ഭീമന്‍ സെറ്റുകള്‍, ആയുധങ്ങള്‍,രഥങ്ങള്‍, 365 ദിവസവും സിനിമയുടെ പ്രദര്‍ശനം: രണ്ടാമൂഴത്തിന്റെ ചിത്രീകരണ ശേഷം സിനിമയുടെ സ്മാരകമായി പാര്‍ക്ക് നിര്‍മ്മിക്കുമെന്ന് സംവിധായകന്‍

പ്രതീകാത്മക ചിത്രം

രണ്ടാമൂഴം എന്ന വിഖ്യാത നോവലിന്റെ ദൃശ്യാവിഷ്‌ക്കാരം ഒരുക്കുന്നതില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ലെന്ന് തന്നെയാണ് നിര്‍മ്മാതാവ് ബിആര്‍ ഷെട്ടിയില്‍ നിന്നും, സംവിധായകന്‍ വി എ ശ്രീകുമാറില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളുടെ കാര്യത്തില്‍ പോലും തീരുമാനമായിട്ടില്ലെങ്കിലും, ചിത്രീകരണത്തിന് ശേഷമുള്ള കാര്യങ്ങളെപ്പറ്റി ഇവര്‍ക്ക് നല്ല ധാരണയുണ്ട്.

ആയിരം കോടി ബജറ്റില്‍ ഒരുങ്ങുന്ന മഹാഭാരതത്തിന്റെ സുപ്രധാന ലോക്കേഷനുകളും, ഷൂട്ടിംഗിനായി ഉപയോഗിച്ച വസ്തുക്കളും ഉള്‍പ്പെടുത്തി ഈ ഭീമന്‍ സിനിമയുടെ സ്മാരകം പണിയുമെന്നാണ് സംവിധായകന്‍ ശ്രീകുമാര്‍ റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നത്. ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണിത്. കൂടാതെ മഹാഭാരതം ആദ്യമായി സിനിമയാകുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. അതിനാല്‍ തന്നെ ഇത്തരം ഒരു ചരിത്ര സൃഷ്ടിയുടെ സ്മാരകം നിര്‍മ്മിക്കാന്‍ നിര്‍മ്മാതാവ് പദ്ധതിയിടുന്നുണ്ടെന്നും ശ്രീകുമാര്‍ വെളിപ്പെടുത്തി.

ചിത്രത്തിന്റെ പ്രധാനപ്പെട്ട രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന പ്രദേശങ്ങളടക്കം സിനിമയില്‍ ഉപയോഗിക്കുന്ന രഥങ്ങള്‍, കൊട്ടാരത്തിന്റെ ശേഷിപ്പുകള്‍, ആയുധങ്ങള്‍ തുടങ്ങിയവയെല്ലാം മഹാഭാരതത്തിന്റെ സ്മാരകമായി നിര്‍മ്മിക്കുന്ന പാര്‍ക്കില്‍ പ്രദര്‍ശിപ്പിക്കും. ഇത് കൂടാതെ മഹാഭാരതം സിനിമയും, മേക്കിംഗ് വീഡിയോയും 365 ദിവസങ്ങളിലും പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനാല്‍ തിയേറ്ററില്‍ നിന്നും ചിത്രം പോയ ശേഷവും, മഹാഭാരതം ബിഗ്‌സ്ക്രീനില്‍ കാണാനുള്ള അവസരമുണ്ടാകും. ആയിരം കോടി രൂപ ചിലവഴിച്ച് സിനിമയെടുത്താല്‍ അതിന്റെ മുടക്ക് മുതല്‍ തിരിച്ച് പിടിക്കാനാകുമോ എന്ന സ്വഭാവിക സംശയം നിലനില്‍ക്കുന്ന അവസരത്തിലാണ് ഹോളിവുഡ് മോഡല്‍ പാര്‍ക്ക് എന്ന ആശയത്തിന് മഹാഭാരത ടീം ഒരുങ്ങുന്നത്.

DONT MISS
Top