കര്‍ഷകര്‍ നിലനില്‍പ്പിനായി സമരം ചെയ്യുമ്പോള്‍ ബീഹാറില്‍ രാംദേവിനൊപ്പം യോഗ ചെയ്ത് കേന്ദ്ര കൃഷിമന്ത്രി

ബാബാ രാംദേവും കൃഷി മന്ത്രി രാധാ മോഹന്‍ സിംഗും

ദില്ലി: രാജ്യത്ത് പല ഭാഗങ്ങളിലായി കര്‍ഷകര്‍ മികച്ച ജീവിതസാഹചര്യങ്ങള്‍ ആവശ്യപ്പെടുകയും സമരം ചെയ്യുന്നതിനിടെ കൊല്ലപ്പെടുകയും ചെയ്യുമ്പോള്‍ ബിജെപിയുടെ കേന്ദ്രമന്ത്രി രാധാമോഹന്‍ സിങ് ബീഹാറില്‍ യോഗ ഗുരു ബാബാ രോംദേവിന്റെ കൂടെ യോഗ ചെയ്യുകയാണ്. ബീഹാര്‍ മോത്തിഹാരിയിലെ ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. ഒറ്റക്കാലില്‍ നിന്നും ശ്വാസംവിട്ടും വലിച്ചും ഒടുവില്‍ തളര്‍ന്നിരുന്നും മന്ത്രി വിവിധ ആസനങ്ങള്‍ പരിശീലിച്ചു.

മഹാരാഷ്ട്രയില്‍ ജൂണ്‍ ഒന്നിന് ആരംഭിച്ച കര്‍ഷക പ്രക്ഷോഭം പിന്നീട് മധ്യപ്രദേശിലേക്കും, മധ്യപ്രദേശിലെ വെടിവെപ്പില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ട ശേഷം രാജസ്ഥാനിലേക്കും കത്തിപ്പടരുകയാണ്. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നത് പതിവായതോടെ ഇപ്പോള്‍ ഗവണ്മെന്റിന്റെ വാഗ്ദാനങ്ങളും കര്‍ഷകര്‍ വിശ്വസിക്കാതായി. വിശ്വസിക്കാതാകുക മാത്രമല്ല, മുഖ്യമന്ത്രി വരാതെ മൃതദേഹം ദഹിപ്പിക്കരുതെന്ന് ആത്മഹത്യക്കുറിപ്പ് എഴുതിവെച്ച് മഹാരാഷ്ട്രയില്‍ ഇന്നലെ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. സോലാപൂരിലെ ധാനാജി എന്ന കര്‍ഷകന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് 4,000ത്തിലേറെ പേര്‍ തെരുവിലിറങ്ങി. വെടിവെപ്പ് നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് പൊലീസ് വെടിവെപ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടത് എന്ന് കുറ്റസമ്മതം നടത്തുന്നത്.

രാംദേവിന്റെ മൂന്നുദിവസത്തെ യോഗാ ക്യാംപിന്റെ ഭാഗമായാണ് ഈ പരിപാടി നടന്നത്. പരിപാടിയില്‍ പങ്കെടുക്കാമെന്ന് മുമ്പേ തീരുമാനിച്ചതാണ്, അതുകൊണ്ടാണ് മന്ത്രി പരിപാടിയില്‍ പങ്കെടുത്തത്. മന്ത്രി ഇപ്പോഴും മധ്യപ്രദേശിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നുമാണ് കാര്‍ഷിക മന്ത്രാലയം അറിയിച്ചത്.

മധ്യപ്രദേശിലെ മാന്ദ്‌സൂര്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതോടെ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയഗതിയും മാറി. മാന്ദ്‌സൂറില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ നീമച്ചില്‍ വെച്ചാണ് രാഹുല്‍ ഗാന്ധി അറസ്റ്റ് ചെയ്യപ്പെട്ടത്. “പ്രധാനമന്ത്രി നരേന്ദ്രമോദി പണക്കാരായ സുഹൃത്തുക്കളുടെയെല്ലാം കടങ്ങള്‍ എഴുതിത്തള്ളും. എന്നാല്‍ കര്‍ഷകരെ സഹായിക്കില്ല. വിളകള്‍ക്ക് കൃത്യമായ വില നല്‍കാന്‍ കഴിയില്ല. ബോണസ് നല്‍കാന്‍ കഴിയില്ല. നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ല. അവര്‍ക്ക് വെടിയുണ്ട നല്‍കാന്‍ മാത്രമേ മോദിക്ക് കഴിയൂ.” രാഹുല്‍ ഗാന്ധി പറഞ്ഞു.

കൃഷിമന്ത്രി ഇക്കാര്യത്തില്‍ ഗൗരവം കാണിക്കുന്നില്ല. പ്രധാനമന്ത്രിയോ മറ്റു മന്ത്രിമാരോ ഒന്നും ചെയ്യുന്നില്ല, മഹാരാഷ്ട്രയുടെ മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. കൃഷിമന്ത്രി എന്തുകൊണ്ട് മന്ദ്‌സൂറില്‍ അല്ല എന്നും ചവാന്‍ ചോദിച്ചു.

DONT MISS
Top