“നിശബ്ദമാക്കാമെന്നോ‌ തളർത്താമെന്നോ കരുതേണ്ട”; മുട്ടുമടക്കാതെ മുന്നോട്ടെന്ന് പിണറായി വിജയന്‍

പിണറായി വിജയന്‍ (ഫയല്‍)

ദില്ലി: സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റി ഓഫീസില്‍ കടന്നു കയറി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ സംഘപരിവാറുകാര്‍ നടത്തിയ ആക്രമണം ജനാധിപത്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഓഫീസില്‍ ഉണ്ടായിരുന്ന സി.പി.ഐ.എം. പ്രവര്‍ത്തകര്‍ ഇടപ്പെട്ടതുകൊണ്ടാണ് വലിയ ആപത്തില്‍നിന്ന് യെച്ചൂരി രക്ഷപ്പെട്ടത്. ഇന്ത്യയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവിനു നേരെ ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും ഇത് അത്യന്തം അപലപനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രഭരണത്തിന്‍റെ തണലില്‍ സംഘപരിവാറുകാര്‍ രാജ്യത്താകെ ഫാസിസ്റ്റു രീതിയിലുളള ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരിക്കുകയാണ്.

തങ്ങളുടെ തീവ്രഹിന്ദുത്വ പദ്ധതിയെ എതിര്‍ക്കുന്ന പാര്‍ട്ടികളെ അടിച്ചമര്‍ത്തുകയും അതിന്‍റെ നേതാക്കളെ വകവരുത്തുകയും ചെയ്യുമെന്ന ഭീഷണി ആര്‍.എസ്.എസ്സുകാര്‍ രാജ്യമാകെ മുഴക്കികൊണ്ടിരിക്കുകയാണ്. സിപിഐഎം നേതാക്കളെ പേരെടുത്തു പറഞ്ഞുകൊണ്ടുതന്നെ അവര്‍ ഭീഷണിപ്പെടുത്തുന്നു. നേതാക്കളെ വധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുന്നു. ഇതിനെല്ലാം കേന്ദ്രസര്‍ക്കാരിന്‍റെ പിന്തുണയുളളതുകൊണ്ടാണ് ആക്രമണങ്ങള്‍ തുടരുന്നത്.

സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം നടക്കുന്നതിനാല്‍ ഡല്‍ഹി ഏകെജി ഭവനൂനേരെയും പ്രധാന നേതാക്കള്‍ക്കു നേരെയും ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും കേരള പോലീസിന്‍റെ ഇന്‍റലിജന്‍സ് വിഭാഗം ഡല്‍ഹി പൊലിസ് കമ്മീഷണറെയും സെക്യൂരിറ്റി ചുമതലയുളള ജോയിന്‍റ് കമമീഷണറെയും ജൂണ്‍ 5-നു തന്നെ അറിയിച്ചിരുന്നു. മാത്രമല്ല കേരളാഹൗസിനു നേരെ അടുത്ത ദിവസങ്ങളില്‍ തുടരെത്തുടരെ ഉണ്ടായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ റസിഡന്‍ഡ് കമ്മീഷണര്‍ ഡല്‍ഹി പൊലിസ് മേധാവികള്‍ക്ക് പ്രത്യേക പരാതിയും നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുളള ഡല്‍ഹി പൊലിസ് ഇതെല്ലാം അവഗണിക്കുകയാണുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഘപരിവാറിനെ സംബന്ധിച്ച് സി.പി.ഐ.എം. ആണ് അവരുടെ മുഖ്യശത്രു. കാരണം ആര്‍.എസ്.എസ്സിന്‍റെ വര്‍ഗ്ഗീയ ധ്രുവീകരണ പദ്ധതിയെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്നത് സിപിഐഎം ആണ്. ഇത്തരം ആക്രമണങ്ങള്‍ കൊണ്ടോ ഭീഷണികള്‍ കൊണ്ടാ സിപിഐഎമ്മിനെ നിശ്ബ്ദമാക്കാമെന്നോ തളര്‍ത്താമെന്നോ കരുതേണ്ട.

ഹിന്ദുത്വ ഫാസിസ്റ്റ് ആക്രമണങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി സിപിഐഎം മുന്നോട്ടുപോകും. പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിക്കെതിരെയുളള ആക്രമണം സ്വതന്ത്രവും ജനാധിപത്യപരവുമായ രാഷ്ട്രീയപ്രവര്‍ത്തനം അസാധ്യമാക്കുമെന്ന ആര്‍എസ്എസ് ഭീഷണിയുടെ പ്രായോഗിക രൂപമാണ്. എല്ലാ ജനാധിപത്യവിശ്വാസികളും ഒറ്റക്കെട്ടായി ഇതിനെ എതിര്‍ക്കാന്‍ മുന്നോട്ടുവരണമെന്ന് മുഖ്യന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

DONT MISS
Top