പശു ‘പാവന ദേശീയ സ്വത്ത്’, കന്നുകാലികളെ കൊല്ലുന്നത് ജാമ്യമില്ലാ കുറ്റമാക്കി നിയമം ഭേദഗതി ചെയ്യാന്‍ തെലങ്കാനയ്ക്കും ആന്ധ്രാപ്രദേശിനും ഹൈക്കോടതി നിര്‍ദേശം

പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: പശു ‘പാവനമായ ദേശീയ സ്വത്താ’ണെന്ന് ചൂണ്ടിക്കാട്ടി കന്നുകാലികളെ കൊല്ലുന്നത് ജാമ്യമില്ലാ കുറ്റമാക്കി ഭേദഗതി ചെയ്യാന്‍ തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഐപിസി 429 പരിഷ്‌കരിച്ച് ശിക്ഷ ജാമ്യമില്ലാത്തതാക്കണമെന്നാണ് കോടതി തെലുഗു സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്.

ജസ്റ്റിസ് ബി ശിവ ശങ്കര റാവുവാണ് ഈ വിധി പ്രഖ്യാപിച്ചത്. നല്‍ഗൊണ്ടയിലെ രാമാവത് ഹനുമ എന്നയാളുടെ പരാതി തള്ളിക്കൊണ്ടാണ് ഭേദഗതി ആവശ്യപ്പെട്ടത്. ബക്രീദ് കാലത്ത് മാംസം വില്‍ക്കാനായി പരാതിക്കാരന്‍ പശുക്കളെയും പോത്തുകളെയും വാങ്ങിവെച്ചിരുന്നു. കര്‍ഷകരില്‍ നിന്നാണ് ഇവയെ വാങ്ങിയത്. കന്നുകാലികളെ പൊലീസ് കണ്ടുകെട്ടി. 1960ലെ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് ആക്ടിന്റെ 11, 26 വകുപ്പുകള്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 429ന്റെ അത്രയും ശക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കന്നുകാലികളെ ഗോശാലയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടപ്പോള്‍, അവയെ താന്‍ തന്നെ സൂക്ഷിച്ചുകൊള്ളാം എന്ന് പരാതിക്കാരന്‍ അറിയിച്ചു. ഭാരതത്തില്‍ ഭൂരിഭാഗം ജനങ്ങള്‍ക്കും പശു അമ്മയ്ക്ക് പകരമാണെന്നും ദൈവമാണെന്നും, കൊല്ലപ്പെടാന്‍ പാടില്ലാത്ത ജീവിയാണ് എന്നും അതുകൊണ്ട് തന്നെ പശു പരിപാവനമായ ദേശീയ സ്വത്താണെന്നും ആരും പശുവിനെ കൊല്ലാന്‍ പാടില്ലെന്നും ജസ്റ്റിസ് ശിവശങ്കര്‍ റാവു പറഞ്ഞു.

ബക്രീദ് കാലത്ത് ആരോഗ്യമുള്ള പശുക്കളെ കൊല്ലുന്നത് മുസ്‌ലിങ്ങളുടെ അടിസ്ഥാന അവകാശങ്ങളില്‍ പെടില്ലെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. ദലിത്, മുസ്‌ലിം ജനസംഖ്യയ്ക്ക് പലരീതിയിലും ഭൂരിപക്ഷമുള്ള തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ ഈ ശിക്ഷാ ഭേദഗതി നടപ്പിലാക്കുകയാണെങ്കില്‍ രാഷ്ട്രീയാധികാരമില്ലാത്ത ഈ വിഭാഗങ്ങള്‍ വലിയ വെല്ലുവിളി നേരിടുക തന്നെ ചെയ്യും.

കശാപ്പുശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് പിടിച്ചെടുത്ത പശുക്കളെയും പോത്തുകളെയും ഇടക്കാല കസ്റ്റഡിയില്‍ വേണമെന്ന് ഒരാള്‍ക്ക് ആവശ്യപ്പെടാന്‍ കഴിയുമോ? ഈ ചോദ്യം പശുവിനെ അമ്മയായും ദൈവമായും കണക്കാക്കുന്ന സാഹചര്യത്തില്‍, ദേശീയ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു എന്നും ജഡ്ജ് പറഞ്ഞു.

DONT MISS
Top