യുദ്ധക്കൊതിയന്മാരെ അതിര്‍ത്തിയിലേക്ക് വിടണമെന്ന് സല്‍മാന്‍ ഖാന്‍; പാകിസ്താനു വേണ്ടി സംസാരിക്കരുത്, നിങ്ങള്‍ അതിര്‍ത്തി ലംഘിച്ചിരിക്കുന്നുവെന്ന് ശിവസേനയുടെ താക്കീത്

മുംബൈ: കശ്മീരിലെ സംഘര്‍ഷങ്ങളെ കുറിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ശിവസേന രംഗത്ത്. എല്ലാ അതിരുകളും ലംഘിച്ചു കൊണ്ടുള്ളതാണ് സല്‍മാന്റെ അഭിപ്രായ പ്രകടനമെന്നാണ് ശിവസേനയുടെ ആരോപണം.

കശ്മീരിലെ നിലയ്ക്കാത്ത സംഘര്‍ഷങ്ങളെ കുറിച്ചായിരുന്നു സല്‍മാന്‍ ഖാന്റെ പ്രസ്താവനയുദ്ധം ആഗ്രഹിക്കുന്നവരെ നേരിട്ട് യുദ്ധത്തിന് അയക്കുകയാണ് വേണ്ടത്.യുദ്ധമുഖത്ത് എത്തുമ്പോള്‍ അവരുടെ കൈയും കാലും വിറയ്ക്കും.ഒറ്റ ദിവസം കൊണ്ട് യുദ്ധം അവസാനിക്കുകയും ചെയ്യും.അപ്പോള്‍ അവര്‍ ഒരു മേശയ്ക്ക് ഇരുപുറവും ഇരുന്ന് പരിഹാര ചര്‍ച്ച നടത്തുമെന്നായിരുന്നു സല്‍മാന്‍ ഖാന്റെ പ്രസ്താവന. പുതിയ ചിത്രം ട്യൂബ് ലൈറ്റിന്റെ പ്രൊമോഷന് ചടങ്ങിനിടെയാണ് താരത്തിന്റെ പരാമര്‍ശം.

യുദ്ധം ബാധിക്കുന്നത് ഒരു പക്ഷത്തെ മാത്രമല്ല.. അതിര്‍ത്തിക്ക് ഇരുപുറവുമുള്ളവര്‍ യുദ്ധത്തില് മരിച്ചു വീഴുന്നുണ്ട്, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ഏകമാര്‍ഗം ചര്‍ച്ച നടത്തുക എമ്മതാണെന്നും സല്‍മാന്‍ ചടങ്ങില്‍ പറഞ്ഞു.

എന്നാല്‍ സല്‍മാന്റെ പരാമര്‍ശം എല്ലാ സീമകളും ലംഘിക്കുന്നതാണെന്നാണ് ശിവസേനയുടെ ആരോപണം. എല്ലാവരും ആഗ്രഹിക്കുന്നത് സമാധാനമാണ്.സല്‍മാന്റെ പ്രസ്താവന തികച്ചും പ്രതിഷേധാര്‍ഹമാണെന്നും ശിവസേന വിമര്‍ശിച്ചു.എന്നാല്‍ പക്വതയോടെയാണ് സല്‍മാന്‍ ഖാന്‍ കാര്യങ്ങളെ നോക്കിക്കാണുന്നതും കൈകാര്യം ചെയ്യുന്നതെന്നുമാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. അതേസമയം സല്‍മാന്റെ പ്രസ്താവനകളും വിവാദങ്ങളും പുതിയ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടിയുള്ള തന്ത്രമെന്നാണ് എന്‍സിപിയുടെ പക്ഷം.

പാകിസാതാന്‍ കലാകാരന്മാരെ ഇന്ത്യ വിലക്കിയ നടപടിയുണ്ടായപ്പോഴും സല്‍മാന്‍ ഖാന്റെ പരാമര്‍ശം വിവാദത്തിന് വഴിവെച്ചിരുന്നു. ഭീകരരും കലാകാരന്മാരും തമ്മില്‍ വ്യത്യാസമുണ്ട് എന്നായിരുന്നു അന്ന് സല്‍മാന് ഖാന്‍ പറഞ്ഞത്.

1962 ലെ ഇന്ത്യ-ചൈന യുദ്ധത്തെ അടിസ്ഥാനമാക്കിയാണ് സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ ട്യൂബ് ലൈറ്റ് വരുന്നത്. യുദ്ധത്തിന്റെ കെടുതികളാണ് ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം.

DONT MISS
Top