കേരള ഡോക്യുമെന്ററി ഫെസ്റ്റിവെല്‍: വെമുലയുടേത് ഉള്‍പ്പെടെ മൂന്ന് ചിത്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്; സാംസ്‌കാരിക അടിയന്തരാവസ്ഥയെന്ന് കമല്‍


പത്താമത് കേരള അന്തര്‍ദേശീയ ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയില്‍ മൂന്ന് ചിത്രങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ പ്രദര്‍ശന വിലക്ക്. രോഹിത് വെമുല, കശ്മീര്‍, ജെഎന്‍യു വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങള്‍ക്കാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.

രാജ്യത്ത് സാംസ്‌കാരിക അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പ്രതികരിച്ചു. മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കമല്‍ വ്യക്തമാക്കി. എന്നാല്‍ ഫെസ്റ്റിവെല്‍ ആരംഭിക്കാന്‍ അധികം ദിവസം ഇല്ലാത്തതിനാല്‍ അപ്പീലില്‍ അനുകൂല തീരുമാനത്തിന് സാധ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയെ കുറിച്ച് പ്രതിപാദിക്കുന്ന ബീയിംഗ് ഓഫ് ലൈറ്റ്‌നസ്, കശ്മീര്‍ വിഷയത്തെ കുറിച്ച് പറയുന്ന ഇന്‍ ദ ഫേഡ് ഓഫ് ഫോളന്‍ ചിനാര്‍, ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് പറയുന്ന മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച് എന്നീ ചിത്രങ്ങള്‍ക്കാണ് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്. ഇതില്‍രണ്ടെണ്ണം മത്സരവിഭാഗത്തിലും ഒരെണ്ണം ഫോക്കസ് വിഭാഗത്തിലും പ്രദര്‍ശിപ്പിക്കാനാണ് നിശ്ചയിച്ചിരുന്നത്.

ഈ മാസം 16 മുതല്‍ 20 വരെ തിരുവനന്തപുരത്താണ് അന്തര്‍ദേശീയ ഡോക്യുമെന്ററി-ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെല്‍ നടക്കുന്നത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്.

DONT MISS
Top