“സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന ഫിലിം ഫെസ്റ്റിവലുകള്‍ ബഹിഷ്‌കരിക്കൂ”; ആനന്ദ് പട്‌വര്‍ധന്‍

ആനന്ദ് പട്‌വര്‍ധന്‍

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന ഫിലിം ഫെസ്റ്റിവലുകള്‍ ബഹിഷ്‌കരിക്കണമെന്ന് സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍. സിനിമക്ക് അനുമതി നിഷേധിച്ചപ്പോള്‍ സമാന്തരമായ ഫിലിം ഫെസ്റ്റിവലുകള്‍ സംഘടിപ്പിച്ച ചരിത്രം ഓര്‍ത്തുകൊണ്ട് ഫെയ്സ്ബുക്ക് പോസ്റ്റിലാണ് പട്വര്‍ധന്‍ ഫെസ്റ്റിവലുകളെ ബഹിഷ്കരിക്കാന്‍ ആവശ്യപ്പെട്ടത്. അത്തരമൊരു നിലപാടെടുത്തതുകൊണ്ട് മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സെന്‍സര്‍ഷിപ്പ് ആവശ്യം പിന്‍വലിക്കുകയും ചെയ്തു എന്നും പട്‌വര്‍ധന്‍ പറഞ്ഞു. ഫിലിം ഫെസ്റ്റിവലുകളില്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്ന രീതി പരിഹാസ്യമാണ്. ബനാനാ റിപ്പബ്ലിക്കുകളിലല്ലാതെ ഈ രീതി കണ്ടിട്ടില്ലെന്നും പട്‌വര്‍ധന്‍ പറഞ്ഞു.

ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ മൂന്നു ഡോക്യുമെന്ററികള്‍ നിരോധിച്ച നടപടി രൂക്ഷ വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് ആനന്ദ് പട്‌വര്‍ധന്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന ഫിലിം ഫെസ്റ്റിവലുകള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നത്.
പ്രദര്‍ശനാനുമതി നിഷേധിച്ചതോടെ രോഹിത് വെമുലയുടെ ജീവിതം വിഷയമായ ദ അണ്‍ബിയറബിള്‍ ബീയിങ് ഓഫ് ലൈറ്റ്‌നെസ്, കശ്മീര്‍ യുവാക്കളുടെ പ്രതിഷേധം വിഷയമായ ഇന്‍ ദ ഷെയ്ഡ് ഓഫ് ഫോളന്‍ ചിനാര്‍, ജെഎന്‍യു സമരം വിഷയമായ മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച് എന്നീ ഡോക്യുമെന്ററികള്‍ കേരളത്തിലെ വിവിധ വേദികളില്‍ സ്‌ക്രീന്‍ ചെയ്യാന്‍ പോകുകയാണ്. സാംസ്‌കാരിക അടിയന്തരാവസ്ഥയാണ് ആര്‍എസ്എസ് ഭരണത്തിന്‍കീഴില്‍ ഇന്ത്യ അനുഭവിക്കുന്നത് എന്നാണ് ഈ നടപടി വിമര്‍ശിക്കപ്പെട്ടത്.

ഫാസിസ്റ്റ് ആധിപത്യത്തിന് എളുപ്പത്തില്‍ പിടിമുറുക്കാന്‍ പറ്റുന്ന ഒരു സാധ്യത കല ആയതുകൊണ്ട് അധികാരികള്‍ക്ക് എളുപ്പത്തില്‍ അതിന്റെ അവസാനം തീരുമാനിക്കാവുന്ന രീതിയിലാണ് സെന്‍സര്‍ ബോര്‍ഡ് പലപ്പോഴും പ്രവര്‍ത്തിക്കുന്നത്.

DONT MISS
Top