ട്രോളുകള്‍ വൈറലാക്കാന്‍ പുത്തന്‍ വിദ്യകള്‍; പഠിച്ച പണി പതിനെട്ടും പയറ്റി ട്രോളന്മാര്‍; പുത്തന്‍ ട്രെന്‍ഡ് ആയി 360 ഡിഗ്രി ട്രോള്‍സ്

കൊച്ചി : സൈബര്‍ ലോകത്തിലെ നിത്യസന്ദര്‍ശകര്‍ക്ക് ട്രോളുകള്‍ എന്നും ഹരമാണ്. പണ്ട് വാര്‍ത്തകള്‍ കണ്ടാല്‍ മാത്രമേ പല ട്രോളുകളും മനസ്സിലൂവൂ എന്നായിരുന്നെങ്കില്‍ ഇന്ന് ട്രോളുകള്‍ കണ്ടാലേ പല വാര്‍ത്തകളും മനസ്സിലാവൂ എന്ന നിലയിലേക്കെത്തിക്കഴിഞ്ഞിരിക്കുന്ന കാര്യങ്ങള്‍. ഫെയ്‌സ്ബുക്കില്‍ എണ്ണിയാല്‍ തീരാത്തത്രയും ട്രോള്‍ പേജുകള്‍ ഉള്ളപ്പോള്‍ ഒരു ട്രോള്‍ വൈറലാക്കാന്‍ പെടാപ്പാട് പെടുകയാണ് നമ്മുടെ പാവം ട്രോളന്മാര്‍. കുറിക്കുകൊള്ളുന്ന വാക്കുകള്‍ മാത്രം പോരാ ഇന്ന് ട്രോളുകളെ വൈറലാക്കാന്‍.അതുകൊണ്ടുതന്നെ ഒരു ട്രോള്‍ ഹിറ്റാക്കാന്‍ പണി പതിനെട്ടും പയറ്റുകയാണ് ഇക്കൂട്ടര്‍.

ഇപ്പോള്‍ ട്രെന്‍ഡ് 360 ഡിഗ്രി ട്രോളുകളാണ്. സാധാരണ ഫോട്ടോ ട്രോളുകളില്‍ ഒറ്റ നോട്ടത്തിലൂടെ മീം പൂര്‍ണമായി കണ്ട് കാര്യം മനസിലാക്കാം. എന്നാല്‍ 360 ഡിഗ്രി ട്രോളുകളില്‍, അവയേ നാം ഓരോ ദിശയിലേക്ക് ചലിപ്പിച്ചുവേണം കാണാന്‍. ഇത്തരം ട്രോളുകളെ മലയാളിക്ക് പരിചയപ്പെടുത്തിയതും സോഷ്യല്‍ മീഡീയയില്‍ ഏറെ പ്രചാരത്തിലെത്തിച്ചതും കൊല്ലം അഞ്ചല്‍ സ്വദേശിയായ 24കാരന്‍ ബിനു കെ വര്‍ഗീസ് ആണ്. ട്രോള്‍ റിപ്പബ്ലിക് എന്ന പേജിലൂടെയാണ് 360 ഡിഗ്രി ട്രോള്‍ ട്രെന്‍ഡിന് ബിനു തുടക്കം കുറിച്ചത്.

നിരവധി വൈറല്‍ ട്രോളുകളുടെ സൃഷ്ടാവായ ബിനുവിനെ വേണമെങ്കില്‍ സ്ഥലത്തെ പ്രധാന ട്രോളന്‍ എന്നു തന്നെ വിശേഷിപ്പിക്കാം. പറയും പോലെ അത്ര സിമ്പിളല്ല കാര്യങ്ങളെന്നാണ് ബിനു പറയുന്നത്. അഡോബ് ഫോട്ടോഷോപ്പ് ഉപയോഗിച്ചാണ് ട്രോളുകള്‍ നിര്‍മ്മിക്കുന്നത്. ട്രോളുന്നത് മാത്രമല്ല, ഇവയെങ്ങനെ നിര്‍മ്മിക്കുന്നുവെന്ന് ചോദിച്ച് വരുന്നവര്‍ക്ക് പഠിപ്പിച്ച് കൊടുക്കാറുമുണ്ട് ഈ യുവാവ്. അവസാനം വരെ സര്‍പ്രൈസ് കാത്തുസൂക്ഷിക്കാന്‍ ഇത്തരം ട്രോളുകള്‍ക്ക് കഴിയുമെന്നതാണ് പ്രത്യേകതയെന്ന് ബിനു പറയുന്നു.

കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും ബിനു വെറുമൊരു ട്രോളന്‍ മാത്രമല്ല. കാര്യവട്ടത്തെ മാധ്യമ പഠന വിഭാഗത്തില്‍ നിന്നും പത്ര പ്രവര്‍ത്തിനത്തില്‍ ബിരുദാനന്തരബിരുദം കഴിഞ്ഞ ബിനു, നിലവില്‍ ഫഌക്ക് മലയാളം എന്ന യുട്യൂബ് ചാനലിന്റെ എഡിറ്ററാണ്. റിലീസിനൊരുങ്ങുന്ന ‘ഹിമാലയത്തിലെ കശ്മലന്‍’ എന്ന ചിത്രത്തിന്റെ 360 ഡിഗ്രി പോസ്റ്റര്‍ തയ്യാറാക്കിയും ബിനു ശ്രദ്ധേയനായിരുന്നു.

ഫെയ്‌സ്ബുക്കിലിരുന്ന് ചുമ്മാ സമയം കളയുന്നവര്‍ക്കു മുന്നില്‍ മാതൃകയാവുകയാണ് ഈ യുവാവ്. സാമ്പത്തിക നേട്ടമൊന്നും ഇല്ലെങ്കിലും സ്വന്തം കഴിവുകളെ ക്രിയാത്മകമായ ട്രോളുകളായി മാറ്റി എല്ലാവരെയും രസിപ്പിക്കാം എന്നതാണ് തന്റെ സന്തോഷമെന്ന് ബിനു പറയുന്നു.

DONT MISS
Top