മോഹന്‍ലാല്‍ ചിത്രം ‘മഹാഭാരത’യ്ക്ക് പൂര്‍ണ പിന്തുണയുമായി യുഎഇ സാംസ്‌കാരിക മന്ത്രി

ഡോ ബിആര്‍ ഷെട്ടി, വിഎ ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ യുഎഇ സാംസ്‌കാരിക മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനോടൊപ്പം

അബുദാബി: ആയിരം കോടിയുടെ ബഡ്ജറ്റില്‍ പ്രവാസി വ്യവസായി ഡോ. ബി ആര്‍ ഷെട്ടി നിര്‍മിക്കുന്ന മോഹന്‍ലാല്‍ ചിത്രം ‘മഹാഭാരത’യ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് യുഎഇ സാംസ്‌കാരിക മന്ത്രി. യുഎഇ ക്യാബിനറ്റ് അംഗവും സാംസ്‌കാരിക- വൈജ്ഞാനിക വികസന മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിലാണ് എന്‍എംസി ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ കൂടിയായ ബിആര്‍ ഷെട്ടിക്ക് ആശംസകളറിയിച്ചത്.

ഇതിഹാസ ചിത്രം യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുങ്ങിയ ഡോ. ഷെട്ടിക്കും സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോനും മന്ത്രി അഭിനന്ദനമറിയിച്ചു. ചിത്രത്തിന്റെ ആദ്യഘട്ടം അബുദാബിയില്‍ ചിത്രീകരിക്കാന്‍ വേണ്ട എല്ലാ സഹായസഹകരണങ്ങളും നല്‍കുന്നതാണെന്നും മന്ത്രി അറിയിച്ചു. ഇന്ത്യയും യുഎഇയും തമ്മില്‍ ദീര്‍ഘകാലമായുള്ള ബന്ധമാണുള്ളത്. ‘മഹാഭാരത’ അത് ശക്തിപ്പെടുത്തുമെന്നും നഹ്യാന്‍ പ്രത്യാശയറിയിച്ചു.

മന്ത്രി നഹ്യാന്‍ പിന്തുണയറിയിച്ചതില്‍ അഭിമാനമുണ്ടെന്ന് ഷെട്ടി അറിയിച്ചു. ഷെട്ടി ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ സംവിധാനം ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്ന് സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. ഇന്ത്യന്‍ പാരമ്പര്യത്തെ ആഗോളകാഴ്ചയിലേക്ക് എത്തിക്കുന്ന സിനിമയ്ക്ക് യുഎഇ നല്‍കിയ പിന്തുണയ്ക്കും മേനോന്‍ നന്ദി അറിയിച്ചു. എംടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവല്‍ രണ്ടാമൂഴം ആധാരമാക്കി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ നിര്‍മിക്കുന്ന ചിത്രം മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരിലായിരിക്കും പുറത്തിറങ്ങുക. മറ്റുഭാഷകളില്‍ മഹാഭാരതം എന്ന പേരിലും.

DONT MISS
Top