ഫ്രഞ്ച് ഓപ്പണ്‍: രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് മിക്‌സഡ് ഡബിള്‍സ് കിരീടം

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സ് കിരീടം ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-കാനഡയുടെ ഗബ്രിയേല്‍ ഡബ്രോവിസ്‌കി സഖ്യത്തിന്. കലാശപ്പോരാട്ടത്തില്‍ കൊളംബിയയുടെ റോബര്‍ട്ട് ഫറ-ജര്‍മനിയുടെ അന്ന ലെന ഗ്രോണ്‍ഫെല്‍ഡ് സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഇന്തോ-കാനഡ ജോഡികള്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 2-6, 6-2, 12-10. ടൂര്‍ണമെന്റില്‍ ഏഴാം സീഡായിരുന്നു ഇരുവരും.

തന്റെ രണ്ടാമത്തെ മാത്രം ഗ്രാന്റ് സ്ലാം ഫൈനല്‍ കളിച്ച ബൊപ്പണ്ണ ആദ്യ ഗ്രാന്റ് സ്ലാം കിരീടമാണ് കരസ്ഥമാക്കിയത്. നേരത്തെ 2010 ല്‍ യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ഡബിള്‍സില്‍ ഫൈനലില്‍ എത്തിയിരുന്നെങ്കിലും തോല്‍ക്കാനായിരുന്നു വിധി.

ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം ശക്തമായി തിരിച്ചടിച്ചാണ് ബൊപ്പണ്ണ-ഡബ്രോവിസ്‌കി സഖ്യം റൊളാണ്ട് ഗാരോസില്‍ കിരീടം ചൂടിയത്. ആദ്യ സെറ്റ് 2-6 ന് എതിരാളികള്‍ സ്വന്തമാക്കി. എന്നാല്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച ബൊപ്പണ്ണ സഖ്യം 6-2 ന് സെറ്റ് സ്വന്തമാക്കി മത്സരം ടൈബ്രേക്കറിലേക്ക് നീട്ടി. ടൈബ്രേക്കറില്‍ 12-10 ന് ജയിച്ച് കിരീടം കൈപ്പിടിയില്‍ ഒതുക്കി.

പ്രമുഖ താരങ്ങളായിരുന്ന പേസ്, സാനിയ സഖ്യങ്ങള്‍ നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. അതിനാല്‍ ടൂര്‍ണമെന്റിലെ അവശേഷിച്ച ഇന്ത്യന്‍ പ്രതീക്ഷയായിരുന്നു ബൊപ്പണ്ണ. ആ പ്രതീക്ഷകളെ കിരീട വിജയത്തോടെ സഫലമാക്കാന്‍ ബൊപ്പണ്ണയ്ക്ക് സാധിച്ചു.

DONT MISS
Top