എല്‍ജിബിടി പ്രതിഷേധം, മലേഷ്യയില്‍ സെക്‌സ് എജ്യുക്കേഷന്‍ വീഡിയോ മത്സരത്തിന്റെ മാര്‍ഗരേഖകള്‍ മാറ്റി

പ്രതീകാത്മകചിത്രം

കോലാലംപൂര്‍: മലേഷ്യയില്‍ സെക്‌സ് എജ്യുക്കേഷന്‍ വീഡിയോ മത്സരത്തില്‍ ലൈംഗിക ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ചു എന്നാരോപിച്ച് നടന്ന പ്രതിഷേധങ്ങളുടെ ഫലമായി, കൗമാരക്കാര്‍ക്കായുള്ള സെക്‌സ് എജ്യുക്കേഷന്‍ വീഡിയോ മത്സരത്തില്‍ മാറ്റം വരുത്തി. സ്വവര്‍ഗ ലൈംഗികതയെയും ട്രാന്‍സ്‌ജെന്‍ഡര്‍ ആകുന്നതും എങ്ങനെ തടയാം എന്ന വിഭാഗത്തിലാണ് മാറ്റം വരുത്തിയത്. ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ ആയ ആളുകളോട് വെറുപ്പുളവാക്കുന്ന തരം മാര്‍ഗനിര്‍ദേശമാണ് ഇതെന്ന് എല്‍ജിബിടി ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് മത്സരത്തില്‍ മാറ്റം വരുത്തിയത്.

മത്സരാര്‍ത്ഥികളോട് മൂന്നു വിഭാഗത്തില്‍ പെടുന്ന വീഡിയോ ക്ലിപ്പുകള്‍ അയക്കാനാണ് ആവശ്യപ്പെട്ടത്. ‘സെക്ഷ്വല്‍ ആന്‍ഡ് റീപ്രൊഡക്ടീവ് ഹെല്‍ത്ത്’, ‘സൈബര്‍സെക്‌സ്’, ‘ജെന്‍ഡര്‍ ഈക്വാലിറ്റി ഡിസോര്‍ഡര്‍’ എന്നിങ്ങനെയാണ് വിഭാഗങ്ങള്‍.

എല്‍ജിബിടി ആയിരിക്കുന്നതിന്റെ അനന്തരഫലങ്ങള്‍ സൂചിപ്പിക്കുന്ന അംശങ്ങളും വീഡിയോയില്‍ ഉണ്ടായിരിക്കണം എന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ ഉണ്ട്. സ്വവര്‍ഗപ്രേമത്തെ എങ്ങനെ തടയാമെന്നും നിയന്ത്രിക്കാമെന്നും അതിനുവേണ്ടി എങ്ങനെ സഹായം തേടാമെന്നും വഴികള്‍ ഉള്‍പ്പെടുത്തണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. ഈ കാറ്റഗറി പിന്നീട് ‘ജെന്‍ഡര്‍ ആന്‍ഡ് സെക്ഷ്വാലിറ്റി’ എന്ന് പേരുമാറ്റിയതായി മലേഷ്യന്‍ ആരോഗ്യവകുപ്പിന്റെ ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ ലുക്മാന്‍ ഹക്കീം സുലൈമാന്‍ പ്രസ്താവനയില്‍ അറിയിച്ചു.

മലേഷ്യന്‍ എയ്ഡ്‌സ് കൗണ്‍സില്‍ ആരോഗ്യ മന്ത്രാലയവുമായി നടത്തിയ യോഗത്തിലാണ് തീരുമാനമുണ്ടായത്. എന്നാല്‍, ആരെയെങ്കിലും മാറ്റിനിര്‍ത്താനോ വിവേചനപരമായി നേരിടാനോ അല്ല ഇത്തരം മാര്‍ഗരേഖകള്‍ വെച്ചതെന്ന് സുലൈമാന്‍ പറഞ്ഞു. കൗമാരക്കാരില്‍ നിന്നും ആരോഗ്യ രംഗത്ത് പുതിയ ആശയങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമമാണ് ഈ മത്സരമെന്നും സുലൈമാന്‍ വ്യക്തമാക്കി.

DONT MISS
Top