ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ കേന്ദ്രം സെന്‍സര്‍ അനുമതി നിഷേധിച്ച ഡോക്യുമെന്ററി, ‘ഇന്‍ ദ ഷെയ്ഡ് ഓഫ് ഫോളന്‍ ചിനാര്‍’

ഇന്‍ ദ ഷെയ്ഡ് ഓഫ് ഫോളന്‍ ചിനാറില്‍ നിന്ന്

കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ മൂന്നു പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡോക്യുമെന്ററികള്‍ക്ക് കേന്ദ്രം അനുമതി നിഷേധിച്ചതോടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് കത്തിവെക്കുന്ന വലതുപക്ഷ ഹിംസ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ദേശീയതയുടെ പ്രശ്നം ഉന്നയിക്കുന്നതും ഇന്ത്യന്‍ ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യുന്നതുമായ തൊട്ടാല്‍ പൊള്ളുന്ന ചോദ്യങ്ങളെ കേന്ദ്രത്തിന് ഭയമാണെന്ന് ഇതില്‍ നിന്ന് വ്യക്തം. പത്താമത് ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ തഴയപ്പെട്ട ഈ മൂന്നു ചിത്രങ്ങളും കൈകാര്യം ചെയ്യുന്നത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കത്തിനില്‍ക്കുന്ന വിഷയങ്ങളാണ്. കശ്മീര്‍ പ്രശ്‌നം, രോഹിത് വെമുല, ജെഎന്‍യു എന്നിവയെപ്പറ്റി പറയുന്നതാണ് ഈ മൂന്നു ചിത്രങ്ങള്‍.

ഇന്‍ ദ ഷെയ്ഡ് ഓഫ് ഫോളന്‍ ചിനാര്‍, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ആത്മഹത്യ ചെയ്ത ദലിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയെക്കുറിച്ചുള്ള, രാമചന്ദ്രന്‍ പിഎം സംവിധാനം ചെയ്ത അണ്‍ബെയറബ്ള്‍ ബീയിങ് ഓഫ് ലൈറ്റ്‌നെസ്, ജെഎന്‍യു സമരത്തെക്കുറിച്ചുള്ള, കാത്തു ലൂക്കോസ് സംവിധാനം ചെയ്ത മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച് എന്നിവയാണ് ആ മൂന്നു ചിത്രങ്ങള്‍. പ്രദര്‍ശനാനുമതി നിഷേധിച്ചു എന്ന കാര്യം അറിയുന്നത് വാര്‍ത്ത പുറത്തുവന്നപ്പോള്‍ മാത്രമാണ് ഇക്കാര്യം അറിയുന്നതെന്ന് ഇന്‍ ദ ഷെയ്ഡ് ഓഫ് ഫോളന്‍ ചിനാര്‍ സംവിധായകരില്‍ ഒരാളായ ഷോണ്‍ സെബാസ്റ്റിയന്‍ പറയുന്നു.

ദേശവിരുദ്ധരുടെ താവളം എന്ന് ദേശീയവാദികള്‍ വിശേഷിപ്പിച്ച ജെഎന്‍യു ഇപ്പോഴും പ്രശ്‌നബാധിത മേഖലയായി തുടരുന്നു. രോഹിത് വെമുലയുടെ ആത്മഹത്യയില്‍ നിന്ന് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാന്‍ അദേശദ്രോഹ മുദ്രാവാക്യം വിളിച്ചെന്നുകാണിക്കാന്‍ വ്യാജവീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ച് ഉമര്‍ ഖാലിദ് അടക്കമുള്ള വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചു.

രോഹിത് വെമുലയ്ക്ക് ഇപ്പോഴും നീതി കിട്ടിയിട്ടില്ല. രോഹിതിന്റെ വ്യവസ്ഥാപിത ജാതി കൊലപാതകത്തിന് കാരണമായ ഭരണാധികാരികള്‍ തന്നെയാണ് ഇപ്പോഴും ഹൈദരാബാദ് സര്‍വകലാശാല ഭരിക്കുന്നത്. ഫാസില്‍ എന്‍സിയും ഷോണ്‍ സെബാസ്റ്റിയനും സംവിധാനം ചെയ്ത ഇന്‍ ദ ഷെയ്ഡ് ഓഫ് ഫോളന്‍ ചിനാര്‍ ഇന്നും പരിഹരിക്കപ്പെടാത്ത കശ്മീര്‍ പ്രശ്‌നത്തിന്റെ ആഴം തുറന്നുകാട്ടുന്നു. ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു മുമ്പാണ് കശ്മീരില്‍ ഈ ഡോക്യുമെന്ററി ചിത്രീകരിച്ചത്.

DONT MISS
Top