ഫ്രഞ്ച് ഓപ്പണ്‍: വനിതാ ഫൈനല്‍ ഇന്ന്; പുരുഷ ഫൈനലില്‍ നദാല്‍-വാവ്‌റിങ്ക പോരാട്ടം

ഒസ്റ്റാപിങ്കൊ

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ വിഭാഗം കിരീടപ്പോരാട്ടം ഇന്ന് നടക്കും. ഫൈനലില്‍ മൂന്നാം സീഡ് റുമാനിയയുടെ സിമോണ ഹാലപ് സീഡില്ലാ താരം ലാത്വിയയുടെ എലേന ഒസ്റ്റാപിങ്കൊയെ നേരിടും. പുരുഷ വിഭാഗത്തില്‍ നാളെ നടക്കുന്ന ഫൈനലില്‍ ഒമ്പതുവട്ടം ചാമ്പ്യനായ നദാല്‍ 2015 ലെ ചാമ്പ്യന്‍ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയെ നേരിടും.

ഹാലെപ്

വനിതാ വിഭാഗത്തില്‍ റൊളാണ്ട് ഗാരോസിന് ഇത്തവണ പുതിയ കിരീടാവകാശിയെ ആണ് ലഭിക്കുക. ഇരുവരുടേയും കന്നി ഗ്രാന്റ് സ്ലാം ഫൈനലാണിത്. അപ്രതീക്ഷിത മുന്നേറ്റം നടത്തിയാണ് ലാത്വിയയുടെ ഒസ്റ്റാപിങ്കൊ കലാശപ്പോരിന് അര്‍ഹത നേടിയത്. ഗ്രാന്റ്സ്ലാം ഫൈനലിലെത്തുന്ന ആദ്യ ലാത്വിയന്‍ താരം എന്ന ബഹുമതിയും ഒസ്റ്റപിങ്കോ സ്വന്തമാക്കിയിരിക്കുകയാണ്. സെമിയില്‍ ബാസിന്‍സ്‌കിയെ തോല്‍പ്പിച്ചാണ് (7-6(4), 3-6, 6-3) ഒസ്റ്റപിങ്കൊ ഫൈനലിലെത്തിയത്. കഴിഞ്ഞ ദിവസം നടന്ന സെമിയില്‍ രണ്ടാം സീഡ് കരോളിന പ്ലിസ്‌കോവയെ തോല്‍പ്പിച്ചാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ ഹാലെപ് ഫൈനലിലെത്തിയിരിക്കുന്നത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു ഹാലെപിന്റെ വിജയം. സ്‌കോര്‍ 6-4, 3-6, 6-3.

പുരുഷ വിഭാഗത്തില്‍ നദാല്‍-വാവ്‌റിങ്ക പോരാട്ടം

നദാല്‍

ഫ്രഞ്ച് ഓപ്പണില്‍ പത്താം കിരീടം നേടാനുള്ള നദാലിന്റെ മോഹങ്ങള്‍ക്ക് മുന്നില്‍ ഇനിയുള്ളത് സ്വിസ് താരം വാവ്‌റിങ്ക മാത്രം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നദാല്‍ മുന്‍ ചാമ്പ്യന്‍കൂടിയായ വാവ്‌റിങ്കയെ നേരിടും. ഇന്നലെ നടന്ന സെമിഫൈനല്‍ മത്സരങ്ങളില്‍ വാവ്‌റിങ്ക ലോക ഒന്നാം നമ്പര്‍ ആന്റി മറെയെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ മറികടന്നു. സ്‌കോര്‍ 6-7, 6-3, 5-7, 7-6, 6-1. 2015 ല്‍ വാവ്‌റിങ്ക ഇവിടെ കിരീടം ചൂടിയിരുന്നു. രണ്ടാം സെമിയില്‍ അട്ടിമറി വീര്യവുമായെത്തിയ ഡൊമനിക് തീമിനെ അനായാസം തകര്‍ത്താണ് നദാല്‍ ഫൈനലിലെത്തിയത്. സ്‌കോര്‍ 6-3, 6-4, 6-0. മത്സരത്തിന്റെ ആദ്യ ഗെയിമില്‍ത്തന്നെ നദാലിനെ ബ്രേക്ക് ചെയ്ത് തുടങ്ങിയ തീമിന് പക്ഷെ തുടര്‍ന്ന് പിടിച്ചുനില്‍ക്കാനായില്ല.

ഒമ്പത് കിരീടവിജയങ്ങളുടെ ഗരിമയുമായാണ് നദാല്‍ ഫൈനലിനിറങ്ങുന്നത്. 2004 മുതല്‍ 2008 വരെയും 2010 മുതല്‍ 2014 വരെയും തുടര്‍ച്ചയായി നദാല്‍ ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടു. 2009 ല്‍ നാലാം റൗണ്ടിലും 2015 ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലും മാത്രമാണ് നദാലിന് കളിമണ്‍ കോര്‍ട്ടില്‍ തോല്‍വി നേരിട്ടത്. 2016 ല്‍ അദ്ദേഹം പരുക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ പങ്കെടുത്തില്ല.

DONT MISS
Top