കേരളത്തിലൂടെ ഒഴുകുന്ന 44 നദികളില്‍ മാലിന്യമില്ലാത്തത് അഞ്ച് നദികളില്‍ മാത്രം; മലിനമായ നദികളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ പെരിയാറും പമ്പയും

കോഴിക്കോട്: സംസ്ഥാനത്തൊഴുകുന്ന 44 നദികളില്‍ താരതമ്യേന മാലിന്യം കുറവുള്ളത് അഞ്ച് നദികളില്‍ മാത്രമെന്ന് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ (സിഡബ്‌ള്യുആര്‍ഡിഎം) റിപ്പോര്‍ട്ട്. മൊഗ്രാല്‍, പാമ്പാര്‍, ചിത്താരി, ഭവാനി, ഷിറിയ എന്നീ നദികളിലാണ് മാലിന്യം കുറവുള്ളത്. അതേസമയം മാലിന്യം കൂടുതലുള്ള നദികളിളുടെ പട്ടികയില്‍ മുന്നിലുള്ളത്  പെരിയാര്‍, പമ്പ, കല്ലായി, കരമന എന്നിവയാണ്.

2009 മുതലാണ് സിഡബ്‌ള്യുആര്‍ഡിഎം നദികളെക്കുറിച്ചുള്ള പഠനം തുടങ്ങിയത്. തുടര്‍ന്ന് ഓരോ വര്‍ഷവും 39 നദികളെപ്പറ്റി റിപ്പോര്‍ട്ട് തയ്യാറാക്കി. മാലിന്യം കുറഞ്ഞ അഞ്ച് നദികളുടെ പഠന റിപ്പോര്‍ട്ട് കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് പുറത്തിറക്കിയത്. നേരത്തെ നടത്തിയ പഠനമനുസരിച്ച് 39 നദികളിലും ഇകോളി അടക്കമുള്ള ബാക്ടീരിയകള്‍, കാര്‍ബണിക രാസവസ്തുക്കള്‍, കീടനാശിനികള്‍ എന്നിവയുടെ അളവ് അനുവദനീയമായ അളവിലും കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു.

പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയപ്പോള്‍

ഈ നദികളിലെല്ലാം ഇകോളി ബാക്ടീരിയയുടെ അളവ് 2500 മുതല്‍ 3000 എംപിഎന്‍ (മോസ്റ്റ് പ്രോബബിള്‍ നമ്പര്‍) ആണ്. 500 എംപിഎന്‍ ആണ് പരമാവധി അനുവദനീയ അളവ്. വെള്ളത്തിന്റെ ഗുണനിലവാരം നിര്‍ണയിക്കുന്നതില്‍ പ്രധാനമായ ഓക്‌സിജന്റെ അളവ് നാല് മില്ലിഗ്രാം/ലിറ്റര്‍ ആണ്. എന്നാല്‍ 39 പുഴകളുടെ ഭൂരിഭാഗ മേഖലയിലും ഓക്‌സിജന്‍ ഈ അളവില്‍ കുറവാണ്. മൊഗ്രാല്‍, പാമ്പാര്‍, ചിത്താരി, ഭവാനി, ഷിറിയ എന്നീ നദികളില്‍ ഇകോളി ബാക്ടീരിയയുടെ അളവ് 500 എംപിഎന്നില്‍ കുറവാണ്. ഓക്‌സിജന്റെ അളവും താരതമ്യേന കൂടുതലാണ്. കീടനാശിനികള്‍, കാര്‍ബണിക വസ്തുക്കള്‍, ഘനലോഹങ്ങള്‍ തുടങ്ങിയവയൊക്കെ ഈ നദികളുടെ ഭൂരിഭാഗമേഖലയിലും കുറവാണ്.

ഷിറിയയില്‍ മൂന്നുവര്‍ഷം മുമ്പ് നടത്തിയ പഠനത്തില്‍ എന്‍ഡോസള്‍ഫാന്റെ അംശം കണ്ടെത്തി. എന്നാല്‍ ഇക്കുറി നടത്തിയ പരിശോധനയില്‍ എന്‍ഡോസള്‍ഫാന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. ഭവാനി പുഴയുടെ ചില ഭാഗങ്ങളില്‍ മാലിന്യത്തോത് കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. വേണ്ട രീതിയില്‍ ശുചീകരണം നടത്താത്ത ഭാഗങ്ങളിലാണിത്.

മാലിന്യം കുറഞ്ഞ അഞ്ച് നദികളും ജനസാന്ദ്രത കുറഞ്ഞ മേഖലയിലൂടെയാണ് ഒഴുകുന്നത്. ജനങ്ങളുടെ ഇടപെടല്‍ കുറവായതിനാലാവാം ഇവിടെ മാലിന്യം കുറയുന്നതെന്ന് സിഡബ്‌ള്യുആര്‍ഡിഎമ്മിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. പി എസ് ഹരികുമാര്‍ പറഞ്ഞു. മൊഗ്രാല്‍, ചിത്താരി, ഷിറിയ എന്നിവ കാസര്‍കോട്ടും ഭവാനി പാലക്കാട്ടും ചിറ്റാര്‍ പത്തനംതിട്ടയിലൂടെയുമാണ് ഒഴുകുന്നത്.

DONT MISS
Top