ഗോവിന്ദപുരത്തെ കാണാന്‍ യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍ എത്തി; കൈ നിറയെ സഹായവും ഇനിയും കോളനിയിലെത്തുമെന്ന ഉറപ്പും; സാമൂഹ്യസേവനത്തിലൂടെ വീണ്ടും സോഷ്യല്‍മീഡിയയുടെ കയ്യടി നേടി സന്തോഷ് പണ്ഡിറ്റ്

പാലക്കാട്: എന്നും വിവാദങ്ങളില്‍ മാത്രം നിറഞ്ഞ് നിന്നിരുന്ന സന്തോഷ് പണ്ഡിറ്റിനെക്കുറിച്ച് എന്തായാലും കുറച്ച് കാലമായി കേള്‍ക്കുന്നതെല്ലാം നല്ല കാര്യങ്ങള്‍ മാത്രമാണ്. പ്രത്യേകിച്ച് മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിന് ശേഷം. ഷോയില്‍ പങ്കെടുത്ത് കിട്ടിയ തുകയില്‍ ഒരു പങ്ക് അട്ടപ്പടിയിലെ ആദിവാസി ഊരുകളില്‍ കഴിയുന്ന പാവപ്പെട്ടവര്‍ക്ക് സഹായം നല്‍കാന്‍ പണ്ഡിറ്റ് മാറ്റിവെച്ചിരുന്നു. ഊരുകളില്‍ നേരിട്ടെത്തി സന്തോഷ് പണ്ഡിറ്റ് സഹായം കൈമാറിയതും അന്ന് വലിയ വാര്‍ത്തയായിരുന്നു. ഇനിയും സഹായങ്ങള്‍ ഉണ്ടാകുമെന്നും താരം അന്ന് വാക്ക് നല്‍കിയിരുന്നു.

തന്റെ സിനിമകള്‍ ഹിറ്റായാല്‍ വീണ്ടും ഇത്തരം സഹായങ്ങള്‍ തുടരുമെന്ന ഉറപ്പ് സന്തോഷ് ഇപ്പോള്‍ പാലിച്ചിരിക്കുകയാണ്. ഇത്തവണ ഗോവിന്ദപുരത്തെ അംബേദ്കര്‍ കോളനി നിവാസികള്‍ക്കാണ് പണ്ഡിറ്റ് സഹായം നല്‍കിയിരിക്കുന്നത്. സന്തോഷ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന മമ്മുട്ടി നായകനായ മാസ്റ്റര്‍ പീസ് എന്ന ചിത്രത്തിന്റെയും നേരത്തെ അഭിനയിച്ച തമിഴ് സിനിമയുടെ പ്രതിഫല തുകയുടെയും ഒരു പങ്കാണ് പാലക്കാട് ഗോവിന്ദപുരത്തെ അംബേദ്ക്കര്‍ കോളനി നിവാസികള്‍ക്കായി നല്‍കിയത്.

ജാതീയ വിവേചനത്തിന്റെയും വികസനമുരടിപ്പിന്റെയും പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ കോളനിയിലെത്തിയ പണ്ഡിറ്റ് വീടുകളില്‍ നേരിട്ടെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പ്രശ്‌നങ്ങള്‍ പഠിച്ച പണ്ഡിറ്റ് അരി ഉള്‍പ്പടെയുളള ആഹാര സാധനങ്ങളും പഠിക്കുന്ന കുട്ടികളുളള വീടുകളില്‍ പുസ്തകം ഉള്‍പ്പടെയുളള സഹായവും കുറച്ച് പണവും നല്‍കിയാണ് മടങ്ങിയത്. തുടര്‍സഹായത്തിന് താന്‍ മുന്നിലുണ്ടാകുമെന്നും കൂടുതല്‍ സഹായങ്ങള്‍ നല്‍കാന്‍ താല്പര്യമുളളവരെ കണ്ടെത്തിക്കൊടുക്കുമെന്നും പണ്ഡിറ്റ് കോളനി നിവാസികള്‍ക്ക് ഉറപ്പ് നല്‍കി.

കോളനിയിലെ അറുനൂറോളം ആളുകള്‍ക്ക് സഹായം നല്‍കാനായെന്നാണ് സന്തോഷ് പറയുന്നത്. ഒരാഴ്ച കഴിഞ്ഞ് വീണ്ടും കോളനിയിലെത്തുമെന്നും സന്തോഷ് കോളനി നിവാസികളോട് പറഞ്ഞു.

DONT MISS
Top