“സ്ത്രീ വിഷയങ്ങളില്‍ എന്റെ സ്വഭാവം അത്ര പന്തിയല്ല”: ഷാറൂഖ് നായകനാകുന്ന ‘ജബ് ഹാരി മെറ്റ് സേജലിന്റെ’ ചിരിയുണര്‍ത്തുന്ന ആദ്യ ടീസര്‍

ടീസറില്‍ നിന്നുള്ള ദൃശ്യങ്ങള്‍

ഷാറൂഖ് ഖാനെ നായകനാക്കി ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ജബ് ഹാരി മെറ്റ് സേജലിന്റെ ആദ്യ ടീസര്‍ പുറത്ത്. 30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ക്യാരക്ടര്‍ ഖരാബ് (മോശം സ്വഭാവം) എന്ന ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. അനുഷ്‌ക ശര്‍മ്മയാണ് സിനിമയില്‍ നായികയായി എത്തുന്നത്. ദി റിംഗ്, റെഹ്നുമ എന്നിങ്ങനെ വ്യത്യസ്ത പേരുകള്‍  ചിത്രത്തിന്റേത് എന്ന തരത്തില്‍ പ്രചരിച്ചിരുന്നെങ്കിലും ‘ജബ് ഹാരി മെറ്റ് സേജല്‍’  എന്ന പേര് സംവിധായകന്‍ തന്നെ ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വിടുകയായിരുന്നു.

സ്ത്രീ ലംമ്പടനായ ടൂറിസ്റ്റ് ഗൈഡ് ഹാരി സിംഗായിട്ടായിരിക്കും ഷാറൂഖ് ഖാന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. തന്റെ സ്വഭാവം മോശമാണെന്ന് സ്വയം വിമര്‍ശിക്കുന്ന ഹരീന്ദര്‍ സിംഗ് എന്ന ഷാറൂഖ് ഖാന്‍ കഥാപാത്രത്തെയാണ് ചിത്രത്തിന്റെ ടീസറില്‍ കാണുന്നതും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുഴു നീള റൊമാന്റിക്ക് ചിത്രവുമായി താരം പ്രേക്ഷകരിലേക്കെത്തുന്നത് എന്ന പ്രത്യേകതയും ഹാരി മെറ്റ് സേജലിന്‌ അവകാശപ്പെടാനാകും.

ഈ വര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങിയ ഷാറൂഖ് ചിത്രം റയീസിന്റെ ക്യാമറമാന്‍ കെയു മോഹനനാണ് ഈ ചിത്രത്തിന്റയും ഛായഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീത സംവിധാനം പ്രീതം. ഷാറൂഖ് ഖാന്റെ നിര്‍മ്മാണ കമ്പനിയായ റെഡ് ചില്ലീസ് പ്രൊഡക്ഷന്‍സ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

DONT MISS
Top