ഫ്രഞ്ച് ഓപ്പണ്‍: ചരിത്രം കുറിച്ച് ഒസ്റ്റാപിങ്കൊ; പത്തില്‍ മുത്താന്‍ നദാല്‍ ഇന്നിറങ്ങും

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനലില്‍ ഇന്ന് സ്‌പെയിനിന്റെ റഫേല്‍ നദാലും സ്വിറ്റ്‌സര്‍ലണ്ടിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയും ഏറ്റുമുട്ടും. ചരിത്ര നേട്ടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നദാല്‍ കലാശപ്പോരാട്ടത്തിന് ഇറങ്ങുന്നത്. ഇന്ന് കിരീടം ചൂടിയാല്‍ റൊളാണ്ട് ഗാരോസില്‍ തന്റെ പത്താം കിരീടത്തിലാണ് നദാല്‍ മുത്തമിടുക. ആധുനിക ടെന്നീസ് ചരിത്രത്തില്‍ ആരും കൈവശപ്പെടുത്തിയിട്ടില്ലാത്ത ഈ സുവര്‍ണ നേട്ടമാണ് നദാലിനെ കാത്തിരിക്കുന്നത്.

നേരത്തെ കളിച്ച ഒമ്പത് ഫൈനലുകളിലും കിരീടം കൈവിടാതെ കാക്കാന്‍ റാഫയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ മികവാണ് നദാലിന് മേധാവിത്വം നല്‍കുന്നത്. പക്ഷെ എതിരാളിയായ വാവ്‌റിങ്ക രണ്ടും കല്‍പ്പിച്ചാണ് വരവ്. നദാലിന് വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള എതിരാളി വാവ്‌റിങ്കയില്‍ ഉണ്ട്. അതിനാല്‍ വിജയം നദാലിന് എളുപ്പമാകില്ലെന്ന് ഉറപ്പ്. സെമിയില്‍ ലോക ഒന്നാം നമ്പര്‍ ആന്റി മറയെ മാരത്തോണ്‍ മത്സരത്തില്‍ മറികടന്നാണ് വാവ്‌റിങ്കയുടെ വരവ്. അഞ്ച് സെറ്റ് നീണ്ട പോരാട്ടം അവസാനിക്കാന്‍ നാലുമണിക്കൂറും 34 മിനിട്ടും വേണ്ടിവന്നു. മറുവശത്ത് നദാലിന്റെ സെമി വിജയം അനായാസമായിരുന്നു. അട്ടിമറികളുടെ വീരഗാഥയുമായെത്തിയ ഡൊമനിക് തീമിനെ എതിരില്ലാത്ത സെറ്റുകള്‍ക്കാണ് നദാല്‍ തകര്‍ത്തത്. ടൂര്‍ണമെന്റില്‍ ഒരു സെറ്റ് പോലും കൈവിടാതെയാണ് റാഫ ഫെനലില്‍ എത്തിയിരിക്കുന്നത്.

വനിതാ വിഭാഗത്തില്‍ ചരിത്രം രചിച്ച് ഒസ്റ്റാപിങ്കൊ

ഫ്രഞ്ച് ഓപ്പണ്‍ വനിതാ വിഭാഗം കിരീടത്തിന് പുതുഅവകാശി. ലാത്വിയയുടെ യെലേന ഒസ്റ്റാപിങ്കൊ ഇന്നലെ റൊളാണ്ട് ഗാരോസില്‍ കുറിച്ചത് ചരിത്രം. കളിമണ്‍ കോര്‍ട്ടിലൂടെ തന്റെ ആദ്യ ഗ്രാന്റ് സ്ലാം കിരീടത്തില്‍ മുത്തമിട്ട ഒസ്റ്റാപിങ്കൊ തന്റെ രാജ്യത്തിനും പുതുമേല്‍വിലാസം നല്‍കി. ഗ്രാന്റ് സ്ലാം കിരീടം നേടുന്ന ആദ്യ ലാത്വിയന്‍ താരമായി ഒസ്റ്റാപിങ്കൊ മാറി. ഒപ്പം ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന ഏറ്റവും താഴ്ന്ന റാങ്കിലുള്ള താരവും.

സീഡ് ചെയ്യപ്പെടാതെ ടൂര്‍ണമെന്റിനെത്തിയ താരം, മൂന്നാം സീഡും മുന്‍ ലോക ഒന്നാം നമ്പറുമായ സിമോണ ഹാലപ്പിനെ ആവേശകരമായ മത്സരത്തില്‍ അട്ടിമറിച്ചാണ് ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടത്. സ്‌കോര്‍ 4-6, 6-4, 6-3.

ആദ്യ സെറ്റ് നഷ്ടപ്പെടുകയും രണ്ടാം സെറ്റില്‍ 0-4 ന് പിന്നിട്ട് നില്‍ക്കുകയും ചെയ്ത ശേഷമായിരുന്നു ഒസ്റ്റപിങ്കൊയെന്ന ഇരുപതുകാരി തന്റെ വിശ്വരൂപം കാട്ടിയത്. തുടര്‍ച്ചയായി ആറു ഗെയിമുകള്‍ നേടി സെറ്റ് സ്വന്തമാക്കിയ താരം മൂന്നാം സെറ്റില്‍ ആധിപത്യം പുലര്‍ത്തിയാണ് മത്സരവും കിരീടവും സ്വന്തമാക്കിയത്. മത്സരം ഒരു മണിക്കൂറും 59 മിനിട്ടും നീണ്ടുനിന്നു. അങ്ങനെ ഫൈനല്‍ തോല്‍വി ആവര്‍ത്തിക്കാനായിരുന്നു ഹാലെപ്പിന്റെ വിധി. 2014 ല്‍ മരിയാ ഷറപ്പോവയോടായിരുന്നു ഹാലെപ് തോറ്റത്.

ഇതിന് മുന്‍പ് 1933 ലാണ് സീഡ് ചെയ്യപ്പെടാത്ത ഒരുതാരം ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടത്.

DONT MISS
Top