‘ദംഗല്‍ ഇഷ്ടപ്പെട്ടു, ചൈനയിലെ ചിത്രത്തിന്റെ വിജയം ചരിത്രം’ആമീര്‍ഖാന്റെ ദംഗലിനെ പ്രശംസിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ്

പ്രതീകാത്മകചിത്രം

അസ്താന: ആമീര്‍ഖാന്റെ ദംഗല്‍ മികച്ച പ്രതികരണത്തോടെ ചൈനയില്‍ മുന്നേറുമ്പോള്‍ ചിത്രത്തെ പ്രശംസിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും രംഗത്തെത്തിയിരിക്കുകയാണ്. താന്‍ ചിത്രം കണ്ടെന്നും, തനിക്ക് ദംഗല്‍ ഇഷ്ടമായെന്നും, ചൈനയിലെ ചിത്രത്തിന്റെ വിജയം ചരിത്രമാണെന്നുമാണ് ഷീ ജിന്‍പിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പറഞ്ഞത്.

ഇരുവരും ഖസാക്കിസ്ഥാനില്‍ സംഘടിപ്പിച്ചിരിക്കുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായുള്ള കൂടികാഴ്ചക്ക് ശേഷം വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

മെയ് 5നാണ് ദംഗല്‍ ചൈനയില്‍ റിലീസായത്. 1100 കോടിയോളം രൂപ ചൈനയില്‍നിന്ന് മാത്രമായി ദംഗല്‍ നേടിയിരിന്നു. ആഗോളതലത്തില്‍ 1800 കോടി രൂപയോളം ദംഗല്‍ ഇതുവരെ നേടികഴിഞ്ഞു.

7000 സ്‌ക്രീനിലാണ് ദംഗല്‍ ചൈനയില്‍ റിലീസായത്. വെറും 5 ദിവസങ്ങള്‍ കൊണ്ട് 100 കോടിയാണ്ചിത്രം  പിന്നിട്ടിരുന്നത്.ആമീര്‍ ഖാന്റെ ചിത്രങ്ങള്‍ക്ക് ചൈനയില്‍നിന്നും മികച്ച പ്രതികരണങ്ങളാണ് ഇതുവരെ ലഭിച്ചത്. ചൈനയില്‍ ദംഗലിലൂടെ ആമീര്‍ തിരുത്തിയത് സ്വന്തം ചിത്രത്തിന്റെ നേട്ടങ്ങള്‍ തന്നെയായിരുന്നു.  ആമിറിന്റെ തന്നെ ധൂം 3, 3 ഇഡിയറ്റ്‌സ്, പികെ എന്നിവയ്‌ക്കെല്ലാം വന്‍ സ്വീകരണമാണ് ചെെനയില്‍ ലഭിച്ചിരുന്നത്.

ഇന്ത്യക്കാരനായ ഗുസ്തി പരിശീലകന്‍ മഹാവീര്‍ സിംഗ് ഫോഗട്ടിന്റെയും മക്കളായ ഗീതയുടേയും ബബിതയുടേയും ജീവിത കഥയാണ് ദംഗല്‍. ആമിറിനെക്കൂടാതെ ഫാത്തിമ സന ഷെയ്ഖും സന്യ മല്‍ഹോത്രയും തകര്‍ത്തഭിനയിച്ച ചിത്രം ബോക്‌സോഫീസിനെ വിറപ്പിച്ചാണ് മുന്നോട്ടുപോയത്.

നികേഷ് തിവാരി സംവിധാനം ചെയ്ത ദംഗല്‍ റിലീസ് ചെയ്ത് മൂന്നു ദിവസം കൊണ്ട് നൂറുകോടി നേടി ഞെട്ടിച്ചിരുന്നു. നൂറ് കോടി ക്ലബ്ബിലെത്തുന്ന ആമിറിന്റെ അഞ്ചാമത്തെ ചിത്രമാണ് ദംഗല്‍. ഗജിനി, ധൂം 3, പികെ 3 ഇഡിയേറ്റ്‌സ് എന്നിവയാണ് ഇതിന് മുന്‍പ് നൂറു കോടി ക്ലബ്ബില്‍ ഇടം നേടിയ ആമിര്‍ ചിത്രങ്ങള്‍.

DONT MISS
Top