യുഎഇയില്‍ ഖത്തറനുകൂലികള്‍ക്ക് അഞ്ചുലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത പിഴയും 15 വര്‍ഷം വരെ തടവും; ഖത്തറിന് അനുകൂലമായി സംസാരമോ നവമാധ്യമങ്ങളില്‍ പോസ്‌റ്റോ പാടില്ല

യുഎഇ പതാക (ഫയല്‍)

ദുബായ്: നയതന്ത്ര ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ ശക്തമായ നിയമനടപടികളുമായും മുന്നോട്ടുപോകാന്‍ യുഎഇയുടെ തീരുമാനം. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിഖാതം വരുത്തുന്ന രീതിയിലുള്ള ഇടപെടല്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. ഖത്തര്‍ അനുകൂലികള്‍ക്ക് ഫൈനും ജയില്‍വാസവുമുള്‍പ്പെടെയുള്ള ശിക്ഷ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഖത്തര്‍ അനുകൂലികള്‍ക്ക് 15 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത പിഴ ശിക്ഷയും ലഭിക്കുമെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താകുറിപ്പില്‍ യുഎഇ അറ്റോര്‍ണി ജനറല്‍ കൗണ്‍സിലര്‍ ഡോ ഹമദ് സെയ്ഫ് അല്‍ ഷംസി അറിയിച്ചു. ഖത്തറിന്റെ അഭയം നല്‍കലിനെതിരെയും ഉത്തരവാദിത്തമില്ലാത്ത നയങ്ങള്‍ക്കെതിരെയും ശക്തമായ നടപടികളാണ് യുഎഇ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഖത്തറിനനുകൂലമായി നിലപാടോ ചായ്വോ സ്വീകരിക്കുന്നവര്‍ക്കും യുഎഇക്കെതിരെ രംഗത്തെത്തുന്നവര്‍ക്കുമെതിരെ ശക്തവും ദൃഢവുമായ നടപടി സ്വീകരിക്കും. നവമാധ്യമങ്ങള്‍ വഴിയോ, എഴുത്തോ ദൃശ്യമായോ പറച്ചിലോ പോലും ഈ പരിധിയില്‍ പെടും’ അദ്ദേഹം വ്യക്തമാക്കി. ദേശീയോദ്ഗ്രഥനത്തിനും രാജ്യത്തിന്റെ സ്ഥിരതയ്ക്കുമെതിരെ നില്‍ക്കുന്നവര്‍ക്കെതിരെ നിലവിലുള്ള ഐടി കുറ്റകൃത്യവകുപ്പ് ഫെഡറല്‍ പീനല്‍ കോഡിലുണ്ട്. ഇതനുസരിച്ച് മൂന്നുമുതല്‍ 15വര്‍ഷം വരെ തടവും, അഞ്ച് ലക്ഷത്തില്‍ കുറയാത്ത പിഴയും ലഭിക്കുമെന്ന് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷനും വ്യക്തമാക്കിയിട്ടുണ്ട്. നിയമലംഘകര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

അതേസമയം സൗദി അറേബ്യ യുഎഇ, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കു പിന്നാലെ ഖത്തറുമായുള്ള നയതന്ത്രബന്ധം ജോര്‍ദാനും വിച്ഛേദിച്ചു. ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ജസീറ ചാനലിന്റെ ലൈസന്‍സ് ജോര്‍ദാന്‍ റദ്ദാക്കി. കുവൈത്ത് അമീറിന്റെ നേതൃത്വത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സജീവ ശ്രമങ്ങള്‍ നടന്നുവരികെയാണ് ജോര്‍ദാനും മറ്റ് രാജ്യങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നത്. ഖത്തര്‍ പ്രതിസന്ധിക്കിടയില്‍ കഴിഞ്ഞ ദിവസം സൗദി രാജാവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ടെലഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഗള്‍ഫ് ഐക്യത്തെ സംബന്ധിച്ച് ട്രംപ് ചര്‍ച്ചചെയ്തതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള തീവ്രശ്രമങ്ങള്‍ ഒരു വശത്ത് നടക്കുമ്പോഴാണ് സൗദിക്ക് പിന്തുണ അറിയിച്ച് ജോര്‍ദാനെ പോലുള്ള രാജ്യങ്ങള്‍ ഖത്തറിനെതിരെ നടപടിയെടുക്കുന്നത്. തീവ്രവാദത്തെ ഖത്തര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യ, ഈജിപ്ത്, ബഹറിന്‍, യുഎഇ അടക്കമുള്ള നാല് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത്. രാജ്യം മുസ്‌ലീം ബ്രദര്‍ഹുഡിന് നല്‍കുന്ന സഹായവും, ഇറാന്റെ അജണ്ടകള്‍ക്ക് നല്‍കുന്ന പിന്തുണയുമാണ് നീക്കത്തിന് പിന്നില്‍.

ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധവും വിഛേദിച്ചുവെന്ന് സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചിരുന്നു. രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള അള്‍ജസീറ ചാനല്‍ തീവ്രനിലപാടുകള്‍ പ്രചരിപ്പിക്കുന്നുവെന്നും ഭീകരവാദികളെ പിന്തുണയ്ക്കുന്നുവെന്നും സൗദി ആരോപിച്ചിരുന്നു. മുസ്ലീം ബ്രദര്‍ഹുഡ്, ദേശ്, അല്‍ ഖ്വയ്ദ തുടങ്ങിയ സംഘടനകളുടെ സന്ദേശങ്ങളും പദ്ധതികളും തങ്ങളുടെ മാധ്യമം വഴി ഖത്തര്‍ പ്രചരിപ്പിക്കുന്നുവെന്നും സൗദി ആരോപിച്ചിരുന്നു. അയല്‍വാസികളായ ഖത്തറുമായുള്ള അതിര്‍ത്തി അടച്ചുവെന്നും വാര്‍ത്താ ഏജന്‍സി അറിയിച്ചിരുന്നു. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും അപകടത്തില്‍ നിന്ന് രാജ്യത്തിന്റെ സുരക്ഷകാക്കാനാണ് നടപടിയെന്നും വാര്‍ത്താ ഏജന്‍സി വ്യക്തമാക്കിയിരുന്നു. നയതന്ത്ര കോണ്‍സുലാര്‍ ബന്ധങ്ങളെല്ലാം അവസാനിപ്പിക്കാന്‍ നിശ്ചയിച്ചതായി സൗദി വാര്‍ത്താ ഏജന്‍സി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കരവായുവ്യോമ മേഖലയിലെ എല്ലാ അതിര്‍ത്തികളും അടയ്ക്കാനും നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം തുടരുന്ന നിയമലംഘനങ്ങളെത്തുടര്‍ന്നാണ് ഇത്തരത്തിലുള്ള ശക്തമായ നടപടിയെന്നും വാര്‍ത്താ ഏജന്‍സി വ്യക്തമാക്കിയിരുന്നു.

സൗദിക്ക് പിന്നാലെ യുഎഇയും എല്ലാ ബന്ധവും അവസാനിപ്പിച്ചതായി വ്യക്തമാക്കിയിരുന്നു. ഈജിപ്റ്റ് വിദേശകാര്യ മന്ത്രാലയവും ഖത്തറിന്റെ തീവ്രവാദത്തെ സഹായത്തിനെതിരെ നയതന്ത്രബന്ധം അവസാനിപ്പിച്ച് പ്രതിഷേധിക്കാന്‍ തയ്യാറായി. ഖത്തര്‍ വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും ഇനി ഈജിപ്റ്റ് പോര്‍ട്ടിലോ വിമാനത്താവളത്തിലോ ഇറങ്ങാനാകില്ലെന്നും ഈജിപ്റ്റ് വ്യക്തമാക്കിയിരുന്നു. ബഹറിന്റെ സുരക്ഷയും സ്ഥിരതയും ഖത്തര്‍ അപകടകത്തിലാക്കാന്‍ ശ്രമിച്ചുവെന്നാണ് ബഹറിന്‍ ന്യൂസ് ഏജന്‍സി പറയുന്നത്. ബഹറിന്റെ ആഭ്യന്തരവിഷയങ്ങളില്‍ ഇടപെടുന്നുവെന്നും നയതന്ത്രബന്ധങ്ങളില്‍ നിന്ന് പിന്മാറാനുള്ള കാരണമായി ബഹറിന്‍ പറയുന്നു.

തീവ്രവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്ന വിഷയത്തില്‍ വര്‍ഷങ്ങളായി പ്രതിക്കൂട്ടിലാണ് ഖത്തര്‍. സിറിയന്‍ ആഭ്യന്ത യുദ്ധത്തില്‍ ബഷര്‍ അല്‍ അസദിനൊപ്പമുള്ള ഭീകരസംഘങ്ങള്‍ക്ക് പിന്തുണ കൊടുത്തതിന് മുന്‍പ് തന്നെ ഖത്തര്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഖത്തര്‍ പൗരന്മാര്‍ ഭീകരവാദത്തിന് പണം നല്‍കുന്നുവെന്ന് അമേരിക്കയും വ്യക്തമാക്കിയിരുന്നു. ഖത്തര്‍ ഭീകരതയുടെ ധനശ്രോതസാണെന്ന് അമേരിക്കന്‍ മാധ്യമങ്ങളില്‍ കഴിഞ്ഞയാഴ്ച വാര്‍ത്ത വന്നിരുന്നു. മുന്‍ ഹമാസ് മേധാവിയായ ഖാലിദ് മെഷാലിന് ഖത്തര്‍ അഭയം നല്‍കിയിരുന്നതും ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി സ്വീകരിക്കുന്ന ദോഹയില്‍ നിന്ന് പുതിയ നയരേഖ ഹമാസ് മുന്‍ മേധാവി പുറത്തിറക്കിയിരുന്നു. 2013ലാണ് അഫ്ഗാന്‍ താലിബാന്‍ ഖത്തറില്‍ ഓഫീസ് തുറന്നത്. ഐഎസിനെ വകവരുത്താനുള്ള അമേരിക്കന്‍ സഖ്യസേനയുടെ ഭാഗമാണ് ഇപ്പോള്‍ ഖത്തര്‍. മേഖലയില അമേരിക്കന് വ്യോമസേനയെ നിയന്ത്രിക്കുന്ന അല്‍ഉദൈദ് വിമാനത്താവളവും ഖത്തറിലാണ്. 2022ലെ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടക്കുന്നതും ഖത്തറിലാണെന്നതിനാല്‍, ഈ തീരുമാനം ഇരുകൂട്ടരെയും ദോഷകരമായി ബാധിച്ചേക്കും. ധാരാളം മലയാളികള്‍ കുടിയേറിപ്പാര്‍ക്കുന്ന ഖത്തറിലെ പ്രവാസികളെ പുതിയ തീരുമാനം ആശങ്കയിലാക്കിയിട്ടുണ്ട്.

DONT MISS
Top