ഷവോമി റെഡ്മി സീരിസിലെ 6 ജിബി റാം ഫോണ്‍ വൈകാതെ എത്തിയേക്കും; ഏറ്റവും വലിയ പ്രത്യേകത താരതമ്യേനയുളള വിലക്കുറവുതന്നെ; മത്സരം കൂള്‍പാഡ്-ലീക്കോ കൂട്ടുകെട്ടിനോട്

റെഡ്മി പ്രോ

ഷവോമി എന്ന ചൈനീസ് മൊബൈല്‍ കമ്പനി വെട്ടിപ്പിടിച്ച നേട്ടങ്ങളേക്കുറിച്ചും നേടിയെടുത്ത വിജയങ്ങളേക്കുറിച്ചും ഒരോ ടെക് പ്രേമികള്‍ക്കും നല്ല ബോധ്യമുണ്ട്. ഒരു കൂട്ടം ഫോണുകളെ ചൈന ഫോണുകള്‍ എന്നുവിളിച്ച് അധിഷേപിക്കുന്ന കാലത്താണ് കളത്തിലേക്ക് ഷവോമിയെത്തുന്നത്. പിന്നീടങ്ങോട്ട് ഷവോമിയുടെ നാളുകളായിരുന്നു.

റെഡ്മി സീരിസ് ഫോണുകളാണ് ഷവോമിയുടെ തലവര മാറ്റിയത്. അതില്‍ റെഡ്മി നോട്ട് 3 എന്ന മോഡല്‍ വില്‍പനയില്‍ പുതുചരിത്രം രചിച്ചു. പിന്നീട് റെഡ്മി നോട്ട് 4 വന്നു. ഇനി റെഡ്മി നോട്ട് 5 വരാനിരിക്കുന്നു. എന്നാലിപ്പോള്‍ 6 ജിബി റാമുള്ള ഫോണ്‍ അവതരിപ്പിക്കാനുള്ള തിരക്കിലാണ് ഷവോമി. റെഡ്മി പ്രോ 2 എന്ന പേരിലാകും ഫോണ്‍ ഓണ്‍ലൈന്‍ വിപണിയിലെത്തുക.

റെഡ്മി പ്രോ ചൈനയില്‍ ഇറങ്ങിക്കഴിഞ്ഞു. 4 ജിബി റാമാണ് പ്രോയ്ക്കുള്ളത്. ഇന്ത്യന്‍ രൂപയില്‍ 15500ന് അടുത്തുവരും വില. എന്നാല്‍ 6 ജിബി റാമുള്‍പ്പെടുന്ന പ്രോ 2 ന്റെ വില 17000-18000 രൂപയാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രതീക്ഷകള്‍ പോലെതന്നെ സംഭവിച്ചാല്‍ ഒരു 6ജിബി റാം ഫോണിന് താരതമ്യേനയുള്ള ഏറ്റവും ചെറിയ വിലയാകും പ്രോ 2ന്റേത്. പിന്നില്‍ രണ്ടുക്യാമറകളും പ്രോ, പ്രോ 2 എന്നിവയ്ക്കുണ്ട്.

എന്നാല്‍ താരതമ്യേന ചെറിയ വിലയ്ക്ക് ഷവോമി 6 ജിബി റാമുള്ള ഒരു ഫോണ്‍ വിപണിയിലെത്തിക്കുന്നത് എന്തിനാണ്? അല്ലെങ്കില്‍ ആരോട് മത്സരിക്കാനാണ്? ഉത്തരം ഒന്നേയുള്ളു, കൂള്‍പാഡ് കൂള്‍ പ്ലേ 6 എന്ന ഭീകരനുമായി മത്സരിക്കാന്‍. കൂള്‍പാഡും ലീഇക്കോയും ചേര്‍ന്ന് അവതരിപ്പിക്കുന്ന കൂള്‍പാഡ് കൂള്‍ സീരിസിലെ പ്ലേ 6 എന്ന ഫോണ്‍ കോണ്‍ഫിഗറേഷന്‍ കൊണ്ട് ചൈനയുടെ ടെക് വിപണിയെ ഞെട്ടിച്ചിരിക്കുകയാണ്. 4കെ റെക്കോര്‍ഡിംഗ് ശേഷിയുള്ള രണ്ട് പിന്‍ ക്യാമറയുളള ഫോണ്‍ 6 ജിബി റാമുമായാണ് അവതരിച്ചിരിക്കുന്നത്. വില 15000 ഇന്ത്യന്‍ രൂപയോടടുത്തും.

കൂള്‍പാഡ് കൂള്‍ പ്ലേ 6 ഇന്ത്യയിലെത്തിയാല്‍ അത് വില്‍പ്പനയില്‍ പുതുതരംഗം തീര്‍ക്കുമെന്നുറപ്പ്. കൂള്‍പാഡ് കൂള്‍ 1 എന്ന കൂള്‍പാഡ്-ലീക്കോ സഖ്യത്തിലെ ആദ്യ ഫോണിന് വന്‍ വന്‍ വരവേല്‍പ് ലഭിച്ച സാഹചര്യത്തില്‍ പ്ലേ 6 തകര്‍ത്തുവാരുകതന്നെ ചെയ്യും. എന്നാല്‍ ചൈനയിലെ വിലയേക്കാള്‍ അല്‍പം വില ഇവിടെ വരുമ്പോള്‍ വര്‍ദ്ധിച്ചേക്കാം. 11% ഓഹരി സ്വന്തമാക്കിക്കൊണ്ട് കൂള്‍പാഡിന്റെ ഏറ്റവും വലിയ ഓഹരിയുടമയായി ലീക്കോ മാറിയിട്ട് അധിക കാലമായില്ലെങ്കിലും കൂള്‍പാഡ് എന്ന ബ്രാന്‍ഡിന്റെ മുഖച്ഛായ തന്നെ മാറിയ കാര്യമായി ഈ ലീക്കോ ബന്ധം.

എന്തായാലും ഒരല്‍പം കാത്തിരുന്നാല്‍ 6 ജിബി റാമുളള സ്മാര്‍ട്ട് ഫോണുമായി ചെത്തിനടക്കാമെന്നുറപ്പ്. ഒപ്പം മികച്ച ക്യാമറയുംകൂടിയാകുമ്പോള്‍ ഫോണുകള്‍ കൂടുതല്‍ മികച്ച സഹചാരിയായി മാറുകയും ചെയ്യും.

DONT MISS
Top