പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി; ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കാണുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം

നരേന്ദ്ര മോദി, ഷിന്‍ ചിന്‍ പിങ്ങ്‌

അസ്താന: കസാഖിസ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ നടക്കുന്ന ഷാങ്ങ്ഹായി കോര്‍പറേഷന്‍ ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച്ച നടത്തി. എന്‍എസ്ജി അംഗത്വം,  പാകിസ്താന്‍-ചൈന സാമ്പത്തിക ഇടനാഴി പോലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന അവസരത്തിലാണ് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയത്.

ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും, വിവാദ വിഷയങ്ങളിലടക്കം ചര്‍ച്ചകളിലൂടെ സമവായം കാണുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. മോദി ഷി ജിന്‍പിങ് കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

മെയ് 29 ന് ചൈനയില്‍ വച്ച് നടന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുത്തിരുന്നില്ല. അതേസമയം  വണ്‍ ബെല്‍റ്റ് വണ്‍ റോഡുമായി ബന്ധപ്പെട്ട് പാകിസ്താന് 50 ബില്ല്യണ്‍ ഡോളര്‍ നല്‍കിയതും, പാക് അധിനിവേശ കശ്മീരിലൂടെ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതിലുമുള്ള അതൃപ്തി കൂടിക്കാഴ്ചയ്ക്കിടെ ഇന്ത്യ രേഖപ്പെടുത്തിയില്ല എന്നാണ് റിപ്പോര്‍ട്ട്.

48 രാജ്യങ്ങള്‍ അംഗങ്ങളായുള്ള ആണവ വിതരണ സംഘത്തില്‍ (എന്‍എസ്ജി ഇന്ത്യയുടെ അംഗത്വത്തിനും വിലങ്ങ് തടിയായി നില്‍ക്കുന്നത് ചൈനയാണ്. ജൂലൈയില്‍ ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ നടക്കുന്ന ജി 20 ഉച്ചകോടിയിലും, സെപ്തംബറില്‍ ചൈനയിലെ സിയാമെന്നില്‍ നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലും മോദിയും ഷി ജിന്‍പിങും കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞ വര്‍ഷം താഷ്‌കെന്റില്‍ നടന്ന എസ്.സി.ഒയുടെ യോഗത്തിലാണു പൂര്‍ണ അംഗത്വം ലഭിക്കുന്നതിനുള്ള നടപടികള്‍ക്കു തുടക്കമിട്ടത്. എസ്.സി.ഒയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി പ്രതീക്ഷാപൂര്‍വം കാത്തിരിക്കുകയാണ്. ഇതു മറ്റു മേഖലകളിലെന്നപോലെ സാമ്പത്തികം, കണക്റ്റിവിറ്റി, ഭീകരവാദത്തെ തടുക്കാനുള്ള സഹകരണം എന്നീ മേഖലകളില്‍ നമുക്കു ഗുണകരമാകുമെന്നും മോദി പറഞ്ഞിരുന്നു.

DONT MISS
Top