ചങ്കു പറിയുന്ന വേദനയോടെ ശ്രാവണ്‍ കൃഷ്ണയുടെ അമ്മ പറയുന്നു, “ഈ പുഞ്ചിരിക്ക് ഞങ്ങളുടെ ജീവന്റെ വിലയുണ്ട്” മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടി നാല് വയസ്സുകാരന്‍

കൊച്ചി: മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വേണ്ടി സുമനസ്സുകളുടെ സഹായം തേടി നാല് വയസ്സുകാരന്‍. വയനാട് ജില്ലയിലെ അമ്പലവയല്‍ സ്വദേശികളായ ഗിരീഷ്- ആശ ദമ്പതികളുടെ ഇളയ മകനായ ശ്രാവണ്‍ കൃഷ്ണയാണ് ജീവിതത്തിലേക്ക് തിരിച്ചുവരാനായി സുമനസ്സുകളുടെ കൈത്താങ്ങിനായി കേഴുന്നത്.

ഒന്നര വര്‍ഷം മുന്‍പാണ് ശ്രവണിന് രക്താര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു ശ്രാവണ്‍. പിന്നീട് നടത്തിയ പരിശോധനയില്‍ മജ്ജയിലേക്ക് ക്യാന്‍സര്‍ ബാധിച്ചുവെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ തിരുവനന്തപുരം ആര്‍സിസിയില്‍ കുട്ടികളുടെ മജ്ജ മാറ്റി വയ്ക്കല്‍ ചികിത്സയ്ക്കുള്ള സംവിധാനമില്ലാത്തതിനാല്‍ ശ്രാവണിനെ എറണാകുളത്തെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃത്യമായ ചികിത്സ പൂര്‍ത്തിയാക്കി മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ സാധിച്ചാല്‍ ശ്രാവണിന് രോഗമുക്തി ലഭിക്കുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ. എന്നാല്‍ ചികിത്സയ്ക്കായി ഭീമമായ തുകയാണ് ആവശ്യമായി വരുന്നത്. ഡോക്ടര്‍മാരില്‍ നിന്നും ലഭിക്കുന്ന വിവരം പ്രകാരം 35 ലക്ഷം മുതല്‍ 55 ലക്ഷം രൂപ വരെയാണ് ചികിത്സ പൂര്‍ത്തീകരിക്കാന്‍ ആകെ വേണ്ടി വരുന്നത്. എന്നാല്‍ ആശാരിപ്പണിക്കാരനായ ഗിരീഷിനും കുടുംബത്തിനും ഈ തുക ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്.

ശ്രാവണിന്റെ ചികിത്സയുടെ ഭാഗമായി ആഴ്ചയില്‍ നടത്തേണ്ട കീമോ തെറാപ്പിക്കു മാത്രം 50,000 രൂപ വീതമാണ് ചെലവാകുന്നത്. മരുന്നിനും മറ്റുള്ള ആശുപത്രി ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ള തുക വേറെ കണ്ടെത്തണം. കീമോ പൂര്‍ത്തിയാക്കാന്‍ വേണ്ടി മാത്രം 15 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണ് ശ്രാവണിനെ ചികിത്സിക്കുന്ന ഡോക്ടറായ നീരജ് സിദ്ധാര്‍ത്ഥ് പറയുന്നത്. ഇതിനു പുറമേ 25 ലക്ഷത്തിലധികം രൂപ വേറെയും. രോഗത്തിന്റെ തീവ്രത അനുസരിച്ച് ഈ തുക കൂടിയേക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

സാമ്പത്തിക സഹായത്തിനായി ഇവര്‍ ഇനി മുട്ടാത്ത വാതിലുകളില്ല, നല്‍കാത്ത അപേക്ഷകളില്ല. എന്നാലും അരക്കോടിയോളം വരുന്ന ഈ തുക സമാഹരിക്കാന്‍ ഇവര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. നാല് വയസ്സ് മാത്രം പ്രായമുള്ള സ്വന്തം മകന്റെ ജീവിതം തുടങ്ങുന്നതിനു മുന്‍പ് വന്നുചേര്‍ന്ന ദുരിതം ഇവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അതിനോടൊപ്പമുള്ള സാമ്പത്തിക പ്രതിസന്ധി ഇവരുടെ ജീവിതത്തിന്റെ താളം തന്നെ തെറ്റിച്ചിരിക്കുന്നു. ശ്രാവണിന്റെ ചികിത്സാ സംബന്ധിയായി ജോലിക്ക് പോകാന്‍ കൂടി ഗിരീക്ഷിന് കഴിയുന്നില്ല. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സഹായത്തിലാണ് ഇപ്പോള്‍ ജീവിതം തള്ളി നീക്കുന്നത്. ശ്രാവണിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള ഒരു സാധ്യതയും ഒഴിവാക്കാന്‍ ഇവര്‍ തയ്യാറല്ല. കാരണം നാല് വയസ്സ് മാത്രം പ്രായമുള്ള ശ്രാവണിന് ആ അച്ഛന്റേയും അമ്മയുടേയും ജീവനോളം തന്നെ വിലയുണ്ട്. അതുകൊണ്ട് എന്ത് ത്യാഗം സഹിച്ചു ചികിത്സ പൂര്‍ത്തിയാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. സഹായം നല്‍കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ അത് എത്ര ചെറിയ തുകയായാലും ഇവര്‍ സ്വീകരിക്കും. കാരണം സുമനസ്സുകള്‍ നല്‍കുന്ന ഓരോ രൂപയ്ക്കും ഇപ്പോള്‍ ശ്രാവണിന്റെ ജീവിതത്തോളം തന്നെ വിലയുണ്ട്. ശ്രാവണെന്ന നാല് വയസ്സുകാരന് ജീവിതത്തിലേക്ക് പിച്ച വയ്ക്കാന്‍, ആ കുഞ്ഞു പുഞ്ചിരി  മാഞ്ഞു പോവാതിരിക്കാന്‍ കൈത്താങ്ങായി സുമനസ്സുകളുടെ കാരുണ്യം എത്തുമെന്നു തന്നെയാണ് ഇവരുടെ പ്രത്യാശ.

സഹായങ്ങള്‍ കൈമാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ അക്കൗണ്ട് നമ്പറിലേക്ക് സഹായങ്ങള്‍ അയക്കാം

Gireeshkumar KK 
Account No 67186095663
IFSC – SBIN0070615
BRANCH – KOLAGAPARA

ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍;

ഗിരീഷ്( ശ്രാവണിന്റെ പിതാവ്)

9946394346,  9447524346

DONT MISS
Top