“നോട്ടുപിന്‍വലിക്കല്‍ ഞങ്ങള്‍ക്കുണ്ടായ ആഘാതം പത്തിരട്ടിയാക്കി”, ചൈനീസ് കമ്പനികള്‍ വിപണി കീഴടക്കിയതിനേക്കുറിച്ച് മൈക്രോമാക്‌സ് സ്ഥാപകന് ചിലത് പറയാനുണ്ട്

രാഹുല്‍ ശര്‍മ

ഒരുകാലത്ത് ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ സാംസങ്ങിനോട് മത്സരിച്ച് പിടിച്ചുനിന്ന ഇന്ത്യന്‍ മൊബൈല്‍ കമ്പനിയാണ് മൈക്രോമാക്‌സ്. എന്നാല്‍ ചൈനീസ് മൊബൈല്‍ ഭീമന്മാരായ ഷവോമി, ജിയോണി, വിവോ, ഒപ്പോ എന്നിവര്‍ ഇപ്പോള്‍ ഈ വിപണി അടക്കിവാഴുമ്പോള്‍ മൈക്രോമാക്‌സ് എവിടെപ്പോയി? എവിടെയും പോയിട്ടില്ലെന്നും ഉടന്‍ പ്രതാപത്തിലേക്ക് തിരികെയെത്തുമെന്നുമാണ് മൈക്രോമാക്‌സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ പറയുന്നത്.

2015ല്‍ ഇന്ത്യന്‍ ഫോണ്‍ വിപണിയുടെ 16% കൈയടക്കി വച്ചിരുന്ന മൈക്രോമാക്‌സ് 2017 ആയപ്പോഴേക്കും വെറും 2.7% വിപണി വിഹിതത്തിലേക്ക് കൂപ്പുകുത്തി. എന്നാല്‍ ഈ രണ്ടുവര്‍ഷത്തിനിടെ മറ്റ് ചില ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കുകൂടി മൈക്രോമാക്‌സ് കൈകടത്തി. അത് ഏത് രീതിയില്‍ വിപണിയ കീഴടക്കുമെന്ന് പറയാറായി വരുന്നതേയുളളൂ എങ്കിലും ഫോണ്‍ വിപണിയില്‍ കമ്പനിക്കേറ്റ തിരിച്ചടിയെ അവിശ്വസനീയം എന്നുമാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കൂ. രാഹുല്‍ ശര്‍മ തന്നെയാണ് ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

റിലയന്‍സ് ജിയോയുടെ വരവോടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി പൂര്‍ണമായും 4ജിയിലേക്ക് മാറിയെന്നുപറയാം. അപ്പോഴും മൈക്രോമാക്‌സിന്റെ കൈവശം 2ജി, 3ജി ഫോണുകളേ ഉണ്ടായിരുന്നുള്ളൂ. അത് സൃഷ്ടിച്ച ആഘാതം പത്തിരട്ടിയാക്കിയത് നോട്ടുപിന്‍വലിക്കല്‍ നടപടിയായിരുന്നു. അദ്ദേഹം പറഞ്ഞു

ജിയോ കടന്നുവരുന്നതുവരെ വിപണിയുടെ 70% 3ജി ഫോണുകളായിരുന്നുവെന്നും ജിയോ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഈ അവസരം മുതലെടുത്താണ് 4ജി മാത്രം നല്‍കുന്ന ചൈനീസ് ഫോണുകള്‍ വിപണിയില്‍ ഇടംപിടിച്ചത്.

മടങ്ങിവരവില്‍ 10,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയിലുള്ള ഫോണുകളിലാകും കമ്പനി ശ്രദ്ധപതിപ്പിക്കുക. നിലവില്‍ എസി, ടിവി, ലാപ്‌ടോപ് എന്നിവയും മൈക്രോമാക്‌സിന്റേതായി വിപണിയിലുണ്ട്. ടിവി വിപണിയില്‍ അഞ്ചാം സ്ഥാനത്തെത്താനും മൈക്രോമാക്‌സിന് കഴിഞ്ഞു. രാജ്യത്തിന് പുറത്തേക്കും വിപണി വ്യാപിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

2011ല്‍ വിപണിയിലെ രാജാക്കന്മാരായ നോക്കിയയോട് നേരിട്ട് മത്സരിച്ച് വിപണിയില്‍ തരംഗമായിത്തീര്‍ന്നതുപോലെ മൈക്രോമാക്‌സ് ഇനിയും വിപണിപിടിക്കുമെന്നാണ് രാഹുല്‍ ശര്‍മയുടെ പ്രതീക്ഷ.

DONT MISS
Top