സു​നി​ൽ ഛേത്രി​ തിളങ്ങി; എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ കിര്‍ഗിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം

ബംഗലൂരു : നായകന്‍ സു​നി​ൽ ഛേത്രി​യു​ടെ ഗോ​ളി​ൽ എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ കിര്‍ഗിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. മല്‍സരത്തിന്റെ 69ാം മി​നി​റ്റി​ലാ​യി​രു​ന്നു മല്‍സരത്തിന്റെ ഗതി നിര്‍ണയിച്ച ഛേത്രി​യു​ടെ വി​ജ​യ​ഗോ​ൾ. വിജയത്തോടെ  ഗ്രൂ​പ്​​ ‘എ’​യി​ൽ ആ​റു പോ​യ​ൻ​റോടെ ഇ​ന്ത്യ ഒ​ന്നാം സ്​​ഥാ​ന​ത്തെ​ത്തി.

ബംഗളൂരു ശ്രീകണഠീരവ സ്റ്റേഡിയത്തില്‍ ത്രസിപ്പിക്കുന്ന പോരാട്ടത്തിലാണ് ഇന്ത്യ ജയം നേടിയത്. തുടക്കത്തില്‍ കിര്‍ഗിസ്ഥാനായിരുന്നു മൈതാനത്ത് ആധിപത്യം. ലക്സും ക്യാപ്ടന്‍ മുര്‍സയേവും ഇന്ത്യന്‍ പോസ്റ്റിലേക്ക് തുടരെ ആക്രമണം അഴിച്ചുവിട്ടു. നി​ർ​ണാ​യ​ക​മാ​യ പ​ല അ​വ​സ​ര​ങ്ങ​ളും ആ​ദ്യ നി​മി​ഷ​ങ്ങ​ളി​ൽ ത​ന്നെ കി​ർ​ഗി​സ്ഥാ​ൻ സൃ​ഷ്​​ടി​ച്ചെ​ടു​ത്തു.  എന്നാല്‍ മലയാളി താരം അനസ് എടത്തൊടികയും സന്ദേശ് ജിങ്കനും ഉള്‍പ്പെടുന്ന പ്രതിരോധനിരയും ഗോളി ഗുര്‍പ്രീത് സിങ് സന്ധുവും  ചെറുത്തു.

ആലസ്യം വിട്ടുണര്‍ന്ന ഇന്ത്യയും പിന്നീട് ആക്രമണം അഴിച്ചുവിട്ടു.  23ാം മി​നി​റ്റി​ലാ​ണ്​ ഇ​ന്ത്യ​ക്ക്​ ആ​ദ്യ അ​വ​സ​രം ലഭിക്കുന്ന​ത്. ചേത്രിയുടെ പാസ്സില്‍ ജാക്കി ചന്ദ് നല്‍കിയ ക്രോസ്സ് പക്ഷെ, ജെ​ജെയ്ക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. മൂന്ന് മിനിറ്റിനിടെ ലഭിച്ച മറ്റൊരു അവസരം ഹോളിചരണ്‍ നര്‍സാറി കിര്‍ഗിസ്ഥാന്‍ ഗോളി മതിയാഷിന്റെ കൈയിലേക്ക് അടിച്ചുകൊടുത്തു. പിന്നാലെ ഛേത്രിയുടെ മികച്ച പാസ് ജെജെ തുലച്ചു. ആദ്യപകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല.

ഇടവേളയ്ക്കുശേഷം കിര്‍ഗിസ്ഥാന്‍ ആക്രമണം ശക്തമാക്കി. 49-ാം മിനിറ്റില്‍ ഇസ്രായിലോവിന്റെ തകര്‍പ്പന്‍ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. ലക്സും മുര്‍സായേവും നിരന്തരം ഇന്ത്യന്‍ ഗോള്‍മുഖത്തെത്ത് ഭീഷണി സൃഷ്ടിച്ചെങ്കിലും, അനസും ജിങ്കനും ഗോളി സന്ധുവും പുലര്‍ത്തിയ നിതാന്ത ജാഗ്രത അപകടം ഒഴിവാക്കി.

56-ാം മിനിറ്റില്‍ ഇന്ത്യന്‍ പ്രതിരോധത്തെയും ഗോളി സന്ധുവിനെയും കിര്‍ഗിസ്ഥാന്‍ മറികടന്നെങ്കിലും ഗോള്‍ പോസ്റ്റ് വിലങ്ങുതടിയായി. ഇസ്രായിലോവിന്റെ ഷോട്ട് ഇന്ത്യന്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചു.

തൊട്ടടുത്ത നിമിഷം ഇന്ത്യ നടത്തിയ പ്രത്യാക്രമണം പക്ഷെ ഗോളിലേക്കെത്തിയില്ല. ഇടതുഭാഗത്ത്നിന്ന് നര്‍സാറി നല്‍കിയ ക്രോസ് ജെജെ ഗോള്‍മുഖത്തുവച്ച് ഛേത്രിയ്ക്ക് കൈമാറി. എന്നാല്‍ ഗോളി മാത്രം മുന്നില്‍നില്‍ക്കെ ഇന്ത്യന്‍ ക്യാപ്റ്റന്റെ ഷോട്ട് പുറത്തേയ്ക്കാണ് പോയത്.

69 ആം മിനുട്ടില്‍ പിഴവിന് പ്രായച്ഛിത്തമായി നായകന്‍ സുനില്‍ ഛേത്രിയുടെ ഗോളെത്തി. ജെ​ജെ ന​ൽ​കി​യ മ​നോ​ഹ​ര പാ​സ്​ നി​ലം​തൊ​ടു​ന്ന​തി​നു​മുമ്പേ  കി​ർ​ഗി​സ്ഥാ​ൻ ഗോ​ളിയെ നിഷ്പ്രഭനാക്കി സുനില്‍ ഛേത്രി ​വ​ല​യി​ലെത്തിച്ചു. ഗോള്‍ നേടിയതോടെ ഇന്ത്യ പ്രതിരോധം ശക്തമാക്കി. മല്‍സരത്തിന്റെ അവസാന നിമിഷങ്ങളില്‍ രണ്ട് അവസരങ്ങള്‍ ഇന്ത്യയ്ക്ക് ലഭിച്ചെങ്കിലും റോബിന്‍ സിങ്ങും സുനില്‍ ഛേത്രിയും പാഴാക്കി.

എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൌണ്ട് എ ഗ്രൂപ്പില്‍  ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ കളിയില്‍ മ്യാന്‍മറിനെയാണ് ഇന്ത്യ  തോല്‍പ്പിച്ചത്. 2019 ലെ ഏഷ്യന്‍ കപ്പിനുള്ള യോഗ്യത വിജയത്തോടെ ഇന്ത്യ സജീവമാക്കി. സെപ്തംബറില്‍ മക്കാവുവുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരം.

DONT MISS
Top