‘നിങ്ങള്‍ വിലക്കൂ, ഞങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഫാസിസത്തിന് മുന്നില്‍ കേരളം തലകുനിക്കില്ല’; കേന്ദ്രം വിലക്കിയ മൂന്ന് ഹ്രസ്വചിത്രങ്ങളും ക്യാമ്പസുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് എസ്എഫ്ഐ

രോഹിത്ത് വെമുല, എസ്എഫ്ഐ പതാക

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വിലക്ക് മൂന്ന് ഹസ്വചിത്രങ്ങള്‍ക്ക് ലഭിച്ചത് കേരളത്തിലെ സജീവ ചര്‍ച്ചയായിരുന്നു. എന്നാലിതാ നിങ്ങള്‍ വിലക്കിയാലും ഞങ്ങള്‍ പ്രദര്‍ശിപ്പിക്കും എന്ന് പ്രഖ്യാപിച്ച് രംഗത്തെത്തുകയാണ് എസ്എഫ്‌ഐ. അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചിത്ര മേളയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ മൂന്ന് സിനിമകളും എസ്എഫ്‌ഐ ക്യാമ്പസുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വിജിന്‍ പ്രഖ്യാപിച്ചു. മേളയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ബോംബുകൊണ്ടും വടിവാളുകൊണ്ടും അല്ല, സംഗീതം കൊണ്ടും കല കൊണ്ടും തങ്ങള്‍ സ്വാതന്ത്ര്യം നേടുമെന്നു പ്രഖ്യാപിക്കുന്ന കാശ്മീരി യുവാക്കളെ ഇന്ത്യയിലെ ജനങ്ങള്‍ കണ്ടാല്‍, സംഘപരിവാറിന്റെ ദേശസ്‌നേഹത്തിന്റെ തനി നിറം പുറത്തുവരുമെന്ന് കേന്ദ്രത്തിനറിയാമെന്ന് എസ്എഫ്‌ഐ പറയുന്നു. സംഘപരിവാര്‍ വിമര്‍ശനങ്ങളെ ഭയക്കുന്നുവെന്നതാണ് ഇതിന് കാരണം. ജെഎന്‍യുവിലെ പ്രക്ഷോഭം ജനങ്ങള്‍ കാണുന്നതിനെ സംഘപരിവാര്‍ ഭയക്കുന്നു. രോഹിത് വെമുലയെയും ഭയക്കുന്നു. ആ ഭയമാണ് തങ്ങളുടെ ശക്തിയെന്ന് എസ്എഫ്‌ഐ പറയുന്നു. തങ്ങള്‍ ശരിയായ പാതയിലാണ് എന്ന് തെളിയിക്കുന്നതാണ് സംഘിന്റെ ഈ ഭയം.

‘നിങ്ങള്‍ വിലക്കൂ. ഞങ്ങള്‍ പ്രദര്‍ശിപ്പിക്കും. വിലക്കുകള്‍ പൊട്ടിച്ചെറിഞ്ഞതാണ് ചരിത്രം’ എന്നും വിജിന്‍ പറയുന്നു. വിലക്കുകള്‍ പൊട്ടിച്ചെറിഞ്ഞപ്പോഴാണ് നമുക്ക് സ്വാതന്ത്ര്യം പോലും കിട്ടയത്. ചരിത്രകാലം മുതല്‍ അതിന് നേതൃത്വം കൊടുത്തതാകട്ടെ ക്യാമ്പസുകളാണെന്നും എസ്എഫ്‌ഐ ഓര്‍മ്മിപ്പിക്കുന്നു. ഇന്ത്യക്ക് കേരളം വഴികാട്ടിയാകുന്നതും അങ്ങനെയാണ്. ഏത് വലിയ ചങ്ങലക്കണ്ണികള്‍ ഇട്ട് വിലക്കിയാലും അതൊക്കെ പൊട്ടിച്ച് ക്യാമ്പസുകള്‍ ഈ സിനിമകള്‍ കാണും. ഈ മേള നടക്കുന്നത് ആ കേരളത്തിലാണ്, ഫാസിസത്തിന് മുന്നില്‍ കേരളം തലകുനിക്കില്ല എന്ന് പ്രഖ്യാപിച്ചാണ് വിജിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

പത്താമത് കേരള അന്തര്‍ദേശീയ ഡോക്യുമെന്ററി- ഹ്രസ്വചിത്ര മേളയില്‍ മൂന്ന് ചിത്രങ്ങള്‍ക്കാണ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ പ്രദര്‍ശന വിലക്ക് ലഭിച്ചത്. രോഹിത് വെമുല, കശ്മീര്‍, ജെഎന്‍യു വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങള്‍ക്കാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. രാജ്യത്ത് സാംസ്‌കാരിക അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പ്രതികരിച്ചിരുന്നു. മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കമല്‍ വ്യക്തമാക്കി. എന്നാല്‍ ഫെസ്റ്റിവെല്‍ ആരംഭിക്കാന്‍ അധികം ദിവസം ഇല്ലാത്തതിനാല്‍ അപ്പീലില്‍ അനുകൂല തീരുമാനത്തിന് സാധ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയെ കുറിച്ച് പ്രതിപാദിക്കുന്ന ബീയിംഗ് ഓഫ് ലൈറ്റ്‌നസ്, കശ്മീര്‍ വിഷയത്തെ കുറിച്ച് പറയുന്ന ഇന്‍ ദ ഫേഡ് ഓഫ് ഫോളന്‍ ചിനാര്‍, ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് പറയുന്ന മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച് എന്നീ ചിത്രങ്ങള്‍ക്കാണ് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്. ഇതില്‍രണ്ടെണ്ണം മത്സരവിഭാഗത്തിലും ഒരെണ്ണം ഫോക്കസ് വിഭാഗത്തിലും പ്രദര്‍ശിപ്പിക്കാനാണ് നിശ്ചയിച്ചിരുന്നത്. ഈ മാസം 16 മുതല്‍ 20 വരെ തിരുവനന്തപുരത്താണ് അന്തര്‍ദേശീയ ഡോക്യുമെന്ററിഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെല്‍ നടക്കുന്നത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്.

DONT MISS
Top