‘കുടിയേറ്റമെന്നത്​ പ്രസിഡൻറി​ന്റെ ‘വൺ മാൻ ഷോ’ക്കുള്ള വിഷയമല്ല’; കുടിയേറ്റ നിരോധന ഉത്തരവില്‍ ട്രംപിന് വീണ്ടും തിരിച്ചടി, ഉത്തരവ് നടപ്പാക്കുന്നത് യുഎസ് അപ്പീല്‍ കോടതി​ വീണ്ടും വിലക്കി

യാത്രാ വിലക്കിനെതിരെ നടന്ന പ്രതിഷേധം ( ഫയല്‍ ചിത്രം)

വാഷിംഗ്ടണ്‍ : കുടിയേറ്റ നിരോധന ഉത്തരവില്‍ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്  ട്രംപിന് വീണ്ടും തിരിച്ചടി.  ആറ്​ മുസ്​ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്ക്​ വിസ നിരോധിച്ച ​ ട്രംപി​ന്റെ ഉത്തരവ് നടപ്പാക്കുന്നത് യുഎസ് അപ്പീല്‍ കോടതി​ വീണ്ടും വിലക്കി.   യാത്രാനിരോധനവുമായി ബന്ധപ്പെട്ട ഫെഡറൽ  കോടതി വിധിക്കെതിരെ ഹവായ്​ സംസ്​ഥാനം നൽകിയ ഹര്‍ജിയിലാണ് അപ്പീൽ കോടതി വിധി.


ഒമ്പതാം സർക്യൂട്ട്​ അപ്പീൽ കോടതിയിലെ മൂന്ന് ജഡ്ജിമാര്‍ അടങ്ങുന്ന ബഞ്ച് ഏകകണ്ഠമായാണ് ട്രംപിന്റെ ഉത്തരവ് വിലക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. പ്രസിഡന്റ് ട്രംപിനെതിരെ കോടതി രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. കുടിയേറ്റമെന്നത്​ പ്രസിഡൻറി​ന്റെ ‘വൺ മാൻ ഷോ’ക്കുള്ള വിഷയമല്ലെന്ന്​ കോടതി അഭിപ്രായപ്പെട്ടു.

അതേസമയം, രാജ്യത്തേക്ക്​ വരുന്നവരെ പരിശോധിക്കുന്ന നടപടിക്രമങ്ങളിൽ പരിഷ്​കാരം വരുത്താൻ സർക്കാറിന്​ അവകാശമുണ്ടെന്ന്​ കോടതി പറഞ്ഞു. ട്രംപി​ന്റെ വിവാദ ഉത്തരവിനെതിരെ രാജ്യത്തെ നിരവധി കോടതികളിൽ കേസ്​ നടക്കുകയാണ്​. വിർജീനിയയിലെ നാലാം സർക്യൂട്ട്​ അപ്പീൽ​ കോടതി ഇൗയിടെ ട്രംപി​ന്റെ ഉത്തരവ്​ തടഞ്ഞ മേരിലാൻഡ്​കോടതിവിധി ശരിവെച്ചിരുന്നു.

കീഴ് കോടതി വിധികള്‍ക്കെതിരെ   ട്രംപ് ഭരണകൂടം യു എസ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്.  രാജ്യത്തെ ജനങ്ങളെ ഭീകരാക്രമണ ഭീഷണിയില്‍ നിന്നും തടയുക എന്ന ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് യാത്രിവിലക്ക് ഏര്‍പ്പെടുത്തിതെന്നാണ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് അഭിപ്രായപ്പെട്ടത്.

ഇറാന്‍, ലിബിയ, സുഡാന്‍, സിറിയ, യെമന്‍, സൊമാലിയ എന്നീ ആറു രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാർക്കും അഭയാർഥികൾക്കുമാണ്​  പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വിലക്കേർപ്പെടുത്തിയത്​.

DONT MISS
Top