പാക്കിസ്ഥാനെ തകര്‍ത്ത ഇന്ത്യന്‍ ഹോക്കി താരങ്ങള്‍ കൈയില്‍ കറുത്ത ബാന്‍ഡ് കെട്ടിയത് എന്തിന്?

ഇന്ത്യന്‍ ഹോക്കി ടീം

ന്യൂഡല്‍ഹി: ഹോക്കി വേള്‍ഡ് ലീഗ് (എച്ച്ഡബ്ല്യൂഎല്‍) ക്വാര്‍ട്ടറില്‍ ചിരവൈരികളായ പാകിസ്താനെ തകര്‍ത്ത് തരിപ്പണമാക്കിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ കൈയില്‍ കറുത്ത ബാന്‍ഡ് ധരിച്ച് കളിക്കളത്തില്‍ ഇറങ്ങിയത് എന്തിന്. ഇന്ത്യന്‍ ടീമിന്റെ കളി കണ്ടവരെല്ലാം ഇക്കാര്യം ചോദിക്കുന്നുണ്ടായിരുന്നു.

ഈ ചോദ്യത്തിന് ഉത്തരമായിരിക്കുന്നു. ജമ്മു കാഷ്മീരില്‍ അടക്കം രാജ്യത്തിന് വേണ്ടി പോരാടി മരിക്കുന്ന ധീരജവാന്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചാണ് ടീം, ക്വാര്‍ട്ടരില്‍ പാകിസ്താനെതിരേ കളിക്കുമ്പോള്‍ കറുത്ത ബാന്‍ഡ് കൈയില്‍ ധരിച്ചതെന്ന് ടീമിന്റെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് പറഞ്ഞു. ടീമിന്റെ സ്ഥിരം ക്യാപ്റ്റനും മലയാളിയുമായ പി.ആര്‍.ശ്രീജേഷിന്റെ അഭാവത്തില്‍ ഹര്‍മന്‍പ്രീതിനാണ് ക്യാപ്റ്റന്റെ ചുമതല. കായികതാരങ്ങള്‍ മത്സരവേദികളില്‍ ഇത്തരത്തിലൊരു സന്ദേശം നല്‍കാന്‍ ചുമതലയുള്ളവരാണെന്ന് ഹര്‍മന്‍പ്രീത് പറഞ്ഞു.

ക്വാര്‍ട്ടറില്‍ 7-1 ന് പാകിസ്താനെ തകര്‍ത്താണ് ഇന്ത്യന്‍ ടീം സെമിഫൈനലില്‍ കടന്നത്. പാകിസ്താനെതിരെയുള്ള ഇന്ത്യന്‍ ഹോക്കി ടീമിന്റെ എക്കാലത്തെയും വലിയ വിജയമാണ് ആറു ഗോളിന്റെ മാര്‍ജിനിലുള്ള ഈ നേട്ടം. ഇന്ത്യക്കുവേണ്ടി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത്, തല്‍വീന്ദര്‍ സിംഗ്, ആകാഷ്ദീപ് സംഗ് എന്നിവര്‍ ഇരട്ടഗോളുകള്‍ നേടി. അവശേഷിച്ച ഗോള്‍ പ്രദീപ് മോറിന്റെ വകയായിരുന്നു. പാകിസ്താനുവേണ്ടി മുഹമ്മദ് ഉമര്‍ ഭൂട്ടയാണ് ആശ്വാസഗോള്‍ നേടിയത്.

DONT MISS
Top