ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി; മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസില്‍ കേരളത്തിന് വേണ്ടി മെഡലുകള്‍ നേടിയ 68 താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി നല്‍കാന്‍ തീരുമാനമായി. ഇതുസംബന്ധിച്ച ഉത്തരവ് വ്യവസായ-കായിക വകുപ്പ് മന്ത്രി എസി മൊയ്തീന്‍ പുറപ്പെടുവിച്ചു.

ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ച് വ്യക്തിഗത ഇനങ്ങളില്‍ മെഡലുകളും ടീം ഇനങ്ങളില്‍ സ്വര്‍ണമെഡലും നേടിയ താരങ്ങള്‍ക്കാണ് ജോലി ലഭിക്കുന്നത്. ഇതിനായി എല്‍ഡി ക്ലാര്‍ക്കിന്റെ സൂപ്പര്‍ ന്യൂമറി തസ്തികകള്‍ സൃഷ്ടിച്ച് കായിക വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് താരങ്ങള്‍ക്ക് നിയമനം നല്‍കാന്‍ ഉത്തരവിറങ്ങിയിരുന്നെങ്കിലും നിയമന നടപടുകള്‍ ആരംഭിക്കുക പോലും ചെയ്തിരുന്നില്ല.

ദേശീയ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ സജന്‍ പ്രകാശ്, എലിസബത്ത് സൂസന്‍ കോശി, എന്നിവര്‍ക്ക് ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലും അനില്‍ഡ തോമസ്, ആര്‍ അനു എന്നിവര്‍ക്ക് വനം വകുപ്പില്‍ സീനിയര്‍ സൂപ്രണ്ട് തസ്തികയിലും നിയമനം നല്‍കിയിട്ടുണ്ട്. ടീം ഇനത്തില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 83 കായിക താരങ്ങള്‍ക്ക് പൊതു മേഖലാ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഒരു വര്‍ഷം 50 കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം നടത്താറുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ നടത്താതിരുന്ന സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം നടത്താനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. മന്ത്രി പറഞ്ഞു.

കായിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 14 ജില്ലാ സ്റ്റേഡിയങ്ങളും എല്ലാ നഗരസഭാ/പഞ്ചായത്തുകളിലും സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുക എ്‌ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി 31 സ്റ്റേഡിയങ്ങളും അനുവദിച്ചിട്ടുണ്ട്. 2020-24 ഒളിമ്പിക്‌സ് മെഡല്‍ ലക്ഷ്യമാക്കി 11 കായിക ഇനങ്ങളില്‍ പരിശീലനം നല്‍കുന്ന ഓപ്പറേഷന്‍ ഒളിമ്പിയ പദ്ധതി ആരംഭിച്ചുകഴിഞ്ഞെന്നും സാക്ഷരതാ മിഷന്‍ മാതൃകയില്‍ എല്ലാവര്‍ക്കും ആരോഗ്യം എന്ന ലക്ഷ്യത്തോടെ കായിക ക്ഷമതമിഷന്‍ നടപ്പിലാക്കിയെന്നും മന്ത്രി വ്യക്തമാക്കി.

DONT MISS
Top