ചാമ്പ്യൻസ് ട്രോഫിയിൽ സെമി ലക്ഷ്യമിട്ട് ഇന്ത്യ; ഇന്ന് ശ്രീലങ്കയെ നേരിടും

വിരാട് കോഹ്ലിയും ഏയ്ഞ്ചലോ മാത്യൂസും

ലണ്ടന്‍ : ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ സെമി ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. അയല്‍ക്കാരായ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഓവല്‍ മൈതാനത്ത് ഉച്ചകഴിഞ്ഞ് മൂന്നു മണി മുതലാണ് മല്‍സരം.

പാകിസ്താനെതിരെ അനായാസം വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ലങ്കയ്ക്കെതിരെ വിജയം നേടിയാല്‍ ഇംഗ്ലണ്ടിന് പിന്നാലെ സെമിയില്‍ എത്തുന്ന ടീമാവും ഇന്ത്യ. പാക് ബോളിംഗ് നിരയെ തച്ച്തകര്‍ത്ത ഇന്ത്യയുടെ ബാറ്റ്സ്മാന്‍മാരും, ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ച ബൌളര്‍മാരും മികച്ച ഫോമിലാണ്.


പാകിസ്താന് എതിരെ ഇറങ്ങിയ ആദ്യ നാല് ബാറ്റ്സ്മാന്‍മാരും അര്‍ധ സെഞ്വറി നേടിയിരുന്നു. അഞ്ചാമനായി ക്രീസില്‍ എത്തിയ ഹര്‍ദിക് പാണ്ഡ്യയും കൂറ്റനടികളോടെ തന്റെ ഫോം വ്യക്തമാക്കിയിരുന്നു. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാട്ടിയ ഇന്ത്യന്‍ ബൌളര്‍മാര്‍, വിക്കറ്റ് വീഴ്ത്തി കരുത്ത് തെളിയിച്ചിരുന്നു.

പാകിസ്താനെതിരെ കളിച്ച ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. സ്പിന്നര്‍ അശ്വിന്‍ അന്തിമ ഇലവനില്‍ ഇടം നേടുമോ എന്ന കാര്യത്തില്‍ മാത്രമാണ് അവ്യക്തത തുടരുന്നത്. അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരു പേസ് ബൌളറെ ഒഴിവാക്കിയേക്കും.

അതേസമയം ദക്ഷിണാഫ്രിക്കയോട് 96 റണ്‍സിന്റെ തോല്‍വി വഴങ്ങിയ ശേഷമാണ് ലങ്കയുടെ വരവ്. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 300 റണ്‍സ് പിന്തുടര്‍ന്ന  ലങ്കന്‍ പടയ്ക്ക് 203 റണ്‍സ് എടുക്കാന്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അര്‍ധ സെഞ്ച്വറി നേടിയ ഉപുല്‍ തരംഗ സസ്പെന്‍ഷനെ തുടര്‍ന്ന് ഇന്ന് കളിക്കില്ല. അതേസമയം പരിക്കില്‍ നിന്ന് മുക്തനായി   നായകന്‍ ഏഞ്ജലോ മാത്യൂസ് ടീമില്‍ തിരിച്ചെത്തും.

ഉപുല്‍ തരംഗയ്ക്ക് പകരം ഡിക്ക്വെല്ലിയ്ക്കൊപ്പം, ധനുഷ്ക ഗുണതിലകെയാകും ലങ്കന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. ലസിത് മലിംഗ, നുവാന്‍ പ്രദീപ്. തിസര പെരേര എന്നിവരാണ് ബൌളിംഗിന് ചുക്കാന്‍ പിടിക്കുക.

ടൂര്‍ണമെന്‍റിലെ നിലനില്‍പ്പിന് വിജയത്തില്‍ കുറഞ്ഞൊന്നും ശ്രീലങ്കയ്ക്ക് മതിയാകില്ല, എന്നാല്‍ ലങ്ക കീഴടക്കിയാല്‍ നിലവിലെ ചാമ്പ്യന്മാരായ  ഇന്ത്യയ്ക്ക് സെമിയിലിടം നേടാം.  അതേസമയം കെന്നിംഗ്ടണ്‍ ഓവലില്‍ മഴ കളി മുടക്കുമോ എന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്.

DONT MISS
Top