സൗദിയില്‍ ഈ മാസം 15 മുതല്‍ ഉച്ച വിശ്രമ നിയമം നടപ്പിലാക്കുന്നു; മൂന്ന് മാസക്കാലത്തേക്ക് നിയമം ബാധകമാകും

സൗദിയില്‍ ഈ മാസം 15 മുതല്‍ ഉച്ച വിശ്രമ നിയമം നടപ്പിലാക്കും. മൂന്ന് മാസക്കാലത്തേക്കാണ് നിയമം ബാധകമാവുക. നിയമം നടപ്പിലാക്കുന്ന കാലയളവില്‍ തുറസ്സായ സ്ഥലത്ത് തൊഴിലാളികളെ കൊണ്ട് ജോലിചെയ്യിക്കുന്നവര്ക്ക് പിഴ ഈടാക്കും.

ഉച്ചവെയിലില്‍ തൊഴിലാളികളെകൊണ്ട് തുറസ്സായ സ്ഥലങ്ങളില്‍ ജോലിയെടുക്കുന്നതിന് സൗദിയില്‍ മൂന്ന് മാസക്കാലം വിലക്കേര്‍പ്പെടുത്തി. ഉച്ചക്ക് 12 മണി മുതല്‍ മുതല്‍ വൈകീട്ട് മൂന്ന് മണിവരെയാണ് വിലക്കുള്ളതെന്ന് സൗദി തൊഴില്‍ സാമൂഹൃ ക്ഷേമ മന്ത്രാലയം അറിയിച്ചു.

ഈ മാസം 15 മുതല്‍ വിലക്ക് പ്രാബല്ല്യത്തില്‍ വരും. സെപ്തംബര്‍ 15 വരെയാണ് വിലക്ക് ബാധകമാവുക എന്നും മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പ്‌വരുത്തുക എന്നതാണ് ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത് ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ ആരോഗ്യ വിഷയത്തില്‍ മന്ത്രാലയം എടുക്കുന്ന മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം. കഠിനമായ ചൂടില്‍ ജോലിചെയ്യുന്നവര്‍ തങ്ങളുടെ ജോലി സമയം ക്രമപ്പെടുത്തണമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബ അല്‍ ഖൈല്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. നിയമലംഘകരെ കണ്ടെത്തുന്നതിന് അതാത് ഗവര്‍ണറേറ്റിനുകിഴില്‍ നിരീക്ഷണം ശക്തമാക്കും. നിയമ ലംഘകരുടെ പേരില്‍ ഒരു തൊഴിലാളിക്ക് മുവായിരം റിയാല്‍ എന്ന തോതില്‍ പിഴ ഈടാക്കും. നിയമ ലംഘനം കണ്ടെത്തിയാല്‍ 19911 എന്ന നമ്പറില്‍ അധികൃതരെ വിവരം അറിയിക്കണം. തൊഴില്‍ രംഗത്തെ അപകടങ്ങള്‍ കുറക്കുകയും തൊഴിലാളികള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പുവരുത്താനുമാണ് മന്ത്രാലയം ശ്രമിക്കുന്നത്.

താപ നിലയിലെ വ്യത്യാസം പരിഗണിച്ച് കുറഞ്ഞ താപനിലയുള്ള ചില പ്രവിശ്യകളില്‍ നിയമത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. വിവിധ ഗവര്‍ണറേറ്റുകളുമായി ബന്ധപ്പെട്ട് തൊഴില്‍ സാമൂഹിക മന്ത്രാലയം അതാത് സ്ഥലത്തെ താപനില വിലയിരുത്തി നിരോധിത സമയത്ത് തൊഴിലാളികളെകൊണ്ട് തൊഴിലെടുപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രാലയ വക്താവ് ഖാലിദ് അബ അല്‍ ഖൈല്‍ പറഞ്ഞു.

DONT MISS
Top