സ്‌കൂളിന് ഗ്രൗണ്ടുണ്ടാക്കാന്‍ പള്ളി പൊളിച്ചുനീക്കി; പഴയ സ്‌കൂള്‍ കെട്ടിടം പള്ളിയാക്കിമാറ്റി

പഴയ പൊളിച്ചുനീക്കപ്പെട്ട പള്ളി, പുഴയ കെട്ടിടം പുതുക്കി നിര്‍മിച്ച പള്ളി

കൊച്ചി: പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് കളിക്കാന്‍ നല്ലൊരു കളിസ്ഥലം ഇല്ലാതിരുന്നത് കോതമംഗലം വിമലഗിരി സ്‌കൂള്‍ അധികൃതരെ തെല്ലൊന്നുമല്ല വലച്ചിരുന്നത്. ഉള്ള സ്ഥലത്താകട്ടെ ഉയര്‍ന്നുനില്‍ക്കുന്നത് ഇടവകപ്പള്ളിയും. പുതിയ പള്ളി പണിയുകയാണെങ്കിലും സ്ഥല പരിമിതിയുണ്ട്താനും. ഈ അവസരത്തിലാണ് മറ്റൊരു മാര്‍ഗം പരീക്ഷിക്കാന്‍ അധികൃതര്‍ ശ്രമിച്ചത്.

എന്നാല്‍ ഇതേപ്പറ്റി മനസിലാക്കിയ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമ ജോസ് ഫ്രാന്‍സിസ് ബുദ്ധിമുട്ട് എളുപ്പത്തില്‍ പരിഹരിക്കാമെന്നേറ്റു. ഇതേത്തുടര്‍ന്ന് സ്‌കൂളിനടുത്തുള്ള 40 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ കെട്ടിടം പള്ളിയാക്കിമാറ്റുകയാണ് ഇവര്‍ ചെയ്തത്. ദുഷ്‌കരമായ നിര്‍മാണ പ്രവര്‍ത്തിയാണ് ജോസും കൂട്ടരും ഏറ്റെടുത്തതെങ്കിലും സംഗതി വിജയകരമായിത്തന്നെ ഇവര്‍ പൂര്‍ത്തീകരിച്ചു.

മൂന്ന് പില്ലറുകള്‍ സ്ഥാപിച്ച് പിന്നീട് ബീമുകളും നിര്‍മിച്ച് പഴയ കെട്ടിടം അങ്ങനെ മോടിയാക്കിമാറ്റി. പുതിയ കെട്ടിടം അങ്ങനെ പള്ളിയായി രൂപംപ്രാപിച്ചതോടെ പഴയ പള്ളി പൊളിച്ചുനീക്കി. അങ്ങനെ കുട്ടികള്‍ക്ക് കളിക്കാന്‍ ഗ്രൗണ്ടുമായി, വിശ്വാസികള്‍ക്ക് പള്ളിയും. പുതിയ പള്ളിയുടെ മുകളില്‍ സ്‌കൂളിന്റെ ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ ഗ്രൗണ്ട് വന്നതോടെ കുട്ടികള്‍ കളിച്ച് തിമിര്‍ക്കുകയാണ്.

പുതിയ പള്ളി പണിയുന്നതിന്റെ മൂന്നിലൊന്ന് ചിലവേ പഴയ കെട്ടിടം മനോഹരമായ പളളിയാക്കി മാറ്റുന്നതിന് ജോസിനും കൂട്ടര്‍ക്കും വേണ്ടിവന്നുള്ളൂ. താഴ്ന്നുപോകുന്ന വീടുകള്‍ ഉയര്‍ത്തിയെടുക്കുന്ന ജോലികളും കെട്ടിടങ്ങള്‍ നിരക്കി നീക്കുന്നതുമെല്ലാം ഇവര്‍ ഏറ്റെടുക്കാറുണ്ട്. 500 വര്‍ഷം പഴക്കമുള്ള അമ്പലം ഉയര്‍ത്തിയെടുക്കുന്ന തിരക്കിലാണ് ജോസ് ഫ്രാന്‍സിസിന്റെ കമ്പനിയായ ഇഡിഎസ്എസ് ഇപ്പോള്‍.

DONT MISS
Top