ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍: വമ്പന്‍ അട്ടിമറിയോടെ പ്രണോയിയും ശ്രീകാന്തും ക്വാര്‍ട്ടറില്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ വമ്പന്‍ അട്ടിമറികളോടെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. മലയാളി താരം എച്ച്എസ് പ്രണോയ് ലോക മൂന്നാം നമ്പര്‍ താരം മലേഷ്യയുടെ ലീ ചോങ് വെയിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചപ്പോള്‍ ശ്രീകാന്ത് നാലാംസീഡ് ഡെന്‍മാര്‍ക്കിന്റെ ജാന്‍യോര്‍ഗെന്‍സനെയാണ് ഞെട്ടിച്ചത്. അതേസമയം, വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന പിവി സിന്ധുവും സൈന നെഹ്‌വാളും പുറത്തായി.

കരിയറിലെ തന്റെ ഏറ്റവും മികച്ച വിജയത്തോടെയാണ് പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിരിക്കുന്നത്. ലോക റാങ്കിങ്ങില്‍ ഇരുപത്തിയഞ്ചാം സ്ഥാനത്തുള്ള പ്രണോയ്ക്ക് മുന്നില്‍ ലീയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. നേരിട്ടുള്ള ഗെയിമുകള്‍ക്ക് പ്രണോയ് മത്സരം സ്വന്തമാക്കി. സ്‌കോര്‍-21-10, 21-18. ആദ്യ ഗെയിമില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് പ്രണോയ് നടത്തിയത്. തുടക്കത്തില്‍ 6-0 ന് ലീഡെടുത്ത ഇന്ത്യന്‍ താരം അത് 10-3 ലേക്ക് നീട്ടി. പിന്നീട് വെറും ഏഴ് പോയിന്റുകള്‍ മാത്രം വിട്ടുനല്‍കി ഗെയിം സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ ലീയില്‍ നിന്ന് ശക്തമായ ചെറുത്ത് നില്‍പ് പ്രണോയിക്ക് നേരിടേണ്ടി വന്നു. 6-10 ന് പിന്നില്‍ നിന്ന ലീ 13-12 ന് ലീഡെടുത്തു. എന്നാല്‍ അവസരത്തിനൊത്തിയര്‍ന്ന ഇന്ത്യന്‍ താരം 17-14 ലേക്ക് മുന്നേറി മത്സരം സ്വന്തമാക്കി. ലീ ഒരു സാധാരണ കളിക്കാരന്റെ പ്രകടനമാണ് ഇന്ന് പുറത്തെടുത്തതെന്നും ആ അവസരം താന്‍ വിനിയോഗിച്ചെന്നും മത്സരശേഷം പ്രണോയ് പറഞ്ഞു.

യോര്‍ഗെന്‍സനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് ഇരുപത്തിരണ്ടാം റാങ്കുകാരനായ കെ ശ്രീകാന്ത് തറപറ്റിച്ചത്. സ്‌കോര്‍-21-15, 20-22, 21-16. എന്നാല്‍ വനിതാവിഭാഗത്തില്‍ സിന്ധുവും സൈനയും രണ്ടാം റൗണ്ടില്‍ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. നാലം സീഡ് സിന്ധുവിനെ അമേരിക്കയുടെ ബെയ് വെന്‍ സാങാണ് തോല്‍പ്പിച്ചത് സ്‌കോര്‍-21-15, 12-21, 18-21. സൈന തായ്‌ലന്റിന്റെ നിച്ചോണ്‍ ജിന്‍ഡാപോളിനോടാണ് കീഴടങ്ങിയത് സ്‌കോര്‍-15-21, 21-6, 16-21

DONT MISS
Top