദന സന്ദേശത്തില്‍ പറയുന്നു. ക്രിക്കറ്റ് പോരാട്ടം പോലും ഇന്ത്യയില്‍ നിന്നുള്ള ഭീഷണിയായാണ് കണക്കാക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ട്വീറ്റ്.


ഐഎസ്പിആര്‍ (ഇന്റര്‍ സര്‍വ്വീസ് പബ്ലിക് റിലേഷന്‍സ്) ഡയറക്ടര്‍ ജനറല്‍ആസിഫ് ഗഫൂര്‍ പാക് ടീമിന് പ്രത്യേക സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊന്നുമല്ല, ഉംറ ചടങ്ങ് നിര്‍വ്വഹിക്കന്‍ അവസരമൊരുക്കുമെന്നാണ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടീം വര്‍ക്കിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും എല്ലാ ഭീഷണികള്‍ക്കും എതിരെ പാകിസ്താന്‍ ഒറ്റക്കെട്ടാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.


കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ ഇന്ത്യയെ 180 റണ്‍സിന് തകര്‍ത്താണ് പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടത്. പാകിസ്താന്റെ കന്നി ചാമ്പ്യന്‍സ് ട്രോഫി കിരീട നേട്ടമായിരുന്നു ഇത്. 339 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 30.3 ഓവറില്‍ വെറും 158 റണ്‍സിന് പുറത്തായി.

DONT MISS
Top