‘ബിജെപിക്കോ ആര്‍എസ്എസിനോ പങ്കില്ല’; യെച്ചൂരിക്കെതിരായ അതിക്രമത്തെ അപലപിച്ച് കുമ്മനം

കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: സീതാറാം യെച്ചൂരിക്കെതിരായ കൈയേറ്റ ശ്രമത്തെ അപലപിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജനാധിപത്യ രാജ്യത്ത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവും അക്രമിക്കപ്പെടുന്നത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്ന നിലപാടാണ് ബിജെപിക്കുള്ളതെന്നും സംഭവത്തില്‍ ബിജെപിക്കോ ആര്‍എസ്എസിനോ പങ്കില്ലെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

അക്രമികള്‍ ഹിന്ദു സേനാ പ്രവര്‍ത്തകരാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. സിപിഐഎം നേതാക്കളുടെ സൈനികര്‍ക്കെതിരായ പ്രസ്താവനകളാണ് അവരെ പ്രകോപിപ്പിച്ചതെന്ന് അവര്‍ പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും ആര്‍എസ്എസിനേയും ബിജെപിയേയും ഇതുമായി ബന്ധിപ്പിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണ്. ഇതില്‍ നിന്ന് സിപിഎം പിന്‍മാറണം. ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ബോംബേറ് ഉണ്ടായിട്ടും അതിനെ അപലപിക്കാന്‍ ഒരു സിപിഐഎം നേതാവും ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ യെച്ചൂരിക്ക് നേരെ ഉണ്ടായ കൈയേറ്റ ശ്രമത്തെ ബിജെപി അപലപിക്കുന്നത് ജനാധിപത്യത്തില്‍ വിശ്വാസമുള്ളതിനാലാണ്. അക്രമം ആരു ചെയ്താലും അതിനെ അപലപിക്കാനും എതിര്‍ക്കാനും സിപിഐഎം തയ്യാറാകണം.

സൈന്യത്തിനെതിരായ പ്രസ്താവനകളില്‍ നിന്ന് സിപിഎം നേതാക്കള്‍ പിന്‍മാറണം. ഇത്തരം പ്രസ്താവനകള്‍ ഹിന്ദുസേനാ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തിയാലെ അക്രമത്തിന്റെ യഥാര്‍ത്ഥ കാരണം മനസ്സിലാവുകയുള്ളൂ. അതിന് മുന്‍പ് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് പ്രചരിപ്പിക്കുന്നതില്‍ നിന്ന് നേതാക്കള്‍ പിന്തിരിയണം. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.

DONT MISS
Top