‘യൂറോപ്യന്‍ രാജ്യങ്ങളില്‍ ചുറ്റിത്തിരിയുമ്പോള്‍ നല്ല ‘സൊയമ്പന്‍’ ബീഫൊക്കെ തിന്ന്, ഇവിടെ വന്ന് മോദി പറയുന്നു ‘ഗോ സംരക്ഷണം ഗോ സംരക്ഷണം’ എന്ന്’; ബീഫില്‍ കേന്ദ്രസര്‍ക്കാരിനെ വറുത്തുകോരി വിഎസ്

വിഎസ് അച്യുതാനന്ദന്‍ (ഫയല്‍)

തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിനെതിരെ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിഎസ് അച്യുതാനന്ദന്‍. ഡാര്‍വിനെയും വെല്ലുന്ന സിദ്ധാന്തങ്ങളാണ് കേന്ദ്രം ഗോമാതാവിനും കാളപ്പിതാവിനും വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് വിഎസ് ആരോപിച്ചു. മഞ്ഞില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍ക്ക് വേണ്ടി കരയുകയും, ആയുധക്കമ്പനികള്‍ക്ക് വേണ്ടി അവരെ ബലികൊടുക്കുകയും ചെയ്യുന്ന അതേ സമീപനം ഇന്ത്യക്കാരുടെ കറിക്കലത്തില്‍ കയ്യിടുന്നതില്‍ ബിജെപി പുലര്‍ത്തുന്നു. വന്‍കിട കയറ്റുമതി ഇറക്കുമതി കമ്പനികള്‍ക്ക് വേണ്ടിയാണ് കേന്ദ്രം ഗോമാതാവിന്റൈ പേരിലുള്ള നാടകം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി ഇതൊക്കെ അറിയുന്നുണ്ടോ എന്തോ. വല്ലപ്പോളും നാട്ടില്‍ വരുമ്പോള്‍ ഒ രാജഗോപാല്‍ ഇതൊക്കെ അദ്ദേഹത്തിന് പറഞ്ഞുകൊടുക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ചുറ്റിത്തിരിയുമ്പോള്‍ അവിടെ നല്ല ‘സൊയമ്പന്‍’ ബീഫൊക്കെ തിന്ന് മോദി ഇവിടെ വന്ന് പറയുകയാണ് ‘ഗോ സംരക്ഷണം ഗോ സംരക്ഷണം’ എന്ന്. അത് കേട്ട് തുള്ളിച്ചാടാന്‍ കുറേ ശിങ്കിടികളുമുണ്ടെന്നും വിഎസ് പരിഹസിച്ചു. ആദാനിയോ അംബാനിയോ പോലുള്ള വന്‍കിടക്കാര്‍ മാത്രം മാംസക്കച്ചവടവും കാലിച്ചന്തയും നടത്തിയാല്‍ മതിയെന്നതാണ് മോദിയുടെ ഉള്ളിലിരിപ്പെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെയും സംഘപരിവാറിനെയും ശക്തമായി പരിഹസിച്ച് തന്നെയായിരുന്നു വിഎസിന്റെ എട്ട് മിനുട്ട് പ്രസംഗം. കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ എടുത്തുകളഞ്ഞവരാണ് ഇപ്പോള്‍ കൃഷിയെക്കുറിച്ച് സംസാരിക്കുന്നത്. വിപണിയിലും വര്‍ഗീയത കലര്‍ത്തുകയാണ് സംഘപരിവാറെന്നും അദ്ദേഹം പറഞ്ഞു. പശുവിനെ എന്തിന് വാങ്ങുന്നുവെന്ന് വാങ്ങുമ്പോള്‍ സാക്ഷ്യപ്പെടുത്തണമെന്നാണ് ഇപ്പോള്‍ പറയുന്നത്. ഭൂമി വാങ്ങുമ്പോള്‍ ഇങ്ങനെ വേണമെന്ന് പറഞ്ഞപ്പോള്‍ വെട്ടിനിരത്തല്‍ എന്ന് ആക്ഷേപിച്ചവരാണ് ഇവരെന്നും വിഎസ് ഓര്‍മ്മിപ്പിച്ചു. പശു പരിപാലനചത്തിന്റെ ബാലപാഠങ്ങള്‍ അറിയാത്തവരാണ് ബിജെപിക്കാരെന്നും വിഎസ് ആരോപിച്ചു. ബിജെപിക്കുള്ളില്‍ സംഘപരിവാറിന്റെ കുറുവടിക്കാരാണ്. നിയമസഭ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ബിജെപി നേതാക്കളുടെ ശ്രദ്ധയില്‍ പെടുത്താന്‍ രാജഗോപാല്‍ തയ്യാറാകണമെന്നും വിഎസ് ആവശ്യപ്പെട്ടു.

കാര്‍ഷികസംസ്‌കൃതിയുടെ ഭാഗമാണ് കാളകള്‍. ബിജെപിയുടെ വിത്തുപകാളകളല്ല, വരിയുടച്ച കാളകളെയാണ് ഉപയോഗിക്കുന്നത്. വരിയുടച്ചാല്‍ ഗോമാതാവിന് കുഴപ്പമാകുമെന്നാണ് സംഘപരിവാര്‍ കരുതുന്നത്. ധവളവിപ്ലവത്തിന്റെ ഭാഗമായാണ് കാളകളെ വന്ധ്യകരിക്കുന്നത്. അതും കുറ്റകരമാക്കിയിരിക്കുകയാണെന്നും വിഎസ് പറഞ്ഞു. ഗോമാതാവിനോടുള്ള അതിക്രമമായാണ് കള്ളസന്ന്യാസികള്‍ ഇതിനെ കരുതുന്നത്. അങ്ങനെ പറഞ്ഞുനടന്നിരുന്ന ചില സന്ന്യാസിമാര്‍ അപകടത്തില്‍പെട്ട് വന്ധ്യംകരിക്കപ്പെട്ടുവെന്നും വിഎസ് പരിഹസിച്ചു.

ജനങ്ങളുടെ ജീവിതത്തേയും ജീവിതരീതിയെയും ആഹാരക്രമത്തെയും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിച്ച് തുടങ്ങുന്നുവെന്നതാണ് പുതിയ രീതി. ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച വിജ്ഞാപനത്തെക്കുറിച്ച് ബിജെപി പ്രചരിപ്പിക്കുന്നത് ശുദ്ധ തട്ടിപ്പാണെന്നും വിഎസ് പറയുന്നു. മാടിന്റെ ഉടമസ്ഥന്‍ അറവിന് വിട്ടുനല്‍കരുതെന്നാണ് വ്യവസ്ഥ. ചുരുക്കത്തില്‍ വിജ്ഞാപനം അറവ് നിരോധിക്കുകയാണ്. ഈ പോക്ക് പോയാല്‍ ബിജെപിയുടെ കാര്യവും പോക്കാകുമെന്നതില്‍ സംശയമില്ല. ശക്തമായ സഹകരണപ്രസ്ഥാനമുണ്ടിവിടെ, ഇന്ത്യന്‍ കോഫീഹൗസിന് കശാപ്പുശാലകളും കാലിച്ചന്തയും നടത്താന്‍ നല്‍കുന്നതിന്റെ സാധ്യതയും പരിശോധിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണം വേണം, മൂല്യവര്‍ധിത ബീഫ് കയറ്റുമതി ചെയ്യുകയുമാകാമെന്നും വിഎസ് വ്യക്തമാക്കി.

കശാപ്പിനായി കന്നുകാലികളെ വില്‍ക്കരുതെന്ന കേന്ദ്ര വിജ്ഞാപനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് വിഎസിന്റെ പ്രസംഗം. സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാനായി പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അവതരിപ്പിച്ചു. രാവില 9 മണിയ്ക്കാണ് ഒരു ദിവസത്തെ സഭാ സമ്മേളനത്തിന് തുടക്കമായത്. കേന്ദ്ര വിജ്ഞാപനത്തിന് എതിരെ പ്രമേയം നിയമസഭാ പാസാക്കും. പ്രമേയത്തിന് മേല്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച നടത്തും. വിജ്ഞാപനം മറികടക്കാന്‍ സംസ്ഥാനത്ത് പ്രത്യേക ഓര്‍ഡിനന്‍സ് വേണമോയെന്ന കാര്യം സമ്മേളനത്തിന് ശേഷമാണ് തീരുമാനിക്കുക.

കേന്ദ്ര വിജ്ഞാപനത്തിലെ ചട്ടങ്ങള്‍ക്ക് നിയമപരമായ സാധുതയില്ലെന്നും പൗരന്റെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ നിയമപരമായി നേരിടാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. ഹൈക്കോടതിയേയോ സുപ്രിം കോടതിയേയോ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഭരണഘടനാ വിദഗ്ധനെ വെച്ച് കേസ് നടത്തിക്കാനും ഇക്കാര്യത്തില്‍ നിയമവകുപ്പ്, എജി മുതിര്‍ന്ന അഭിഭാഷകന്‍ എന്നിവരുടെ നിര്‍ദ്ദേശവും പരിഗണിക്കാനും മന്ത്രിസഭ തീരുമാനിച്ചു. വിജ്ഞാപനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടേയും യോഗം കേരളത്തില്‍ വിളിച്ച് ചേര്‍ക്കാനും കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തില്‍ ധാരണയായിട്ടുണ്ട്.

മെയ് മാസം 23 നാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. 26 നാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്. തുടര്‍ന്ന് വിജ്ഞാപനത്തിനെതിരെ വന്‍പ്രതിഷേധമാണ് ഉയര്‍ന്നത്. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. വിജ്ഞാപനം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് നടപ്പിലാക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

DONT MISS
Top