‘താന്‍ പഠിച്ച സ്‌കൂളിലെ ക്ലാസ് മുറികള്‍ നിര്‍മിച്ച കാര്യം പറയാന്‍ തന്നെ കാണാനെത്തിയ മെട്രോമാന്‍ തന്നെ വീഴ്ത്തികളഞ്ഞു’ തോമസ് ഐസക്ക്

കേരളമാകെ കൊച്ചി മെട്രോയുടെ ശില്‍പിയായ ഇ ശ്രീധരനെ വാനോളം പുകഴ്ത്തുമ്പോള്‍ അദ്ദേഹം മറ്റൊരു സന്തോഷം പങ്കുവെക്കാന്‍ ധനമന്ത്രി തോമസ് ഐസക്കിനെ സന്ദര്‍ശിക്കുകയാണ്. കൊച്ചി മെട്രോയോടൊപ്പം കേവലം രണ്ടരമാസം കൊണ്ട് താന്‍ പഠിച്ച സ്കൂളും നിര്‍മിച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. ഇ ശ്രീധരന്‍ കാണാനെത്തിയ വിശേഷങ്ങള്‍ പങ്കുവെച്ച് മന്ത്രി തോമസ് ഐസക്കുതന്നെയാണ് ഈ വിവരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഇ ശ്രീധരന്‍ ചെറുപ്പത്തില്‍ പഠിച്ച പട്ടാമ്പിക്കടുത്തുള്ള ചാതന്നൂര്‍ ഗവ എല്‍ പി സ്‌കൂളിലെ രണ്ട് ക്ലാസ് മുറികളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഡിഎംആര്‍സി രണ്ടരമാസം കൊണ്ട് പണിതീര്‍ത്തത്.രണ്ടു ക്ലാസ് മുറികള്‍ പണിയാന്‍ 20 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു .ഇ ശ്രീധരന്‍ പഠിച്ച സ്കൂള്‍ ആണെന്നതറിയാതെ ഡി എം ആര്‍ സി വഴി ഈ പ്രവൃത്തി ചെയ്യാനുള്ള അനുമതി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിഷേധിച്ചു . അങ്ങിനെയാണ് അദ്ധേഹം തന്‍റെയടുത്ത് വന്നത് . ഇപ്പോള്‍ അനുമതി കിട്ടിയാല്‍ മഴയ്ക്ക് മുന്‍പ് പണി തീര്‍ക്കാമെന്നായിരുന്നു എന്നദ്ദേഹം അന്ന് പറഞ്ഞത്. സാങ്കേതിക വൈതരണി മറികടക്കാന്‍ ക്യാബിനറ്റില്‍ കൊണ്ട് പോയി തീരുമാനം സര്‍ക്കാര്‍  മാറ്റിയെടുത്തു.തോമസ് ഐസക്ക് പറയുന്നു. അന്ന് പറഞ്ഞ വാക്ക് അദ്ദേഹം കൃത്യമായി പാലിച്ചുവെന്നും,  രണ്ടരമാസം കൊണ്ട് കെട്ടിടം പണി പൂര്‍ത്തിയാക്കി ക്ലാസ് മുറികളില്‍ പഠിത്തം തുടങ്ങിയെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. 

സ്കൂളില്‍ 4 ഡിവിഷനുകളിലും കിന്‍ഡര്‍ ഗാര്‍ട്ടനിലുമായി ഇപ്പോള്‍ 254 കുട്ടികള്‍ പഠിക്കുന്നു.
ഈ വര്‍ഷം 40 കുട്ടികളാണ് വര്‍ദ്ധിച്ചിരിക്കുന്നത് 
അതിലുള്ള സന്തോഷം ശ്രീധരന്‍ മറച്ചു വച്ചില്ലെന്നും,  താന്‍ പഠിച്ച എല്‍ പി സ്കൂളിലെ രണ്ടു ക്ലാസ് മുറികള്‍ പൂര്‍ത്തീകരിച്ച കാര്യം പറയാന്‍ വേണ്ടി മാത്രം എന്നെ വന്നു കണ്ട മെട്രോമാന്‍ എന്നെ വീഴ്ത്തിക്കളഞ്ഞെന്നും തോമസ് ഐസക്ക് പറയുന്നു. 

DONT MISS
Top