ഫ്രഞ്ച് ഓപ്പണില്‍ പത്താംകിരീടത്തില്‍ മുത്തമിട്ടു; പുതുചരിത്രം രചിച്ച് നദാല്‍

പാരീസ്: റഫേല്‍ നദാല്‍ റൊളാണ്ട് ഗാരോസില്‍ കുറിച്ചത് പുതുചരിത്രം. ഫ്രഞ്ച് ഓപ്പണിലെ പത്താം കിരീടത്തില്‍ മുത്തമിട്ട് നദാല്‍ ആധുനിക ടെന്നീസില്‍ സമാനതകളില്ലാത്ത നേട്ടത്തിന് ഉടമയായി. ഫൈനലില്‍ സ്വിസ് താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് നദാല്‍ കിരീടം ചൂടിയത്. സ്‌കോര്‍ 6-2, 6-3, 6-1

ഓപ്പണ്‍ യുഗത്തില്‍ ഒരു ഗ്രാന്റ് സ്ലാം കിരീടം പത്തുതവണ നേടുന്ന ആദ്യ താരമെന്ന ബഹുമതിയാണ് നദാല്‍ സ്വന്തമാക്കിയത്.


വാവ്‌റിങ്കയ്‌ക്കെതിരെ വ്യക്തമായ ആധിപത്യത്തോടെയാണ് നദാല്‍ വിജയം നേടിയത്. ആദ്യ സെറ്റ് മുതല്‍ ആധിപത്യം പുലര്‍ത്തിയ നദാല്‍ ഒരിക്കല്‍ പോലും എതിരാളിക്ക് അവസരം നല്‍കിയില്ല. ആദ്യ സെറ്റിലെ നാലാം ഗെയിമില്‍ വാവ്‌റിങ്കയെ ബ്രേക്ക് ചെയ്ത നദാല്‍ 6-2 ന് സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും മറിച്ചൊന്നും സംഭവിച്ചില്ല. ആദ്യ സെറ്റില്‍ നിന്നും ഒരു പോയിന്റ് കൂടി അധികം നേടാനെ സ്വിസ് താരത്തിന് കഴിഞ്ഞുള്ളൂ. മൂന്നാം സെറ്റില്‍ എതിരാളിയെ നിഷ്പ്രഭമാക്കി 6-1 ന് മത്സരവും കിരീടവും സ്‌പെയിനിന്റെ രാജകുമാരന്‍ സ്വന്തമാക്കി.


നീണ്ട മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നദാല്‍ ഒരു ഗ്രാന്റ് സ്ലാം കിരീടം നേടുന്നത്. ഏറ്റവും ഒടുവില്‍ 2014 ല്‍ ഫ്രഞ്ച് ഓപ്പണായിരുന്നു നദാല്‍ അവസാനമായി സ്വന്തമാക്കിയ ഗ്രാന്റ് സ്ലാം. റൊളാണ്ട് ഗാരോസില്‍ കളിച്ച പത്ത് ഫൈനലിലും കിരീടം നേടാനും നദാലിന് സാധാച്ചു. നേരത്തെ 2005 മുതല്‍ 2008 വരെയും 2010 മുതല്‍ 2014 വരെയും തുടര്‍ച്ചയായി ഫ്രഞ്ച് ഓപ്പണില്‍ നദാല്‍ മുത്തമിട്ടിരുന്നു.

തന്റെ പതിനഞ്ചാം ഗ്രാന്റ് സ്ലാം കിരീടമാണ് നദാല്‍ ഇന്ന് സ്വന്തമാക്കിയത്. ഇതില്‍ പത്തും കളിമണ്‍ കോര്‍ട്ടില്‍ നിന്ന്. വിംബിള്‍ഡണ്‍ (2008, 2010), യുഎസ് ഓപ്പണ്‍ (2010, 2013), ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ (2009) എന്നിവയാണ് റാഫയുടെ മറ്റ് ഗ്രാന്റ് സ്ലാം കിരീടങ്ങള്‍.

DONT MISS
Top