സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷിക ആഘോഷത്തിന്റെ സമാപന സമ്മേളനം ഇന്ന്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഫയല്‍ ചിത്രം

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ  ഒന്നാം വാര്‍ഷിക ആഘോഷത്തിന്റെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് 5ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദാഘാടനം ചെയ്യും. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷന്‍ ആകും.  പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ,മീനാക്ഷി ഗുരുക്കള്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെയായിരുന്നു സര്‍ക്കാര്‍ നടപ്പാക്കിയത്. പൂര്‍ത്തിയായ പദ്ധതികളുടെ ഉദ്ഘാടനം, സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം, പുതിയ പദ്ധതികളുടെ തറക്കല്ലിടല്‍, പട്ടയവിതരണം, കരകൌശലമേള, സാംസ്കാരിക കൂട്ടായ്മ, തുടങ്ങിയ വിവിധ പരിപാടികളോടെയാണ് ജില്ലകളില്‍ സര്‍ക്കാര്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചത്.

സമാപനചടങ്ങിന്റെ ഭാഗമായി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സംവിധായകന്‍ രഞ്ജിത്തിന് നല്‍കി പ്രകാശനം ചെയ്യും. എല്‍ഡിഎഫ് പ്രകടനപത്രികയില്‍ മുന്നോട്ടുവച്ചിരുന്ന 35 ഇനപരിപടിയുടെ അവലോകനമാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിലുള്ളത്. ഒരോ വര്‍ഷവും നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ഇതു സംബന്ധിച്ച് പൊതുജനങ്ങളുമായി ചര്‍ച്ച ചെയ്ത് അവരുടെ അഭിപ്രായങ്ങള്‍കൂടി സ്വീകരിച്ച് ഭാവിപരിപാടികള്‍ ആസൂത്രണം നടത്തുകയും ചെയ്യുമെന്ന് പ്രകടനപത്രികയില്‍ത്തന്നെ പറഞ്ഞിരുന്നു. ആ വാഗ്ദാനംകൂടി പാലിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ മുഖക്കുറിപ്പോടെയാണ് റിപ്പോര്‍ട്ട് പുറത്തിറങ്ങുന്നത്.

DONT MISS
Top