“ഫാസിസത്തിന്റെ നിയമങ്ങൾ അനുസരിക്കാനുള്ളതല്ല ലംഘിക്കാനുള്ളതാണ്”; ഉണ്ണി ആർ

ഉണ്ണി ആര്‍

തിരുവനന്തപുരം: ഫാസിസത്തിന്റെ നിയമങ്ങൾ അനുസരിക്കാനുള്ളതല്ല ലംഘിക്കാനുള്ളതാണെന്ന് എഴുത്തുകാരൻ ഉണ്ണി ആർ. രാഷ്ട്രീയപരമായ ജാഗ്രതയില്ലായ്മ മൂലമാണ് ഫാസിസം വിലക്കുകളുടെ രൂപത്തിൽ നമുക്ക് മേൽ കടന്ന് കയറുന്നതെന്ന് സംവിധായിക വിധുവിൻസന്റ് പറഞ്ഞു. കേന്ദ്രം വിലക്കിയ മൂന്ന് ഹ്രസ്വചിത്രങ്ങൾ എസ്എഫ്ഐ നേതൃത്വത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പ്രദർശിപ്പിച്ചു.

നിരോധനങ്ങളുടേതല്ല വൈവിദ്ധ്യങ്ങളുടേതാണ് ഇന്ത്യയെന്ന മുദ്രാവാക്യവുമായാണ് എസ്എഫ്ഐ യുടെ സിനിമ പ്രദർശനം നടന്നത്. കേന്ദ്ര സർക്കാരിന്റെ സിനിമ വിലക്കിനെതിരെ നടന്ന സമരത്തിനോട് ഐക്യപ്പെട്ട എഴുത്തുകാരൻ ഉണ്ണി ആർ ഫാസിസത്തിന്റെ നിയമങ്ങൾ ലംഘിക്കുന്നതാണ് ഏറ്റവും വലിയ ജനാധിപത്യ പ്രവർത്തനമെന്ന് പ്രഖ്യാപിച്ചു. ഫാസിസം കടന്ന് കയറുന്ന വഴികളെ കുറിച്ചായിരുന്നു വിധു വിൻസന്റിന്റെ ആശങ്ക.

രാജ്യത്തെ വിഭജിച്ച് മാറ്റുകയാണ് സംഘ പരിവാറെന്ന് എഴുത്തുകാരൻ പി ജെ വിൻസന്റ് കുറ്റപ്പെടുത്തി. തുടർന്ന് അന്താരാഷ്ട്ര ഡോക്യുമെന്ററി – ഹ്രസ്വചലച്ചിത്രമേളയിൽ അവതരണാനുമതി നിഷേധിച്ച ഇൻ ദി ഷേയ്ഡ് ഓഫ് ഫോളൻ ചിനാർ എന്ന കശ്മീരി ഡോക്യുമെൻററി വിദ്യാർത്ഥികൾ പ്രദർശിപ്പിച്ചു. സംസ്ഥാന വ്യാപകമായി ക്യാമ്പസുകളിൽ മൂന്ന് ചിത്രങ്ങളും പ്രദർശിപ്പിക്കാനാണ് എസ്എഫ്ഐ തീരുമാനം.

DONT MISS
Top