ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ്: പ്രണീതിന്റെ പടയോട്ടം അവസാനിച്ചു; കെ ശ്രീകാന്ത് ഫൈനലില്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് ഒരേസമയം സന്തോഷവും നിരാശയും. പുരുഷവിഭാഗത്തില്‍ മലയാളിതാരം എച്ച്എസ് പ്രണോയിയുടെ വീരോചിത പടയോട്ടത്തിന് സെമിയില്‍ അന്ത്യം കുറിച്ചു. അതേസമയം, മറ്റൊരു ഇന്ത്യന്‍താരം കിഡംബി ശ്രീകാന്ത് അട്ടിമറിയോടെ ഫൈനലില്‍ കടന്ന് ചരിത്രം സൃഷ്ടിച്ചു.

ലോക ഒന്നാം നമ്പര്‍ താരത്തെ മുട്ടുകുത്തിച്ചാണ് ശ്രീകാന്ത് കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയിരിക്കുന്നത്. ഇതോടെ ഇന്തോനേഷ്യന്‍ ഓപ്പണിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന ബഹുമതി ശ്രീകാന്ത് സ്വന്തമാക്കി. ഫൈനലില്‍ പ്രണോയിയിലെ മറികടന്നെത്തിയ ജപ്പാന്റെ കസുമാസയാണ് ശ്രീകാന്തിന്റെ എതിരാളി.

സണ്‍ വാന്‍ ഹുവിനെതിരെ ഒരു മണിക്കൂറും 12 മിനിട്ടും നീണ്ട പോരാട്ടത്തിനൊടുവിലാണ് ശ്രീകാന്ത് വിജയം കണ്ടത്. സ്‌കോര്‍ 21-15, 14-21, 24-22. തുടര്‍ച്ചയായി രണ്ട് സൂപ്പര്‍ സീരീസ് ഫൈനലുകളിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായും ശ്രീകാന്ത് മാറി. നേരത്തെ സിംഗപ്പൂര്‍ ഓപ്പണിലും താരം ഫൈനലിലെത്തിയിരുന്നു.

മുന്‍ റൗണ്ടുകളില്‍ ലോക മുന്‍ ഒന്നാം നമ്പര്‍ താരത്തേയും പിന്നീട് ഒളിമ്പിക് ചാമ്പ്യനേയും അട്ടിമറിച്ച് സെമിയിലെത്തിയ പ്രണോയ് തന്നേക്കാള്‍ താഴ്ന്ന റാങ്കിലുള്ള ജപ്പാന്റെ കസുമാസ സകായിയോടാണ് പരാജയപ്പെട്ടത്. പക്ഷെ ശക്തമായ പോരാട്ടത്തിനൊടുവിലായിരുന്നു തോല്‍വി വഴങ്ങിയത്. വിജയത്തിന്റെ പടിവാതിലില്‍ നിന്നുമാണ് പ്രണോയ് പരാജയത്തിലേക്ക് വീണത്. ആദ്യഗെയിം നേടി രണ്ടാം സെറ്റില്‍ അഞ്ച് മാച്ച് പോയിന്റുകളും കൈയില്‍ വന്നശേഷമായിരുന്നു മലയാളിതാരത്തിന്റെ തോല്‍വി. സ്‌കോര്‍ 21-17, 26-28, 18-21. മത്സരം ഒരു മണിക്കൂറും 16 മിനിട്ടും നീണ്ടുനിന്നു.

പ്രീക്വാര്‍ട്ടറില്‍ മുന്‍ലോക ഒന്നാം നമ്പര്‍ മലേഷ്യയുടെ ലീ ചോങ് വെയിനെയും ക്വാര്‍ട്ടറില്‍ ഒളിമ്പിക് ചാമ്പ്യന്‍ ചൈനയുടെ ചെന്‍ ലോങിനെയും അട്ടിമറിച്ചായിരുന്നു പ്രണോയ് സെമിയിലേക്ക് മുന്നേറിയത്.

DONT MISS
Top